ADVERTISEMENT

ദോഹ ∙ സ്കൂൾ, വേനൽ അവധിക്കാല യാത്രകൾക്ക് തയാറെടുക്കുന്നതിന് മുൻപ് ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്താൻ മറക്കേണ്ട. അവധിക്കാലം ആഘോഷത്തിന്റെ സമയമാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ  സ്വീകരിച്ച് വേണം യാത്രയെന്ന് ആരോഗ്യ വിദഗ്ധർ. 

ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾക്ക് ജൂലൈ, ഓഗസ്റ്റ് മധ്യവേനൽ അവധിക്കാലമാണ്. യാത്രകൾക്കുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ് പ്രവാസി കുടുംബങ്ങൾ എന്നതിനാലാണ് യാത്രയ്ക്ക് മുൻപ് ആരോഗ്യ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന നിർദേശം. 

ആരോഗ്യ മുൻകരുതൽ സ്വീകരിക്കുന്നതിലൂടെ അവധിക്കാല യാത്ര സുരക്ഷിതവും ആസ്വാദ്യകരവുമാക്കാം. കൃത്യമായ ആരോഗ്യ മുൻകരുതലുകൾ അടിയന്തര ആരോഗ്യ സാഹചര്യങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി വകുപ്പ് റഡിഡന്റ് ഫിസിഷ്യൻ ഡോ. ഐഷ അൽ സദ നിർദേശിച്ചു.

യാത്രയ്ക്ക് തയാറെടുക്കുമ്പോൾ വ്യക്തിഗത ആരോഗ്യം പ്രത്യേകിച്ചും, ദിവസേന മരുന്ന് കഴിക്കുന്നവരുടെ കാര്യത്തിൽ പ്രധാനമാണെന്ന് ഡോ. ഐഷ ചൂണ്ടിക്കാട്ടി. കുട്ടികളുമായാണ് യാത്രയെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. ചില രാജ്യങ്ങളിൽ മലേറിയയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് പീഡിയാട്രിക് എമർജൻസി സെന്റർ ഡയറക്ടർ ഡോ. മുഹമ്മദ് അൽ അമ്രി ഓർമപ്പെടുത്തി. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ യാത്ര പുറപ്പെടുന്ന തീയതിക്ക് നിശ്ചിത ദിവസം മുൻപേ തന്നെ ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. സന്ദർശിക്കുന്ന രാജ്യത്ത് ഏതെങ്കിലും പകർച്ചവ്യാധികളുടെ വ്യാപനം ഉണ്ടോയെന്നതും അറിഞ്ഞിരിക്കണം. 
∙ ദിവസേന  മരുന്ന് കഴിക്കുന്നവർ യാത്ര അവസാനിക്കുന്ന ദിവസം വരെയുള്ള മരുന്നുകൾ കൃത്യമായി കൈവശം കരുതണം.
∙ ഒട്ടുമിക്ക രാജ്യങ്ങളിലും ആരോഗ്യ ഇൻഷുറൻസ് അനിവാര്യമായതിനാൽ അതാത് രാജ്യങ്ങളിൽ അംഗീകൃതമായ ഇൻഷുറൻസും എടുക്കണം. 

∙ ഗൾഫ് പോലെ ഉയർന്ന താപനിലയുള്ള രാജ്യങ്ങളിലേക്കാണ് പോകുന്നതെങ്കിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ദീർഘനേരം കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. 
∙ കുട്ടികളുമായാണ് യാത്രയെങ്കിൽ ഭക്ഷണം, വെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജാഗ്രത വേണം. മിനറൽ വാട്ടർ കുടിക്കുന്നതാണ് ഉചിതം. സ്ട്രീറ്റ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ഭക്ഷണങ്ങൾ ഭക്ഷവിഷബാധയ്ക്ക് കാരണമാകും. ശുചിത്വമുള്ളിടത്തു നിന്നു മാത്രമേ ഭക്ഷണവും വെള്ളവും കഴിക്കാവൂ. 

English Summary:

Prioritize your well-being with essential health precautions and travel tips to ensure a worry-free vacation, Health Experts said.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com