സ്വവർഗബന്ധത്തെ ചൊല്ലി തർക്കം; ദുബായിൽ ഒരാൾ കുത്തേറ്റു മരിച്ചു

Mail This Article
ദുബായ് ∙ ജബൽ അലി വ്യവസായ മേഖലയിൽ സ്വവർഗബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ദുബായ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ, പ്രതികളിൽ രണ്ട് പേർ നഗരത്തിലുട നീളം കാറിൽ സഞ്ചരിച്ച് സ്വവർഗ ബന്ധത്തിന് ആളുകളെ അന്വേഷിക്കുകയായിരുന്നു.
ഒടുവിൽ ജബൽ അലി വ്യവസായ മേഖല ഏരിയ 1-ൽ രണ്ട് പുരുഷന്മാരെ സമീപിക്കുകയും കാറിലെത്തിയവരുടെ ആവശ്യം രണ്ടുപേരും നിരാകരിച്ചതോടെയുമാണ് തർക്കം ആരംഭിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയും പ്രതികൾ പിന്തുടർന്നു. ഇതിനിടയിൽ ഒരാൾ തന്റെ സുഹൃത്തിനെ വിളിച്ച് സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരും റസ്റ്ററന്റിന് സമീപമുള്ള മണൽ പ്രദേശത്ത് എത്തിയപ്പോൾ വീണ്ടും വാക്കേറ്റമുണ്ടാവുകയും ഒരാൾ കുത്തേറ്റ് മരിക്കുകയുമായിരുന്നു.
ഇയാളുടെ ദേഹത്ത് ഒന്നിലേറെ തവണ കുത്തേറ്റതായി പൊലീസ് കണ്ടെത്തി. മറ്റൊരാൾക്ക് നെഞ്ചിലും വയറ്റിലും കുത്തേറ്റു ഗുരുതരാവസ്ഥയിലാണ്. പ്രദേശത്തെ റസ്റ്ററന്റ് ഉടമയാണ് ഒരാൾ കൊല്ലപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. ഉടനെ പൊലീസ് പട്രോൾ ടീമും ക്രൈം സീൻ വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ദുബായ് പൊലീസ് ഉടൻ തന്നെ അന്വേഷണ നടപടികൾ ഊർജിതമാക്കി. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതകവും വധശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ നടക്കും.