ലോകത്തിലെ ഏറ്റവും ശക്തമായ പൊലീസ് ബ്രാൻഡായി ദുബായ് പൊലീസ്

Mail This Article
ദുബായ്∙ ലോകത്തിലെ ഏറ്റവും ശക്തവും മൂല്യവുമുള്ള പൊലീസ് ബ്രാൻഡായി ദുബായ് പൊലീസിനെ തിരഞ്ഞെടുത്തു. ആഗോള ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് ആണ് ഈ അംഗീകാരം നൽകിയത്. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ പ്രശസ്തമായ പൊലീസ് ബ്രാൻഡുകളെ പിന്തള്ളിയാണ് ദുബായ് പൊലീസ് ഈ നേട്ടം സ്വന്തമാക്കിയത്.
ബ്രാൻഡ് ഫിനാൻസിന്റെ 2025 ലെ റിപ്പോർട്ടിൽ ദുബായ് പൊലീസ് ബ്രാൻഡിന്റെ മൂല്യം ലോകത്തിലെ മറ്റ് എല്ലാ പൊലീസ് സ്ഥാപനങ്ങളേക്കാളും ഉയർന്നതാണെന്ന് വ്യക്തമാക്കുന്നു. വിശ്വാസ്യത, നവീനത, സാങ്കേതിക മുന്നേറ്റം, സേവനങ്ങളുടെ ഗുണനിലവാരം, പൊതുജന സഹകരണം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണ്ണയിച്ചത്. ദുബായ് പൊലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ, സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ, ഡിജിറ്റൽ കുറ്റാന്വേഷണ സംവിധാനങ്ങൾ, വനിതാ സുരക്ഷാ പദ്ധതികൾ എന്നിവ ആഗോളതലത്തിൽ ശ്രദ്ധ നേടിയതാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരുമായി അടുത്ത ബന്ധം പുലർത്തുന്നതിനുള്ള സാമൂഹിക സൗഹൃദ പരിപാടികളും മികച്ച സമൂഹമാധ്യമ സാന്നിധ്യവും ദുബായ് പൊലീസിന്റെ രാജ്യാന്തര അംഗീകാരം ഉറപ്പാക്കി.
ഈ നേട്ടം യുഎഇയുടെ പൊതുജന സുരക്ഷാ രംഗത്തെ സമഗ്രത, ദീർഘകാല നയങ്ങൾ, ശക്തമായ നേതൃത്വം എന്നിവയുടെ ഫലമാണെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിശ്വാസം, ഉദ്യോഗസ്ഥരുടെ നിഷ്ഠ, സാങ്കേതിക ശാക്തീകരണം എന്നിവയെല്ലാം ഒത്തുചേർന്നപ്പോഴാണ് ഈ നേട്ടം സാധ്യമായതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.