ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് നിരക്കിൽ ഇളവ്; പ്രവാസികൾക്ക് നേട്ടം

Mail This Article
ദുബായ്∙ വേനൽക്കാല അവധി അടുത്തിരിക്കുന്നതിനാൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്കേറിയ സീസൺ പ്രമാണിച്ച് പാർക്കിങ് നിരക്കുകൾ കുറച്ചു. ഇന്ന് (ജൂൺ 10) മുതൽ 30 വരെ ടെർമിനൽ 1 (കാർ പാർക്കിങ് ബി), ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
മൂന്ന് ദിവസത്തേക്ക് പാർക്ക് ചെയ്യുന്നതിന് 100 ദിർഹമാണ് നിരക്ക്. 7 ദിവസത്തേക്ക് 200 ദിർഹം, 14 ദിവസത്തേക്ക് (രണ്ടാഴ്ച) 300 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഇത് സാധാരണ നിരക്കുകളേക്കാൾ വളരെ കുറവാണ്.
കഴിഞ്ഞ വർഷവും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് എളുപ്പത്തിൽ സ്ഥലം തിരിച്ചറിയാൻ സാധിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പാർക്കിങ് സംവിധാനം നടപ്പാക്കിയിരുന്നു. ഫ്ലൈദുബായ് ടെർമിനൽ രണ്ടിൽ യാത്ര ചെയ്യുന്നവർക്ക് പാർക്കിങ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
∙യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ
2025ലെ ആദ്യ പാദത്തിൽ മാത്രം 23.4 ദശലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 1.5 ശതമാനം വർധനയാണ്. ജനുവരി മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ യാത്രക്കാർ - 85 ലക്ഷം. 30 ലക്ഷം യാത്രക്കാരുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൗദി അറേബ്യ (19 ലക്ഷം), യുകെ (15 ലക്ഷം), പാക്കിസ്ഥാൻ (10 ലക്ഷം), യുഎസ് (8,04,000), ജർമനി (738,000) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് മുംബൈയിലേക്കാണ് - 6,15,000. തുടർന്ന് ന്യൂഡൽഹി - 5,64,000 എന്നിങ്ങനെയാണ് കണക്കുകൾ.
ദുബായ് വിമാനത്താവളത്തിലെ സ്ഥിരം പാർക്കിങ് നിരക്കുകൾ ടെർമിനൽ 1 (കാർ പാർക്കിങ് എ): 5 മിനിറ്റിന് - 5 ദിർഹം, അര മണിക്കൂറിന് 30 ദിർഹം മുതൽ ഒരു ദിവസത്തേക്ക് 125 ദിർഹം വരെയാണ്. ഓരോ അധിക ദിവസത്തിനും 100 ദിർഹം നൽകണം.
കാർ പാർക്കിങ് ബി: ഒരു മണിക്കൂറിന് 25 ദിർഹം മുതൽ ഒരു ദിവസത്തേക്ക് 85 ദിർഹം വരെയാണ്. ഓരോ അധിക ദിവസത്തിനും 75 ദിർഹം നൽകണം.
ടെർമിനൽ രണ്ടിലെ കാർ പാർക്കിങ് എ: ഒരു മണിക്കൂറിന് 30 ദിർഹം മുതൽ ഒരു ദിവസത്തേക്ക് 125 ദിർഹം വരെയാണ്. ഓരോ അധിക ദിവസത്തിനും 100 ദിർഹം നൽകണം.
കാർ പാർക്കിങ് ബി: ഒരു മണിക്കൂറിന് 15 ദിർഹം, 2 മണിക്കൂറിന് 20, മൂന്ന് മണിക്കൂറിന് 25, 4 മണിക്കൂറിന് 30 ദിർഹം, ഒരു ദിവസത്തേക്ക് 70 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഓരോ അധിക ദിവസത്തിനും 50 ദിർഹം നൽകണം.
ടെർമിനൽ 3: 5 മിനിറ്റിന് 5 ദിർഹം മുതൽ 1 ദിവസത്തേക്ക് 125 ദിർഹം വരെയാണ്. ഓരോ അധിക ദിവസത്തിനും 100 ദിർഹം നൽകണം.