ADVERTISEMENT

ദുബായ്∙ എമിറേറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ- ദുബായ്)  പെരുന്നാളാഘോഷം സംഘടിപ്പിച്ചു. കാറുകൾ, സ്വർണ ബാറുകൾ, റിട്ടേൺ വിമാന ടിക്കറ്റുകൾ, 500 ദിർഹമിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ ഏകദേശം അഞ്ച് ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ദ്വിദിന ആഘോഷത്തിൽ 42,000ലേറെ പേർ പങ്കെടുത്തു.

 "നമുക്കൊരുമിച്ച് പെരുന്നാളാഘോഷിക്കാം" എന്ന പേരിൽ അൽഖൂസിൽ നടന്ന പരിപാടിയിൽ ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എമിറേറ്റ്സിന്റെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഒമർ മത്താർ അൽ മുസൈന എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും  പങ്കെടുത്തു. സംഗീതം, നൃത്തം, കൈനിറയെ സമ്മാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ കോർത്തിണക്കി സംഘടിപ്പിച്ച ഈ പരിപാടി രാജ്യത്തെ പ്രവാസി തൊഴിലാളികളോടുള്ള യുഎഇയുടെ കരുതലിന്റെയും സഹകരണത്തിന്റെയും വേദിയായി മാറി.

ദുബായ് ജി ഡി ആർ എഫ് എ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബലിപെരുന്നാൾ ആഘോഷത്തിന് എത്തിയ ഉന്നത ഉദ്യോഗസ്ഥർ.
ദുബായ് ജി ഡി ആർ എഫ് എ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബലിപെരുന്നാൾ ആഘോഷത്തിന് എത്തിയ ഉന്നത ഉദ്യോഗസ്ഥർ.

പരിപാടിയുടെ വിജയത്തിനായി മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ), ദുബായ് മുനിസിപാലിറ്റി, സിവിൽ ഡിഫൻസ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചു. ഒപ്പം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ബൈത്ത് അൽ ഖൈർ സൊസൈറ്റി, മായ് ദുബായ്, വീ വൺ, നബാദത്ത് അൽ എമിറേറ്റ്സ് വൊളന്റിയർ ടീം തുടങ്ങിയ സന്നദ്ധ സംഘടനകളും പരിപാടിക്ക് പിന്തുണ നൽകി. ബലിപെരുന്നാൾ ദിവസം രാവിലെ തൊഴിലാളികൾക്കായി പെരുന്നാൾ നമസ്കാരവും ഡയറക്ടറേറ്റ് സംഘടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com