‘ഒരു നിമിഷം വൈകിയിരുന്നെങ്കിൽ’; ടാക്സി ഡ്രൈവറുടെ സമയോചിത ഇടപെടൽ, വയോധികന്റെ ജീവന് രക്ഷിച്ച ധീരതയ്ക്ക് ആദരം

Mail This Article
അജ്മാൻ∙ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു വയോധികൻ വാഹനത്തിനടിയിൽപ്പെട്ടേനെ. അജ്മാനിലെ ടാക്‌സി ഡ്രൈവർ ഷാ ഒമറിന്റെ സമയോചിതമായ ധൈര്യവും ഇടപെടലുമാണ് ആ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അജ്മാൻ മുഷൈരിഫ് ഏരിയയിലായിരുന്നു സംഭവം. റോഡിലേക്ക് വീണുപോയ വയോധികനെ കണ്ട ഉടൻതന്നെ ടാക്സി നിർത്തി ഷാ ഒമർ ഓടിച്ചെല്ലുകയും മറ്റു വാഹനങ്ങൾക്കിടയിൽപ്പെടാതെ സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹത്തെ രക്ഷിക്കുകയുമായിരുന്നു. ഈ ധീരതയും മനുഷ്യത്വവും പരിഗണിച്ച് അജ്മാൻ പൊലീസ് ജനറൽ കമാൻഡ് ഷാ ഒമറിനെ ആദരിച്ചു.
ഷാ ഒമറിന്റെ സാമൂഹിക ഉത്തരവാദിത്തബോധത്തെയും മനുഷ്യ മൂല്യങ്ങളെയും ട്രാഫിക് എൻജിനീയറിങ് വിഭാഗം തലവൻ ലഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ മത്രൂഷി പ്രശംസിച്ചു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് മാതൃകയാണെന്നും റോഡ് സുരക്ഷയും സാമൂഹിക സംരക്ഷണവും ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അംഗീകാരം നൽകിയത്.
തനിക്ക് ലഭിച്ച ആദരവിൽ നന്ദി അറിയിച്ച ഷാ ഒമർ, തന്റെ പ്രവൃത്തി മനുഷ്യൻ എന്ന നിലയിൽ തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായി പ്രതികരിച്ചു.