‘അഡ്ജസ്റ്റ് ചെയ്യാനാകുമോ?’; കരാമയിലെ കണ്ണീർ, മലയാളി യുവതികളുടെ പൊള്ളുന്ന അനുഭവങ്ങൾ

Mail This Article
ദുബായ് ∙ കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവാക്കളെ പോലെ ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് യുവതികളും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി ഒറ്റയ്ക്കും കൂട്ടായും എത്തുന്നത് സർവ്വസാധാരണമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലെ ഗ്രാമത്തിൽ പോലും വർധിക്കുകയും ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുകയും ചെയ്തതോടെ നാട്ടിൽ ജോലി സാധ്യത കുറവായതിനാൽ മിക്കവരും വിദേശരാജ്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീ സുരക്ഷയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്കാണ് ചേക്കാറാനാഗ്രഹിക്കുന്നത്.
യുഎഇയാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. നേരത്തെ, വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദാമ്പത്യ ജീവിതം തുടങ്ങാൻ വന്ന് ഇവിടെ ജോലിയിൽ പ്രവേശിക്കുന്ന സ്ത്രീകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് ജോലി കണ്ടെത്താൻ ലക്ഷ്യമിട്ട് വരുന്നവരാണ് ഏറെയും. ഇവരിൽ ഒട്ടേറെ പേർ പിന്നീട്, ഇവിടെ നിന്നുതന്നെ വരനെ കണ്ടെത്തി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം യുവതികളിൽ ഭൂരിഭാഗവും സന്ദർശക വീസയിൽ യുഎഇയിലെത്തി ജോലി അന്വേഷിക്കുന്നവരാണ്.
പലരുടെയും ബന്ധുക്കൾ ഇവിടെ ജീവിക്കുമ്പോഴും അവരെ ബുദ്ധിമുട്ടിക്കാതെ നാട്ടിൽ ജോലി ചെയ്ത് നേടിയതോ, പോക്കറ്റ് മണിയോ അതുമല്ലെങ്കിൽ സ്വന്തം വീട്ടിൽ നിന്നോ കടംവാങ്ങിയോ കൊണ്ടുവന്ന പണം ഉപയോഗിച്ച് താമസത്തിന് ബെഡ് സ്പേസുകൾ വാടകയ്ക്ക് എടുത്ത് സ്വയം ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നത്. യുഎഇയിൽ പൊതു ഗതാഗതം ശക്തമായതിനാൽ യാത്രാ ചെലവിനും ചുരുക്കം പണം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഭൂരിഭാഗവും ആദ്യം തിരഞ്ഞെടുക്കുന്ന നഗരം ദുബായ് ആയതിനാൽ ഇത്തരക്കാർക്ക് ദുബായ് മെട്രോ നൽകുന്ന സേവനം ചെറുതല്ല.
പഠനം പൂർത്തിയാക്കിയിറങ്ങുന്നവരും നാട്ടിൽ ഒന്നോ രണ്ടോ വർഷം ജോലി ചെയ്ത ശേഷം വിമാനം കയറിയെത്തുന്നവരുമായ യുവതികൾക്ക് എത്രമാത്രം ജോലി സാധ്യതകളാണ് ഇവിടെയുള്ളത്, അവർ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ യുഎഇയിലെ പ്രമുഖ അഭിഭാഷകയും സോഷ്യൽ ആക്ടിവിസ്റ്റുമായ പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

∙ അഡ്ജസ്റ്റ് ചെയ്യാനാകുമോ ജോലി തരാം, പലർക്കും പൊള്ളുന്ന അനുഭവങ്ങൾ
സ്ത്രീകൾക്കെതിരെയുള്ള ഏറ്റവും ചെറിയ കുറ്റകൃത്യത്തിന് പോലും യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിൽ ശിക്ഷ കടുത്തതാണ്. അത്രമാത്രം സ്ത്രീകൾക്ക് പരിഗണനയും സംരംക്ഷണവും നൽകി ചേർത്തുപിടിക്കുന്ന രാജ്യമാണിത്. എന്നാൽ, ജോലി തേടിയെത്തുന്ന സ്ഥലത്ത് ഇന്റർവ്യൂകളിൽ പങ്കെടുക്കുമ്പോഴും ജോലി നൽകിക്കഴിഞ്ഞാലും പലരും മാനസികവും ശാരീരികവുമായ പീഡനങ്ങളനുഭവിക്കാറുണ്ട്.
ഇന്റർവ്യൂ സമയത്ത് 'അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എങ്കിൽ ജോലി തരാം എന്ന് പറയുന്ന കമ്പനി അധികൃതരും ഒട്ടേറെ. സന്ദർശക വീസയിലായതിനാൽ ആരും നിയമനടപടി സ്വീകരിക്കില്ലെന്ന വിശ്വാസമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇത്തരക്കാർക്ക് യുഎഇ നിയമം അനുശാസിക്കുന്ന ശിക്ഷകൾ വിശദീകരിക്കുന്നതിന് മുൻപ് ചില പെൺകുട്ടികൾ പങ്കുവച്ച അനുഭവം ഇവിടെ പറയാം.

∙ ജോലി തരാം, പക്ഷേ എനിക്ക് എന്തു ലാഭം?
അടുത്തിടെ ഒരു യുവതിയെ ദുബായിൽ പരിചയപ്പെട്ടു. മെഡിക്കൽ പ്രഫഷനലായ യുഎഇയിൽ എത്തിയിട്ട് മാസങ്ങളായി. ഒരു പ്രാവശ്യം സന്ദർശക വീസ പുതുക്കി. ഇന്റർവ്യൂവുകളിൽ പങ്കെടുക്കുന്നുണ്ട്. അഭിമുഖങ്ങളിൽ നന്നായി പെർഫോം ചെയ്യുന്നുമുണ്ട്. പക്ഷേ അവസാന ഘട്ടത്തിൽ കമ്പനി അധികൃതർ നേരിട്ട് സംസാരിക്കുമ്പോൾ ചോദിക്കുന്നത്, ജോലി തരാം, പക്ഷേ എനിക്കെന്താണ് ലാഭം എന്നാണ്.
ഈ ചോദ്യം ഒരു തന്ത്രമാണ്. എന്തിനും തയ്യാറാണെന്ന് തോന്നിയാൽ ബാക്കി കാര്യങ്ങൾ നേരിട്ട് പറയുകയാണ് ഇത്തരക്കാരുടെ പതിവ്. എതിർക്കുകയാണെങ്കിൽ, എനിക്ക് എന്ത് ലാഭം എന്ന് ഉദ്ദേശിച്ചത് കമ്പനിക്ക് എന്ത് ലാഭമാണുണ്ടാക്കുക എന്നതായിരിരുന്നു എന്ന് അനുനയിപ്പിച്ച് ഊരും. എന്നാൽ, മറ്റു പല കാരണങ്ങളും പറഞ്ഞ് ജോലി നൽകുകയുമില്ല. ആ യുവതി കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറങ്ങിപ്പോന്നു. അതിനാൽ ഇതുവരെ ജോലി ലഭിച്ചിട്ടുമില്ല.

∙ ഇംഗിതത്തിന് വഴങ്ങിയില്ല, ഒടുവിൽ പിരിച്ചുവിടൽ
ദുബായിൽ ജോലി ചെയ്യുന്ന കലാകാരി കൂടിയായ അമ്മയുടെ അടുത്തേക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി എത്തിയതായിരുന്നു ആ മലയാളി യുവതി. മിടുക്കിയായിരുന്ന അവൾക്ക് വൈകാതെ മലയാളിയുടെ ബിസിനസ് സർവീസ് സ്ഥാപനത്തിൽ ജോലി ലഭിച്ചു. സ്ഥാപന ഉടമ എല്ലാ സമയവും ഓഫിസിൽ സജീവം. അയാൾക്ക് കാണാവുന്ന സ്ഥലത്ത് തന്നെ പ്രത്യേക കാബിനിൽ യുവതിക്ക് സീറ്റ് ഉറപ്പിച്ചു. ഇടയ്ക്ക് ആ കാബിനിലേക്ക് കടന്നു ചെന്ന് അടുത്തിരുന്ന് പല ജോലിയും ചെയ്യിപ്പിച്ചു.
വളരെ സ്നേഹത്തോടെയായിരുന്നു ഇടപെടൽ. വൈകാതെ സ്നേഹം കൂടി ദേഹത്ത് സ്പർശിക്കാനൊക്കെ തുടങ്ങിയപ്പോൾ യുവതിക്ക് കാര്യം മനസ്സിലാകുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മനസിലായി അവളെ കാബിനിൽ നിന്ന് മാറ്റി മറ്റുള്ളവരോടൊപ്പം ഇരുത്തുകയും ശമ്പളം വാഗ്ദാനം ചെയ്തതിൽ നിന്ന് കുറയ്ക്കുകയും ചെയ്തു. മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന വീസാ നടപടികളും പതുക്കെയായി.
കൂടാതെ, തന്റെ കാബിനിലേക്ക് വിളിച്ച് വരുത്തി അനാവശ്യമായി ദേഷ്യപ്പെടാനും ചീത്ത പറയാനും തുടങ്ങിയപ്പോൾ യുവതി ഒരു ദിവസം പൊട്ടിത്തെറിച്ചു. അച്ഛനില്ലാതെയാണ് വളർന്നതെങ്കിലും മാന്യത വിട്ട് താനോ അമ്മയോ ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഇനിയും ഇത്തരം കൃത്യങ്ങൾ തുടരുകയാണെങ്കിൽ മറ്റു വഴികൾ ആലോചിക്കേണ്ടി വരുമെന്നും പറഞ്ഞതോടെ അയാളൊന്ന് പിന്തിരിഞ്ഞെങ്കിലും വൈകാതെ യുവതിക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു-പ്രബേഷൻ പീരിയഡിൽ പ്രകടനം മോശമായി എന്നതാണ് കള്ളക്കാരണം.
ഇതുപോലെ ഇന്റർവ്യൂവിന് ചെന്നപ്പോൾ മലയാളി ഹ്യൂമൻ റിസോഴ്സസ് മാനേജർ മോശമായി പെരുമാറിയ അനുഭവം പത്തനംതിട്ടക്കാരിയായ യുവതിക്കും പറയാനുണ്ട്. ആദ്യ ഇന്റർവ്യൂ സമയത്ത് തന്നെ മാനേജർ അറിയിച്ചത് ജോലി ഉറപ്പാണ്, പക്ഷേ, വേണ്ട രീതിയിൽ സഹകരിക്കണം. അതിന് തന്നെക്കിട്ടില്ലെന്ന് പറഞ്ഞ് യുവതി ഇറങ്ങിപ്പോയെങ്കിലും രാത്രിയാകുമ്പോൾ ഇയാൾ വാട്സാപ്പ് സന്ദേശങ്ങളിൽ കൂടി, അഭ്യർഥന തുടർന്നു. ഒടുവിൽ ചിലർ ഇടപെട്ട് ഇനിയും ഇത് തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ അയാൾ പിന്തിരിഞ്ഞു. യുവതിയോടെ പരാതിപ്പെടാൻ ആവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായില്ല.

∙ അന്ന് കരാമ പാർക്കിൽ സംഭവിച്ചത്...
ജോലി നൽകാമെന്ന് പറഞ്ഞ് വൻതുക കൈപ്പറ്റി യുവതികളെ മാത്രം യുഎഇയിലെത്തിച്ച് മുങ്ങിക്കളയുന്ന സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലേതിലെങ്കിലും ഒന്നിൽ ചെറിയ മുറി വാടകയ്ക്കെടുത്ത് ഇവരെയെല്ലാം ഒന്നിച്ച് താമസിപ്പിച്ച് മുങ്ങിക്കളയാറാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരത്തിൽ ജോലി തട്ടിപ്പിൽപ്പെട്ട് ദുബായ് കരാമയിൽ താമസിച്ചിരുന്ന കുറച്ച് മലയാളി യുവതികൾ തട്ടിപ്പുകാരനായ യുവാവിനെ കുടുക്കിയ സംഭവം കുറച്ച് കാലം മുൻപുണ്ടായി.
1,30,000 രൂപ വീതം കൈപ്പറ്റി സന്ദർശക വീസയിൽ ദുബായിലേക്ക് കൊണ്ടുവന്ന ശേഷം കരാമയിലെ കുടുസ്സുമുറികളിൽ താമസിപ്പിച്ച് മുങ്ങിക്കളഞ്ഞ ഏജന്റ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെയാണ് ഇരകളായ തൊടുപുഴ സ്വദേശികളായ യുവ ദമ്പതികൾ, ആലപ്പുഴ സ്വദേശികളായ 2 യുവതികൾ എന്നിവരുടെ നേതൃത്വത്തിൽ കുടുക്കിയത്. കരാമ പാർക്കിലേക്ക് നേരിട്ട് സംസാരിക്കാൻ ഇയാളെ ഒരു യുവതി വിളിച്ചു വരുത്തിച്ച ശേഷം മറഞ്ഞിരുന്ന യുവതികളും അവരുടെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് കൈയോടെ പിടികൂടി പൊലീസിൽപ്പിക്കുകയായിരുന്നു.

∙ നാട്ടിൽ നിന്നുള്ള സമ്മർദങ്ങൾ യുവതികളെ വലയ്ക്കുന്നു
അതേസമയം, വീട്ടിൽ കടബാധ്യതകളുണ്ട്, മറ്റു പ്രശ്‌നങ്ങളുണ്ട്, എങ്ങനെയെങ്കിലും പിടിച്ചു നിൽക്കൂ എന്ന് ആവശ്യപ്പെട്ട് നാട്ടിൽ നിന്ന് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മർദം കാരണം എല്ലാം സഹിച്ച് ജോലി അന്വേഷണം തുടരുന്ന യുവതികളെയും ഒട്ടേറെ കാണാൻ സാധിച്ചു. ഒടുവിൽ പലരും മസാജ് സെന്ററുകൾ, ബാർ ഹോട്ടലുകൾ എന്നിവിടങ്ങളിൽ പോലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.
പലർക്കും അവിടെ ജോലി ചെയ്യാൻ താത്പര്യമില്ലെങ്കിലും ജീവിതം മുന്നോട്ടുപോകാൻ വേറെ വഴിയില്ലാത്തതിനാൽ തുടരുന്നു. ഇവരിൽ മുതിർന്ന മക്കളുള്ള അമ്മമാരുമുണ്ട്. പലരും അവരുടെ യഥാർഥ പേരുകൾ മറച്ചുവച്ചാണ് ജോലി ചെയ്യുന്നത്. ഇത് നാണക്കേടാണെന്ന് പറഞ്ഞ് അകന്ന മക്കളെയോർത്ത് വിലപിക്കുന്നവർ ഏറെ. മറ്റു ചില യുവതികൾ മദ്യം, ലഹരിമരുന്ന് തുടങ്ങിയ തെറ്റായ ചതിക്കുഴികളിയേക്കും വീണുപോകുന്നു.
∙ പരാതി നൽകാൻ മടിക്കുന്നത് കുറ്റക്കാർക്ക് വളമാകുന്നു
വീസ, ജോലി തട്ടിപ്പുകാരെക്കുറിച്ചോ ലൈംഗിക ചൂഷണം നടത്താൻ ശ്രമിച്ചവരെക്കുറിച്ചോ പരാതി നൽകാൻ യുവതികളും യുവതികളും തയ്യാറാകാത്തത് കുറ്റക്കാർക്ക് തുടരാൻ വഴിയൊരുക്കുന്നു. നാട്ടിലറിഞ്ഞാലുള്ള അപമാനവും നിയമത്തെക്കുറിച്ചുള്ള അജ്ഞതയും കുറ്റക്കാർക്ക് ഗുണകരമാകുന്നുമുണ്ട്. ഇത്തിൽ പലരുടെയും അനുഭവങ്ങൾ ആഴത്തിലുള്ള സാമൂഹികമായ പ്രശ്‌നങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കാണിക്കുന്നതായി അഡ്വ.പ്രീത പറയുന്നു.
പലരും സന്ദർശക വീസയിലാണ് യുഎഇയിലെത്തിയത് എന്നതിനാൽ, ആ വീസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നതിനാൽ ഇവർക്ക് ജോലി സംബന്ധമായ നിയമസംരക്ഷണത്തിന് അർഹതയില്ലാതാകുന്നു. പക്ഷേ, ആരെങ്കിലും സ്ത്രീ വിരുദ്ധതയോടെ പെരുമാറിയാൽ തീർച്ചയായും നിയമസംരക്ഷണം ലഭിക്കുക തന്നെ ചെയ്യും.
∙ കമ്പനികളെക്കുറിച്ച് പഠിച്ച് ജോലിയിൽ പ്രവേശിക്കുക
ഒരു കാര്യമറിയുക, ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന ബിസിനസ് സ്ഥാപനങ്ങളും കമ്പനി ഉടമകളും ഒട്ടേറെ യുഎഇയിൽ ഉണ്ട്. പുതുതായി വന്ന് ജോലി തേടാൻ ശ്രമിക്കുമ്പോൾ ഇന്റർവ്യൂ ലഭിക്കുന്ന കമ്പനിയുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം അവരെ സമീപിക്കുക. അതേപോലെ ഒരു കാരണവശാലും യുവതികൾ സന്ദർശക വീസയിൽ നിന്ന് ജോലി ചെയ്യാതിരിക്കുക.
യുവതികൾക്കാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നേരിടേണ്ടി വരുന്നത്. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് യുഎഇ നിയമം അനുവദിക്കുന്നില്ല. ഈ സമയത്ത് തൊഴിൽ അധികൃതരുടെ പരിശോധയിൽ പിടികൂടിയാൽ അറസ്റ്റ് ചെയ്തു നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. പിന്നീട് യുഎഇയിലേക്ക് തിരിച്ചു വരാൻ സാധിക്കുകയില്ല. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും പിഴ ഈടാക്കുന്നതാണ് . മാത്രമല്ല, എംപ്ലോയ്മെന്റ് വീസ ഇല്ലാത്തതിനാൽ ലേബർ നിയമ സഹായവും ലഭിക്കുന്നതല്ല. അതേസമയം, സന്ദർശക വീസയിൽ ജോലി ചെയ്ത് ഏതെങ്കിലും സ്ഥാപനം ശമ്പളം നൽകിയില്ലെങ്കിൽ നിയമ സഹായം തേടാനും കഴിയില്ല.

∙ സ്ത്രീസുരക്ഷ, യുഎഇയിൽ ശിക്ഷ കഠിനം
സ്ത്രീകൾക്ക് നേരെയുള്ള കൃത്യങ്ങളെ യുഎഇയിൽ അതി ഗൗരവമായി കണക്കാക്കുന്നു. 100,00 ദിർഹം മുതൽ പിഴയും ഒരു വർഷം വരെ ജയിൽ ശിക്ഷയും പിന്നീട് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടുന്ന അനുസരിച്ച് പിഴയും ജയിൽ ശിക്ഷയുടെ കലാവധിയും വർധിക്കും. ജോലി സ്ഥലത്തോ, ഇന്റർവ്യൂ സമയത്തോ ആർക്കെങ്കിലും ദുരനുഭവമുണ്ടായാൽ ധൈര്യപൂർവം നിയമത്തെ സമപീക്കുക. ഫോൺ- +971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്).