ഹജ്: നിയമലംഘകരെ പിടികൂടാൻ എഐ ഡ്രോണ്‍

Mail This Article
മക്ക ∙ പെർമിറ്റില്ലാതെ അനധികൃതമായി ഹജ് ചെയ്യാൻ എത്തുന്നവരെ പിടികൂടാൻ എഐ ഡ്രോണുകളെയും വിന്യസിക്കുന്നു. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഘടിപ്പിച്ച നിർമിതബുദ്ധി ഡ്രോണുകൾ നിയമലംഘകരെ കണ്ടെത്തിയാൽ തത്സമയം സുരക്ഷാ വിഭാഗത്തിനു ദൃശ്യം സഹിതം കൈമാറും.
സുരക്ഷാവിഭാഗം എത്തി നിയമലംഘകരെ പിടികൂടുന്നതുവരെ ഇവരുടെ നീക്കങ്ങളും നിരീക്ഷിക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടിയതെന്നു സുരക്ഷാവിഭാഗം അറിയിച്ചു. അതിർത്തി പ്രവേശന കവാടങ്ങളിലും സുരക്ഷാ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഹജ് പെർമിറ്റ് ഉള്ളവരെ മാത്രമേ മക്കയിലേക്കു പ്രവേശിപ്പിക്കൂ. അല്ലാത്തവരെ തിരിച്ചയയ്ക്കും. നിയമാനുസൃതം എത്തുന്നവർക്കു മാത്രമേ ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിൽ പാർപ്പിട, ഗതാഗത സൗകര്യം ലഭിക്കൂ. മറ്റുള്ളവർ കടുത്ത ചൂടിൽ തുറസ്സായ സ്ഥലത്ത് കഴിയേണ്ടിവരും.
നിയമലംഘനം: 20 പേർ അറസ്റ്റിൽ
നിയമം ലംഘിച്ച് 75 പേരെ മക്കയിലേക്കു കടക്കാൻ സഹായിച്ച 12 സൗദി പൗരന്മാരെയും 8 വിദേശികളെയും അറസ്റ്റ് ചെയ്തു. പ്രവേശന കവാടത്തിൽ നടത്തിയ പരിശോധനയിൽ 75 പേർക്കും ഹജ് പെർമിറ്റ് ഉണ്ടായിരുന്നില്ല. നിയമലംഘകർക്ക് ഒരു ലക്ഷം റിയാൽ പിഴയും 10 വർഷത്തേക്കു പ്രവേശന നിരോധനവുമാണു ശിക്ഷ. പെർമിറ്റില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.