യുഎഇയിൽ 50 ഡിഗ്രി കടന്ന് താപനില: വാഹനത്തിൽ കുട്ടികളെ തനിച്ചാക്കിയാൽ കടുത്ത ശിക്ഷ; അപകടമുണ്ടായാൽ തടവും 5,000 ദിർഹം പിഴയും

Mail This Article
അബുദാബി ∙ യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് അബുദാബി പൊലീസ്. മുതിർന്നവരുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ നിയമലംഘകർക്കു തടവും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.
ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ സമയത്തെ ശരാശരി താപനില 45-48 ഡിഗ്രിയാണ്. അപൂർവം ചിലയിടങ്ങളിൽ ചില സമയത്ത് 50 ഡിഗ്രിക്കു മുകളിലും കടക്കുന്നു. ശനിയാഴ്ച അൽഐനിലെ സ്വീഹാനിൽ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മേയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂടാണിത്. വെള്ളിയാഴ്ച ഷവാമെഖിൽ 50.4 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു.
പൊരിവെയിലിൽ നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്സിജൻ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങൾക്കകം കുട്ടി മരിക്കുകയും ചെയ്തേക്കുമെന്നും പൊലീസ് അറിയിച്ചു. കുട്ടികൾ അബദ്ധവശാൽ സ്വയം ലോക്ക് ചെയ്യുകയോ ഗിയറിൽ കേടുപാടുകൾ വരുത്തുകയോ ചെയ്തേക്കാം. ഇതു കൂടുതൽ അപകടത്തിനു കാരണമാകും.
മുതിർന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവൻ അപകടത്തിലാകുന്നതു യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. മാതാപിതാക്കൾക്കോ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മുതിർന്നവർക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും. വെയിലത്തു നിർത്തിയിട്ട കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനെക്കാൾ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയത്ത് ഒരു മിനിറ്റ് കുട്ടി വാഹനത്തിൽ അകപ്പെട്ടാൽ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. സ്കൂളിലേക്കുള്ള ബസിൽ ചെറിയ കുട്ടികൾ ഉറങ്ങുന്നത് സ്വാഭാവികമാണ്. എല്ലാവരെയും വിളിച്ചുണർത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.
വിളിക്കാം
കുട്ടികളെ തനിച്ചു വാഹനത്തിൽ കണ്ടെത്തിയാൽ പൊലീസിലോ (999), ആംബുലൻസിലോ (998) ഉടൻ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു.