ADVERTISEMENT

മസ്‌കത്ത് ∙ അമിതമായി ഫീസ് വർധിപ്പിച്ച സ്കൂൾ മാനേജ്മെന്റിന്റെ നടപടിക്കെതിരെ  സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഭീമഹർജി നൽകി. 50ലധികം രക്ഷിതാക്കളാണ് ഹർജി നൽകിയത്. ഇതു രണ്ടാം തവണയാണ് ഹർജി നൽകുന്നത്. 

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫീസ് വര്‍ധിപ്പിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ വര്‍ഷം രണ്ട് റിയാലാണ് കൂട്ടിയത്. സൂറിലെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന ഫീസ് നല്‍കി കുട്ടികളെ പഠിപ്പിക്കുക ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നേരത്തെയും  രക്ഷിതാക്കള്‍  ഭീമഹര്‍ജി നല്‍കിയത്. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളുമായി ഏപ്രില്‍ 30ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 250ലധികം രക്ഷിതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഫീസിൽ 1 റിയാൽ കുറയ്ക്കാമെന്ന്  മാനേജ്‌മെന്റ്  ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ കൂട്ടിയ ഫീസ് പൂര്‍ണമായും കുറക്കണമെന്ന്  ആവശ്യപ്പെട്ട സാഹചര്യത്തില്‍ രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഫിനാന്‍സ് സബ് കമ്മിറ്റി രൂപകരിക്കാമെന്നും  കമ്മിറ്റിയുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഫീസ് വര്‍ധന പരിഗണിക്കാമെന്നും അതുവരെ ഫീസ് വര്‍ധന ഉണ്ടാകില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസിഡന്റ് സമ്മതിച്ചത് തത്വത്തില്‍ എല്ലാവരും അംഗീകരിക്കുകയും ചെയ്തിരുന്നു.

അക്കാദമിക് വിഷയങ്ങളിലും പുസ്തകങ്ങളുടെ ഗുണനിലവാരം, ഉയര്‍ന്ന വില, ഇപ്പോള്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുമായും സ്‌കൂള്‍ ഗ്രൗണ്ട് പരിപാലനത്തിന്റെ ഉയര്‍ന്ന ചെലവ് സംബന്ധിച്ചുമെല്ലാം രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിരുന്നു. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ബി ഒ ഡി നിര്‍ദേശം അനുസരിച്ച് കൂട്ടിയ ഫീസ് കുറക്കില്ല എന്നൊരു അറിയിപ്പ് മാത്രം നല്‍കി കൊണ്ട് ഏപ്രില്‍ മാസത്തെ ഫീസ് അടക്കാത്തവര്‍ക്ക് പിഴയുള്‍പ്പടെ അടങ്ങിയ ഫീസ് സ്ലിപ്പ് ആണ് മാനേജ്മെന്റ് അയച്ചത്. പുതിയ സര്‍ക്കുലറിലൂടെ തങ്ങളോട് വിശ്വാസ വഞ്ചനയാണ്  സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇതിനെതിരെയാണ് രക്ഷിതാക്കള്‍ വീണ്ടും ഭീമ ഹര്‍ജി നല്‍കുകയും, ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നും ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. 

യോഗങ്ങളില്‍ ഉള്‍പ്പെടെ രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ഒരു വിഷയങ്ങളിലും മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ലഭിക്കാത്ത അവസ്ഥയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് എല്ലാ വിഷയങ്ങളിലും മറുപടി നല്‍കുന്നതും യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. സ്‌കൂള്‍ മാനേജ്‌മെന്റ് മൗനം വെടിഞ്ഞ് രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍ ഇനിയെങ്കിലും പഠിക്കാനും പരിഹരിക്കാനും തയാറാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.

English Summary:

Sur Indian School parents have filed a petition against the school management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com