ദമാം ഇന്ത്യ-സൗദി കൾചറൽ അസോസിയേഷന്റെ രാജ്യാന്തര യോഗ ദിനാഘോഷം 13ന്

Mail This Article
ദമാം ∙ ഇന്ത്യ-സൗദി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ രാജ്യാന്തര യോഗ ദിനം വിപുലമായ പരിപാടികളോടെ ജൂൺ 13ന് ദമാം സെയ്ഹാത്ത്,അൽഹദിയ സ്പോർട്സ് ക്ലബ്ബിൽ നടക്കും. 'യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്' എന്നതാണ് മുദ്രാവാക്യം.
ഇന്ത്യ-സൗദി കൾചറൽ അസോസിയേഷൻ കഴിഞ്ഞ മൂന്നു വർഷമായി രാജ്യാന്തര യോഗാദിനാചരണം ആഘോഷിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള കോമൺ യോഗാ പ്രോട്ടോക്കോളും നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം യോഗാ, കളരി, കരാട്ടെ, പിരമിഡ് ഫോർമേഷൻ, ഡ്രിൽ തുടങ്ങി അനവധി കായിക പ്രദർശനങ്ങൾ അരങ്ങേറും. യോഗ സയൻസിൽ ബിരുദധാരിയായ ഹെൽത്ത് ആൻഡ് വെൽനെസ് പരിശീലകൻ ശ്രുതിധർ സോണി ആണ് കോമൺ യോഗാ പ്രോട്ടോക്കോളിന് നേതൃത്വം കൊടുക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെ വിദ്യാലയങ്ങളും, ഡാൻസ്, മ്യൂസിക്, കളരി ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാർഥികളും പങ്കെടുക്കും. ഇന്റർനാഷനൽ യോഗാ ദിന ഉദ്ഘാടനം അൽ മുന ഇൻറർനാഷനൽ സ്കൂൾ ജനറൽ മാനേജർ അബ്ദുൾ ഖാദർ നിർവഹിക്കും. പരിപാടിയിൽ അറബ് യോഗാ ഫൗണ്ടേഷൻ പ്രതിനിധികൾ കൂടാതെ സാമൂഹിക, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കും. പങ്കെടുക്കുന്നവർക്കുള്ള തൽസമയ റജിസ്ട്രേഷനും ടീഷർട്ട് വിതരണവും വൈകിട്ട് നാലുമണിക്ക് ആരംഭിക്കും.
ഇന്ത്യ-സൗദി കൾചറൽ അസോസിയേഷൻ ഈ വർഷത്തെ യോഗാ ദിന ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത് യോഗയുടെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. യോഗ ഡേ ആഘോഷങ്ങളുടെ വിജയത്തിനായി രൂപീകരിച്ച 51 അംഗ സ്വാഗത സംഘത്തിന്റെ വൈസ് ചെയർമാൻ മെഹബൂബ് ജനറൽ സെക്രട്ടറി മോചിത് മോഹൻ ജോയിൻ സെക്രട്ടറിമാരായ റിയാസ് കായക്കീൽ പ്രജി, ഗ്രാം കോ ഓർഡിനേറ്റർ ജയകൃഷ്ണൻ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.