കെനിയയിലെ ബസ് അപകടം: മരിച്ച ആറുപേരിൽ അഞ്ചും മലയാളികൾ

Mail This Article
നെയ്‌റോബി∙ ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ അഞ്ചും മലയാളികൾ. പാലക്കാട് മണ്ണൂർ സ്വദേശി റിയ (41) മകൾ ടൈറ (7) തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്‌ന കുട്ടിക്കാട്ടുചാലിൽ , മകൾ റൂഹി മെഹ്റിൻ , തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികൾ. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സംഘത്തിൽ മലയാളികൾക്ക് പുറമെ കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കുന്നതിനായി കെനിയയിലേക്ക് പോയതായിരുന്നു സംഘം. ഇന്നലെ വൈകുന്നേരമാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ച ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫക്കയ്ക്കും പരുക്കേറ്റു.

ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബസിലുണ്ടായിരുന്ന എല്ലാവർക്കും പരുക്കുണ്ട്.