ലെബനനിലെ 147 വർഷം പഴക്കമുള്ള സെന്റ് ജോർജ് ആശുപത്രി പുനർനിർമിച്ച് നൽകി ഷാർജ

Mail This Article
ഷാർജ ∙ അതിർത്തികൾ മായ്ച്ചുകളയുന്ന മാനുഷികതയുടെ പുതു ചരിത്രമെഴുതി വീണ്ടും ഷാർജ. 2020ൽ ബെയ്റൂത്ത് തുറമുഖത്തിൽ നടന്ന വൻസ്ഫോടനത്തിൽ നശിച്ച ലെബനനിലെ 147 വർഷം പഴക്കമുള്ള സെന്റ് ജോർജ് ആശുപത്രി ഷാർജ പുനർനിർമിച്ച് നൽകി. സെന്റ് ജോർജ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ എമർജൻസി ആൻഡ് ട്രോമാ (ഇആർടി) യൂണിറ്റ് ഷാർജയിൽ ആസ്ഥാനമുള്ള ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷ(ടിബിഎച്എഫ്)ന്റെ‘സലാം ബെയ്റൂത്ത്’ പദ്ധതിയിലൂടെ ലഭിച്ച 87 ലക്ഷം ദിർഹം (ഏകദേശം 2.3 ദശലക്ഷം ഡോളർ) ധനസഹായം ഉപയോഗിച്ചാണ് പുനർനിർമിച്ചത്.
പുതുതായി തുറന്ന യൂണിറ്റിൽ പ്രതിവർഷം 40,000 കുട്ടികളെ വരെ ചികിൽസിക്കാൻ കഴിയുന്ന പുതിയ പീഡിയാട്രിക് വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, വിപുലമായ ട്രോമാ പരിചരണ സൗകര്യങ്ങൾ, ശേഷി വർധനവ് എന്നിവയുമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. പുനർനിർമിത ആശുപത്രി യൂണിറ്റ് സാങ്കേതികമായും മനുഷ്യസ്നേഹപരമായും വലിയ മുന്നേറ്റമാണെനന് ടിബിഎച്എഫ് അധികൃതർ പറഞ്ഞു. ഈ പദ്ധതി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ടിബിഎച്എഫ് ചെയർപേഴ്‌സൺ ഷെയ്ഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും നേതൃത്വത്തിൽ ലെബനൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശമാണ്.
2020 ഓഗസ്റ്റ് 4ന് നടന്ന സ്ഫോടനത്തിൽ 150 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 3 ലക്ഷം പേർ കുടിയിറക്കപ്പെടുകയുമുണ്ടായി. 1878ൽ സ്ഥാപിതമായ ആശുപത്രിക്ക് തകർച്ചയെ തുടർന്ന് ആദ്യമായി പ്രവർത്തനം നിർത്തേണ്ടിവന്നു. അന്ന് ബെയ്റൂത്ത് മെഡിക്കൽ സംവിധാനത്തിൽ ഏറ്റവും അധികം പ്രശ്നബാധിതമായ സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ ആശുപത്രി. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ താത്കാലിക യൂണിറ്റിലൂടെ പ്രവർത്തനം പുനരാരംഭിച്ചതായി ആശുപത്രിയിലെ എമർജൻസി വിഭാഗം തലവനും ചീഫ് ഓഫ് സ്റ്റാഫുമായ ഡോ. ജോസഫ് വെഹ്ബെ പറഞ്ഞു. ഇന്നത്തെ പുനരുദ്ധാരണവും വിപുലീകരണവും വെറും കെട്ടിട നിർമാണം മാത്രമല്ല, ബെയ്റൂത്ത് ജനതയ്ക്ക് പ്രതീക്ഷയും മാനവികതയും തിരിച്ചുനൽകുന്ന മഹത്വമുള്ള സന്ദേശം കൂടിയാണ്.

2015ൽ ഷെയ്ഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയോടെ സ്ഥാപിതമായ ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടിബിഎച്എഫ്) ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരതയുള്ള വികസനം തുടങ്ങിയ മേഖലകളിൽ 35ൽ കൂടുതൽ രാജ്യങ്ങളിലായി 50 ലക്ഷത്തോളം പേരുടെ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു. ബെയ്റൂത്തിലെ സെന്റ് ജോർജ് ആശുപത്രി പദ്ധതിയിലൂടെ താൽക്കാലിക സഹായം മാത്രമല്ല, ദീർഘകാല ശേഷി വികസനവും സുസ്ഥിരതയും കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്.
പുനർനിർമിച്ച യൂണിറ്റ് അതിർത്തി കടന്നുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ്; ആശുപത്രിയുടെ 147 വർഷത്തെ ജീവൻ രക്ഷാ പാരമ്പര്യം തുടരുമെന്ന ഉറപ്പാണ് ഇതിലൂടെ ടിബിഎച്എഫ് നൽകുന്നത്. അതോടൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയാറെടുപ്പുകൾ ശക്തിപ്പെടുത്തിയതോടെ ടിബിഎച്എഫിന്റെയും സെന്റ് ജോർജ് ആശുപത്രിയുടെയും സംയുക്ത പ്രതിബദ്ധത വീണ്ടും ഉറപ്പാക്കിരിക്കുന്നു.