‘എന്റെ പേര് വിളിച്ചപ്പോൾ തളർന്നുപോയി’; പ്രവാസിയുടെ പാതിവഴിയിൽ നിലച്ചുപോയ സ്വപ്നത്തിന് ജീവൻ പകർന്ന് യുഎഇയുടെ സമ്മാനം

Mail This Article
ദുബായ് ∙ പാതിവഴിയിൽ നിലച്ചുപോയൊരു പ്രതീക്ഷയുടെ പൂർത്തീകരണത്തിനായാണ് നേപ്പാൾ സ്വദേശി മുകേഷ് പാസ്വാൻ അഞ്ചു മാസം മുൻപ് ദുബായിൽ എത്തിയത്. ഈ ബലിപെരുന്നാൾ അദ്ദേഹത്തിന്റെ സ്വന്തമായൊരു വീട് എന്ന ആ ജീവിതലക്ഷ്യം വളരെ പെട്ടെന്ന് തന്നെ യാഥാർഥ്യമാക്കാനുള്ള വാതിൽ തുറന്നു.
ജബൽ അലിയിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ യുഎഇ മാനവശേഷി-സ്വദേശിവത്കരണ വകുപ്പ് സംഘടിപ്പിച്ച 'നമ്മുടെ തൊഴിലാളികൾക്കൊപ്പം പെരുന്നാൾ' എന്ന പരിപാടിയിൽ മുകേഷ് പങ്കെടുത്തപ്പോഴാണ് ഭാഗ്യവാതിൽ തെളിഞ്ഞത്. വിലപിടിപ്പുള്ള പുത്തൻ മിത്സുബിഷി കാറാണ് മുകേഷിന് ലഭിച്ചത്.
നറുക്കെടുത്ത് എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ആകെ തളർന്നുപോയെന്ന് മുകേഷ് പറഞ്ഞു. സത്യമാണോ എന്ന് ഉറപ്പിക്കാൻ ഞാനെന്റെ തന്നെ കൈയിൽ നുള്ളി നോക്കി. ഇത് തീർച്ചയായും ജീവിതത്തെ മാറ്റി മറിക്കുന്ന സമ്മാനം തന്നെ. പരിപാടിയിലേയ്ക്ക് വെള്ളിയാഴ്ച തന്നെ എത്തിയ അദ്ദേഹം റാഫിൾ കൂപ്പണിനൊപ്പം ടീഷർട്ടും ക്യാപും ഏറ്റുവാങ്ങിയിരുന്നു. അടുത്ത ദിവസം ആ കൂപ്പൺ അദ്ദേഹത്തെ ജീവിതത്തിലെ വലിയ സമ്മാനത്തിലേക്കാണ് നയിച്ചത്.
∙ സ്വപ്നവീട് ഇനി യാഥാർഥ്യത്തിലേയ്ക്ക്
ഖത്തറിൽ ഏഴ് വർഷം ജോലി ചെയ്ത പരിചയുമായാണ് മുകേഷ് യുഎഇയിലെത്തിയത്. ഇപ്പോൾ ദുബായിൽ അൽ സാഹൽ നിർമാണ കമ്പനിയിൽ സ്റ്റീൽ ഫിക്‌സറായി ജോലി ചെയ്യുന്നു. എന്നാൽ സ്വന്തം വീടെന്ന സ്വപ്നം ഒരിക്കലും കൈവിട്ടിരുന്നില്ല. വീട് പണിയാൻ കുറച്ചു സ്ഥലം സ്വന്തമായുണ്ടായിരുന്നു. പക്ഷേ പണം ഇല്ലാത്തത് സ്വപ്ന സാക്ഷാത്കാരത്തിന് തടസ്സമായി. ഈ കാറിന് കിട്ടുന്ന തുകകൊണ്ട് ആ സ്വപ്നം ഇനി യാഥാർത്ഥ്യമാകും. ഭാര്യയും 14 വയസ്സുള്ള മകളും എട്ടും അഞ്ചും വയസ്സുള്ള രണ്ടു ആൺകുട്ടികളുമടങ്ങുന്നതാണ് മുകേഷിന്റെ ലോകം.
കഴിഞ്ഞ റമസാൻ പെരുന്നാളിലും ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള മുകേഷ് ഇത്തവണ നറുക്കെടുപ്പ് അവസരം നഷ്ടപ്പെടാതെ ഉറപ്പാക്കുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനം നേടിയത് മാത്രമല്ല, ജീവിതം ഇങ്ങനെയും ആഘോഷമാക്കാം എന്ന് സർക്കാർ നടത്തുന്ന പരിപാടിയിൽ മനസ്സിലാക്കിത്തന്നു എന്നും മുകേഷ് പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യത്തെ നറുക്കെടുപ്പിൽ ബംഗ്ലാദേശ് സ്വദേശി റുബൽ അലിക്കായിരുന്നു കാർ സമ്മാനം ലഭിച്ചത്. അദ്ദേഹവും കാറ് വിൽക്കുന്ന തുക വീട് നിർമാണത്തിന് ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
∙ തൊഴിലാളികളുടെ സ്വന്തം പെരുന്നാൾ
പെരുന്നാൾഅവധിക്കാലം ഗൾഫിൽ യഥാർഥത്തിൽ തൊഴിലാളികൾക്കാണ് ഏറെ ഗുണകരമാകുന്നത്. കനത്ത ചൂടിലും കൃത്യസമയത്ത് കഠിനമായി അധ്വാനിക്കുന്ന സ്ത്രീകളടക്കമുള്ള ഇവർക്ക് ലഭിക്കുന്ന സുവർണാവസരമാണ് ഈ ആഘോഷം. രാജ്യത്താകമാനം 10 പ്രദേശങ്ങളിൽ ഇതുപോലെ പ്രത്യേക പരിപാടി അരങ്ങേറി. ജീവിത സമ്മർദങ്ങൾക്കിടയിൽ സംഗീതവും നൃത്തവും നിറഞ്ഞ രാവുകൾ തൊഴിലാളികളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാകുന്നു.