ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഒമാന് - പലസ്തീന് പോരാട്ടം ഇന്ന്

Mail This Article
മസ്‌കത്ത് ∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഒമാന്‍ ഇന്ന് പലസ്തീനെ നേരിടും. ഒമാന്‍ സമയം രാത്രി 10.15ന് ജോര്‍ദാനിലെ കിങ് അബ്ദുല്ല സ്‌റ്റേഡിയത്തിലാണ് മത്സരം.
മത്സരം പ്രധാനപ്പെട്ടതാണെന്നും മികച്ച തയാറെടുപ്പുകള്‍ നടത്തിയതായും പരിശീലകന്‍ റശീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗ്യത റൗണ്ടിലെ യാത്ര തുടരാനുള്ള ആഗ്രഹവും അഭിലാഷവും ടീമിനുണ്ട്. താരങ്ങളില്‍ വലിയ വിശ്വാസമുണ്ട്. അവര്‍ തങ്ങളുടെ കഴിവിന്റെ പരാമവധി നല്‍കുമെന്നും റശീദ് ജാബിര്‍ പറഞ്ഞു.
മാനസികവും ശാരീരികവുമായി മത്സരത്തിന് തയാറെടുത്തുവെന്ന് ഒമാന്‍ താരം ഹാരിബ് അല്‍ സഅദി പറഞ്ഞു. ഒമാനി ഫുട്‌ബോള്‍ പ്രേമികളെ തൃപ്തിപ്പെടുത്തുന്നതിനായി വിജയം നേടാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.


ഗ്രൂപ്പ് ബിയില്‍ നിന്ന് ഇതിനകം ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക. മൂന്നും നാലും സ്ഥാനക്കാര്‍ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടില്‍ പ്രവേശിക്കും. ഒമാന് മുൻപിൽ ഇനി പ്ലേഓഫ് സാധ്യതകളാണുള്ളത്. ഇന്ന് പലസ്തീനെതിരെ വിജയമോ സമനിലയോ നേടാനായാല്‍ ഒമാന് പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.