കെനിയയിലെ വാഹനാപകടം; പരുക്കേറ്റവരിൽ മലയാളികളും

Mail This Article
ദോഹ∙ ഖത്തറിൽ നിന്നുള്ള വിനോദ സഞ്ചാരികളിൽ കെനിയയിൽ അപകടത്തിൽ പെട്ട സംഭവത്തിൽ പരുക്കേറ്റവരിൽ മലയാളികളും. പാലക്കാട്, തൃശൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. വിനോദയാത്ര സംഘടിപ്പിച്ച ട്രാവൽസിലെ ജീവനക്കാരനായ ജോയൽ, അദ്ദേഹത്തിന്റെ മകൻ ദ്രാവിഡ്, തൃശൂർ ജില്ലയിൽനിന്നുള്ള മുഹമ്മദ് ഹനീഫ എന്നിവർക്കാണ് പരുക്കേറ്റത്. ജോയലിന്റെ ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും പരുക്കുകളുണ്ട്. മുഹമ്മദ് ഹനീഫയുടെ ഭാര്യ ജെസ്ന കുറ്റിക്കാട്ട് ചാലിൽ, മകൾ റൂഹി മെഹറിൻ എന്നിവർക്കും ഈ അപകടത്തിൽ പരുക്കേറ്റതായി വിവരമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മലയാളികളടക്കം 27 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. കെനിയയിലെ ന്യാഹുരു ടൗണിൽ നിന്ന് 41 കിലോമീറ്റർ തെക്കായി ഗിചാക്ക എന്ന സ്ഥലത്താണ് അപകടം നടന്നത്.
ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ഈ മാസം ആറിനാണ് സംഘം കെനിയയിലേക്ക് യാത്ര തിരിച്ചത്. നാളെ അവർക്ക് ഖത്തറിലേക്ക് മടങ്ങിയെത്താനിരിക്കെയാണ് ഈ ദുരന്തം.