ഒരു ദിനം മാത്രം പ്രവർത്തിക്കുന്ന ലോകത്തെ ഏക ആശുപത്രി; തീർഥാടകർക്കായി അറഫയിൽ 'ജബൽ അൽ റഹ്മ' ഇന്ന് സജീവമാകും

Mail This Article
അറഫ ∙ തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ലോകത്ത് ഒരു ദിവസം മാത്രം (ഇന്ന്– ദുൽഹജ് 9) പ്രവർത്തിക്കുന്ന ആശുപത്രി അറഫാ മൈതാനിയിൽ ഇന്ന് സജീവമാകും. ഹജ് തീർഥാടകർക്കു വേണ്ടിയാണ് ജബൽ അൽ റഹ്മ എന്നു പേരിട്ട ആശുപത്രി ഒരുക്കിയത്. സങ്കീർണ ശസ്ത്രക്രിയ വരെ നടത്താൻ ശേഷിയുള്ള അത്യാധുനിക ആശുപത്രിയിൽ 77 കിടക്കകളുണ്ട്.
തീവ്രപരിചരണ വിഭാഗത്തിൽ 17 കിടക്കകളും. സൂര്യാഘാതമേൽക്കുന്നവരെ ചികിത്സിക്കാൻ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു. ഇതിനു പുറമെ 100 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയും സജ്ജമാണ്. ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാവിധ ചികിത്സയ്ക്കും സൗകര്യം ഉള്ള ആശുപത്രിയിൽ സൂര്യാഘാത കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ 20 കിടക്കകളുള്ള പ്രത്യേക വിഭാഗമുണ്ട്.
ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ നേരിട്ടെത്തി വിലയിരുത്തി. കൂടാതെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ക്ലിനിക്കുകൾ, ലബോറട്ടറി, റേഡിയോളജി തുടങ്ങിയവും സജ്ജമാണ്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിനു പുറമെ 405 കിടക്കകളുള്ള ഈസ്റ്റ് അറഫ ആശുപത്രിയിലെ സേവനവും ഉപയോഗപ്പെടുത്തും. ആശുപത്രിയിക്കു മുന്നിലുള്ള ബോർഡിൽ അറഫാത്ത് ആശുപത്രി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മലയാള ഭാഷയ്ക്കും കേരളത്തിനുമുള്ള അംഗീകാരമാണ്.