'മൂന്ന് മാസത്തിനുള്ളിൽ ദുബായിൽ ജോലി, ലാൻഡ് ചെയ്താലുടൻ കൂട്ടിക്കൊണ്ടുപോകാൻ കമ്പനി പ്രതിനിധി': തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട് മലയാളി യുവാക്കൾ

Mail This Article
ദുബായ് ∙ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം. സമൂഹമാധ്യമം വഴി നടത്തിയ വീസത്തട്ടിപ്പിൽ ഇരകളായത് മലയാളികൾ. വിദേശത്ത് ജോലി തേടി സ്ഥാപനത്തിന്റെ ചതിയിൽ വീണ് ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടമായത്. പണം നൽകി മാസങ്ങൾക്ക് ശേഷം വ്യാജ വർക്ക്പെർമിറ്റും എംബസി അപ്പോയിന്റ്മെന്റുകളുമാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ചത്.
പരസ്യം കണ്ടാണ് പാലക്കാട് സ്വദേശിയായ ദീപക് ചെക് റിപ്പബ്ലിക്കിലേക്ക് വർക്ക് വീസയ്ക്കായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിനാക്ക് മൈഗ്രേഷൻസ് എന്ന റിക്രൂട്ടിങ് ഏജൻസിയെ സമീപിച്ചത്. ദുബായിലുള്ള സുഹൃത്തുക്കൾ വഴി കമ്പനിയെക്കുറിച്ച് അന്വേഷണവും നടത്തി. ഇങ്ങനെ ഒരു സ്ഥാപനവും അതിന്റെ ഓഫിസും അവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരം.
2024 ഏപ്രിലിലാണ് ദീപക് തട്ടിപ്പിനിരയായത്. 90 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റും 120 ദിവസത്തിനുള്ളിൽ എംബസി അപ്പോയിന്റമെന്റും മറ്റ് അനുബന്ധ കാര്യങ്ങളും ഒപ്പം രണ്ട് മാസത്തിനുള്ളിൽ വിദേശത്ത് എത്താനും കഴിയുമെന്നുമായിരുന്നു വാഗ്ദാനം. വിദേശത്ത് എത്തിയാലുടൻ എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് പോകാൻ കമ്പനിയുടെ പ്രതിനിധി എത്തുമെന്നതുൾപ്പെടെയായിരുന്നു വാഗ്ദാനം.

പണം നൽകി ഏകദേശം ആറ് മാസത്തിന് ശേഷമാണ് ദീപക്കിന് വർക്ക് പെർമിറ്റ് ലഭിച്ചത്. പിന്നീട് എംബസി അപ്പോയിന്റമെന്റിനായി ഏജന്റിന് 25,000 രൂപ നൽകണമെന്ന് പറയുകയും കമ്പനി നൽകിയ നിർദേശ പ്രകാരം തൃശൂരിലുള്ള സ്മൃതി വിനോദ് എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുകയും ചെയ്തു. 2024 നവംബറിൽ എംബസി അപ്പോയിന്റമെന്റ് തീയതി ലഭിച്ചു. ട്രാവൽ ഇൻഷുറൻസും എടുത്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി കമ്പനിയുടെ പ്രതിനിധിയായ സൗമ്യ ഡോൺ ബോസ്കോയെ ബന്ധപ്പെട്ടു. ഇപ്പോൾ ലഭിച്ചിരിക്കുന്ന എംബസി അപ്പോയിന്റമെന്റ് വ്യാജമാണെന്നും എംബസിയിലേക്ക് പോകേണ്ടതില്ലെന്നും സൗമ്യ പറഞ്ഞതോടെയാണ് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് കേരളത്തിൽ ലൈസൻസ് ഇല്ലെന്നും ഇവർ നൽകിയ വർക്ക് പെർമിറ്റ് വ്യാജമാണെന്നും അറിയുന്നത്. ആകെ 2,26,000 രൂപയാണ് ദീപക്കിന് നഷ്ടമായത്. ദീപക്കിനൊപ്പം കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 5 പേരും ഇവരുടെ തട്ടിപ്പിനിരയായി. ഇതിൽ രണ്ടു പേരുടെ കയ്യിൽ നിന്നും 3 ലക്ഷത്തോളം രൂപയാണ് കമ്പനി തട്ടിയെടുത്തത്.
എംബസി അപ്പോയിന്റമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് തൃശൂർ കുന്നംകുളത്തെ എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അജിത്തുമായി ബന്ധപെടണമെന്നാണ് സൗമ്യ ദീപകിനോട് പറഞ്ഞത്. എംബസി അപ്പോയിന്റമെന്റിൽ നഷ്ടമായ പണം അജിത്ത് സ്വന്തം അക്കൗണ്ടിൽ നിന്നും മൂന്ന് പ്രാവശ്യമായി തിരികെ അയച്ചിരുന്നു. കമ്പനി അക്കൗണ്ടിൽ നിന്നും വരേണ്ട പണം ഒരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് വന്നത് സംശയം ഇരട്ടിപ്പിച്ചു.
വർക്ക് പെർമിറ്റ് ഇഷ്യു ആയിട്ടുണ്ടെന്ന് ആദ്യം ഇ-മെയിൽ സന്ദേശമെത്തി. ഇതിന്റെ കുറിയർ ഫീസായി പലരുടെ കയ്യിൽ നിന്നും 13,500 രൂപയും വാങ്ങി. കുന്നംകുളത്തെ എക്സ്ചേഞ്ച് വഴിയാണ് പണം അടച്ചത്. തന്റെ കയ്യിൽ നിന്നും ഈ തുക വാങ്ങിയിട്ടില്ലെന്ന് ദീപക് പറഞ്ഞു. പണം അടച്ചതിന്റെ ട്രാൻസ്ഫർ കോപ്പിയും വ്യാജമായിരുന്നു. അതിലും ഇടനിലക്കാരനായത് അജിത്ത് തന്നെയാണ്.
പറ്റിക്കെപ്പെട്ടെന്നറിഞ്ഞപ്പോൾ എക്സ്ചേഞ്ചിന്റെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. അജിത്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നാണ് പിന്നീട് അറിഞ്ഞത്. വർക്ക് പെർമിറ്റ് വന്ന കുറിയറിന്റെ ട്രാക്ക് ഐഡി പരിശോധിച്ചപ്പോൾ ഗുരുവായൂരിൽ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും കൊറിയർ ചെയ്തത് അജിത്താണെന്നും കണ്ടെത്തി.

തട്ടിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എസ്പിക്കും ലോക്കൽ പൊലീസിനും പരാതി നൽകിയെങ്കിലും ഇവർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. തട്ടിപ്പ് സംഘം വിദേശത്തായതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ പ്രൊവിഷൻ ഇല്ലെന്നും വേണമെങ്കിൽ സിഎംപി (ക്രിമിനൽ മിസലേനിയസ് പെറ്റീഷൻ) നൽകാനുമാണ് പൊലീസിന്റെ നിർദേശം. തന്റെ അറിവിൽ തന്നെ 40 ഓളം ആളുകളാണ് ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ദീപക് പറയുന്നു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആണെങ്കിലും തട്ടിപ്പിന് പിന്നിൽ മലയാളികളാണ്. ഉദ്യോഗാർഥികളെ ഫോണിലൂടെ ബന്ധപ്പെട്ടവരെല്ലാം മലയാളികളായിരുന്നു. സ്ലോവാക്യ, ക്രൊയേഷ്യേ എന്നിവിടങ്ങളിലേക്ക് വ്യാജ വർക്ക് പെർമിറ്റ് നൽകും. സാധാരണയായി അതത് രാജ്യത്തെ സർക്കാരുകൾക്ക് മാത്രമാണ് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള അധികാരം. അതേസമയം തട്ടിപ്പ് നടത്തിയ കമ്പനി ചെയ്തത് ഗൾഫിലിരുന്നുകൊണ്ട് ഇന്ത്യയിലെ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുകയായിരുന്നു.
തട്ടിപ്പിനിരയായ പല വിദ്യാർഥികളും കേസുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചെന്നും ചില പരിമിതികൾ കാരണം ഏഴു പേരുടെ കേസാണ് താൻ വാദിക്കുന്നതെന്ന് അഡ്വ. സുധീഷ് ശിവരാമൻ പറയുന്നു. ഓരോരുത്തരുടെ പക്കൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വീതമാണ് കമ്പനി തട്ടിയെടുത്തത്. മൂന്ന് മാസത്തിനുള്ളിൽ വിദേശത്ത് എത്തിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. പക്ഷേ ഒന്നരവർഷത്തിന് ശേഷവും മേൽനടപടികൾ ഒന്നും ഉണ്ടായില്ല.
പൊലീസ് കേസെടുക്കാത്ത സാഹചര്യങ്ങളിൽ സിഎംപി (ക്രിമിനൽ മിസലേനിയസ് പെറ്റീഷൻ) വഴി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ സാധിക്കും. പക്ഷേ ഈ കേസിൽ തട്ടിപ്പ് നടത്തിയ ആരും കേരളത്തിലില്ല. വ്യക്തമായ ജൂറിസ്ഡിക്ഷനില്ലാതെ (അധികാരപരിധി) സിഎംപി ഫയൽ ചെയ്യാൻ സാധിക്കില്ല. തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് അറിയാമെങ്കിലും, അവർക്കെതിരെ നോട്ടിസ് അയയ്ക്കാനും സാധിക്കില്ല. ബിഎൻഎസ് പ്രകാരം നോട്ടിസ് പോയാൽ മാത്രമെ സിഎംപി കോടതി അനുവദിക്കൂ. തട്ടിപ്പ് നടത്തിയ അജിത്ത് നിലവിൽ വിദേശത്താണ് എന്ന് അഡ്വ. സുധീഷ് പറയുന്നു.
ഇന്ത്യയിൽ റജിസ്ട്രേഷൻ ഉള്ള കമ്പനിക്ക് മാത്രമേ ആളുകളിൽ നിന്ന് പണം വാങ്ങി വിദേശത്ത് റിക്രൂട്ട്മെന്റ് നടത്താൻ സാധിക്കൂ എന്നാണ് നിയമം. തട്ടിപ്പ് നടത്തുന്ന സംഘം ഉദ്യോഗാർഥികളെ ഫോൺ വിളിക്കുന്നത് ദുബായിൽ നിന്നാണ്. കൂടാതെ കമ്പനി അവരുടെ പരസ്യം ചെയ്യുന്നതും ദുബായിൽ നിന്നാണ്. ഇന്ത്യയിൽ ലൈസൻസോ റജിസ്ട്രേഷനോ ഉള്ള കമ്പനികൾക്ക് മാത്രമെ ഇവിടുത്തെ ഉദ്യോഗാർഥികളിൽ നിന്നും പണം വാങ്ങാൻ സാധിക്കൂ. എല്ലാ വർഷവും ഈ ലൈസൻസ് പുതുക്കുകയും ചെയ്യണം. തന്റെ ക്ലൈന്റുകളിൽ നിന്നു തന്നെ 22 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരിക്കുന്നതെന്ന് അഡ്വ. സുധീഷ് പറയുന്നു.