ഗ്രാമം ഉത്സവമാക്കുന്ന പാചകം, പെരുന്നാള്‍ വേളകളിലെ പരമ്പരാഗത വിഭവം; ഒമാനി സംസ്കാരത്തിന്റെ നാട്ടുരുചിയായി 'ഒമാനി ഷുവ'

Mail This Article
മസ്‌കത്ത് ∙ ഒമാനി സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പരമ്പരാഗത വിഭവമാണ് ഒമാനി ഷുവ. രണ്ട് പെരുന്നാള്‍ സമയങ്ങളിലും പ്രത്യേകിച്ച് ബലി പെരുന്നാള്‍ വേളയിലും മറ്റു ആഘോഷ സമയങ്ങളിലുമെല്ലാമാണ് ഷുവ പാകം ചെയ്യുന്നത്. ഗ്രാമത്തിന്റെ തന്നെ ഉത്സവമാണ് ഈ വിശേഷ വിഭവത്തിന്റെ പാചകം.
ഒന്നിലധികം ദിവസമെടുത്ത് സാവധാനത്തില്‍ വേവിച്ചെടുക്കുന്ന ആടിന്റെയും ഒട്ടകത്തിന്റെയും മറ്റും മാസം പാകം ചെയ്യാന്‍ ഓരോ ഗ്രാമത്തിലുമുണ്ടാകും ഭൂഗര്‍ഭ അടുപ്പുകള്‍. ആടുമാടുകളെ അറുത്ത് വൃത്തിയാക്കി പ്രത്യേകം മസാല ചേര്‍ത്താണ് പാകം ചെയ്‌തെടുക്കുന്നത്. മുതിര്‍ന്നവരും കുട്ടികളും എല്ലാം ഷുവ നിര്‍മാണതത്തില്‍ പങ്കാളിയാകും. നാടിന്റെ തന്നെയും ആഘോഷ വേളയാണിത്.
ആടിന്റെയോ ഒട്ടകത്തിന്റെയോ വലുതായി മുറിച്ച മാംസം കൊണ്ടാണ് ഷുവ നിര്‍മിക്കുക. ആടാണെങ്കില്‍ ഒന്ന് മുഴുവനായി വൃത്തിയാക്കി മസാല പിടിപ്പിച്ച് വാഴ ഇലയിലോ ഈന്തപന ഓലയിലോ പൊതിഞ്ഞു കെട്ടി വലിയ കുഴിയില്‍ ഒരുക്കിയ തീകനലില്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. രണ്ട് ദിവസങ്ങള്‍ വരെ അടച്ച കുഴിയില്‍ മാസം വേകാന്‍ വയ്ക്കുന്ന വളരെ നീണ്ട ഒരു പാചക രീതിയാണിത്.

വെളുത്തുള്ളി, മല്ലി, ജീരകം, ഏലം, ഗ്രാമ്പൂ, മറ്റ് പ്രാദേശിക സാധനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മിശ്രിതം ചേര്‍ത്താണ് ഷുവയുടെ മസാല ഉണ്ടാക്കുന്നത്. രണ്ട് ദിവസം വരെ കുഴിയില്‍ ഒരുക്കിയ അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ അതിന്റെ ഫലമായി മൃദുവും രുചികരവുമായ മാംസം ലഭിക്കും.

കുഴിയില്‍ ഇറക്കുന്നതും പിന്നീട് കുഴിയില്‍ നിന്ന് പുറത്തെടുക്കുന്നതും ആഘോഷമാണ്. ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളും അടക്കം വലിയ ആള്‍കൂട്ടം തന്നെ ഉണ്ടാകും. ഷുവ അടുപ്പില്‍ മാംസം വയ്ക്കാന്‍ അടുത്ത വീടുകളില്‍ നിന്നും ആളുകള്‍ എത്തും. നിരവധി കുടുംബങ്ങളുടെ മാംസ പൊതികള്‍ ഒരേ അടുപ്പില്‍ വേവും. ഇറക്കി വയ്ക്കുന്ന വലിയ മാംസ കെട്ടില്‍ അവരുടെ പേര്‍ എഴുതിച്ചേര്‍ക്കും. അടയാളങ്ങളായി കത്തിപ്പോകാത്ത വസ്തുക്കളും ഓരോ കെട്ടിലും ചേര്‍ക്കും. പുറത്തെടുക്കുമ്പോള്‍ മാറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഈദ് ദിനത്തിലെ ഷുവ പാചകത്തിന് വലിയ സന്തോഷമാണ്. വലിയ ആള്‍കൂട്ടം പാട്ടുപാടിയും തമാശകള്‍ പറഞ്ഞുമാണ് അടുപ്പ് കത്തിക്കുകയും മാംസം ഇറക്കി വയ്ക്കുകയുമെല്ലാം ചെയ്യുന്നത്. ബന്ധുക്കളും കുടുംബക്കാരും ഒത്തു ചേര്‍ന്നുള്ള ആഘോഷമായി ഒന്നാം പെരുന്നാള്‍ വീടുകളില്‍ തന്നെ ആഘോഷിക്കുകയും ഷുവ പുറത്തെടുക്കുന്ന രണ്ടാം പെരുന്നാളിന് ഷുവ കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും.


മിച്ചം വന്ന ഷുവയും ഭക്ഷ്യ വസ്തുക്കളും കുട്ടികളുടെ കളി ഉപകരണങ്ങളും വെള്ളം ജ്യുസ് ഗാവ, റൊട്ടി എന്നിങ്ങനെ സാധനങ്ങളുമായി കൃഷി തോട്ടത്തിലോ, ഫാം ഹൗസുകളിലോ, പാര്‍ക്കിലോ, ബീച്ചിലോ പോയി കഴിക്കുകയും ചെയ്യും. ടെന്റ് അടിച്ചു കഴിയുന്നവരും കുറവല്ല. മാസങ്ങള്‍ക്ക് മുന്‍പ് ഫാം ഹൗസുകള്‍ ബുക്ക് ചെയ്യുന്നവരും നിരവധി.