ADVERTISEMENT

മണ്ണൂർ ( പാലക്കാട്) ∙ ആശങ്കയുടെ മുൾമുനയിൽ കടന്നുപോയ പകൽ, ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന പ്രാർഥനയിൽ കടന്നുപോയ രാത്രി. നേരം പുലർന്നപ്പോൾ തേടിയെത്തിയത് മകളും കൊച്ചുമകളും കെനിയയിലെ അപകടത്തിൽ മരിച്ചെന്ന ദുരന്തവാർത്ത.

തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കെനിയയിലെ അപകടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മരിച്ച റിയയുടെ പിതാവ് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ (ഋഷി വില്ല) രാധാകൃഷ്ണന്റെ ഫോണിലേക്ക് മരുമകൻ ജോയലിന്റെ വിളി വന്നു. പറഞ്ഞതു വ്യക്തമാകാത്തതിനാൽ പലതവണ മരുമകനെയും മകളെയും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ഇങ്ങോട്ടുവന്ന ചില ഫോൺ വിളികളിലൂടെ അപകടം നടന്നുവെന്ന് വ്യക്തമായി.

മകൾക്കും പേരക്കുട്ടി ടൈറയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നായിരുന്നു പ്രാഥമിക വിവരം. ‌രാധാകൃഷ്ണൻ ഇന്റർനെറ്റിൽ തിരഞ്ഞു നയ്റോബിയിലെ ആശുപത്രിയുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചെങ്കിലും കൃത്യവിവരം ലഭിച്ചില്ല. രാത്രി പിന്നിട്ടു പുലർന്നപ്പോഴും സ്ഥിരീകരണമില്ല. ഇന്നലെ ഉച്ചയ്ക്കാണു മകളുടെയും പേരക്കുട്ടിയുടെയും വിയോഗം രാധാകൃഷ്ണൻ - ശാന്തി ദമ്പതികൾ അറിഞ്ഞത്. ദോഹ വിമാനത്താവളത്തിലെ മെയ്ന്റനൻസ് കമ്പനി ഉദ്യോഗസ്ഥയാണ് റിയ. കോയമ്പത്തൂർ പോത്തന്നൂർ സ്വദേശിയായ ഭർത്താവ് ജോയൽ ടൂർ സംഘടിപ്പിച്ച ഖത്തർ ട്രാവൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മരിച്ച മകൾ ടൈറ ഖത്തർ ലൊയോള ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മകൻ ട്രാവിസിനും (14) പരുക്കേറ്റു. ജൂലൈയിൽ ഇവർ വരുന്നതു കാത്തിരിക്കുകയായിരുന്നു കുടുംബം.

പാലക്കാട്, തൃശൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. Image Credit:X/AdamMaina_
പാലക്കാട്, തൃശൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. Image Credit:X/AdamMaina_

‘‘പേടിക്കേണ്ടമ്മേ’’; അവസാനം കേട്ട ശബ്ദം
മണ്ണൂർ ∙ മകൾ റിയയും കുടുംബവും കെനിയയ്ക്കു പോകുന്നുവെന്നു കേട്ടപ്പോൾ മുതൽ അമ്മ ശാന്തിക്കു പേടിയായിരുന്നു. വന്യമൃഗഭീഷണിയും മറ്റുമോർത്ത് ഇടയ്ക്കിടെ ആശങ്കപ്പെട്ടു. ‘‘പേടിക്കേണ്ടമ്മേ. ഞങ്ങൾ സുരക്ഷിതരാണ്, മണിക്കൂറുകൾക്കകം ലോഡ്ജിൽ തിരിച്ചെത്തും’’– ആശങ്ക നിറഞ്ഞ അമ്മ മനസ്സിനെ അപകടത്തിനു മുൻപു റിയ ഫോണിൽ വിളിച്ചു സമാധാനിപ്പിച്ചിരുന്നു.

തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞാണ് അമ്മ ശാന്തിയെ അവസാനമായി വിളിച്ചത്. പിന്നാലെ മരണ വാർത്ത വന്നു.

ഇനി ഷിയ തനിച്ച്
മണ്ണൂർ ∙ ഇരട്ട സഹോദരി ഷിയയെ തനിച്ചാക്കി റിയ യാത്രയായി. മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ ഋഷി വില്ലയിൽ രാധാകൃഷ്ണൻ - ശാന്തി ദമ്പതികളുടെ ഇരട്ടമക്കളാണു റിയയും ഷിയയും.

ഷിയയ്ക്കു ദുബായിലാണു ജോലി. മകൻ റിഷിയും ദുബായിലാണ്. അച്ഛൻ രാധാകൃഷ്ണനും നേരത്തെ ദുബായിലായിരുന്നു. കോവിഡ് കാലത്താണു രാധാകൃഷ്ണൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. സഹോദരിയുടെയും മകളുടെയും മരണവിവരമറിഞ്ഞു റിഷി കെനിയയിലേക്കു തിരിച്ചതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ജനപ്രതിനിധികൾ ഇടപെട്ടു സർക്കാർ തലത്തിൽ നടപടി തുടങ്ങി.

accident-death-kenya-kerala

വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ ഖത്തറിൽനിന്നുള്ള 28 അംഗ വിനോദയാത്രാസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെനിയയിലെ മസായിമാരാ നാഷനൽ പാർക്കിൽനിന്നു നാകുരുവിലേക്കുള്ള യാത്രയിലായിരുന്നു സംഘം. നാകുരു റോഡിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ ബസിന്റെ നിയന്ത്രണം നഷ്ടമായി പലവട്ടം മറിയുകയും മരത്തിലിടിച്ച് താഴ്ചയിലേക്കു പതിക്കുകയുമായിരുന്നു. പരുക്കേറ്റവരെ നയ്റോബിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കർണാടക, ഗോവ സ്വദേശികളും ഉൾപ്പെട്ട സംഘം ഇന്നലെ ഖത്തറിലേക്കു മടങ്ങാനിരിക്കുകയായിരുന്നു.

English Summary:

Kenya Bus Accident: Kerala family mourns the loss of daughter Riya and granddaughter Tiera in a tragic Kenya accident. The family is now focused on bringing their bodies back home and coping with the devastating loss.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com