ആസ്വാദകരുടെ ഇഷ്ടം നേടി ഖവാലി ഗായകൻ കെ. എച്ച്. താനൂർ യുഎഇയിൽ

Mail This Article
ദുബായ് ∙ യുഎഇയിലെ ഗാനപ്രിയരെ കയ്യിലെടുത്ത് ഖവാലി ഗായകൻ കെ.എച്ച്. താനൂർ. ആയിരത്തിലധികം കവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം നൽകുകയും ചെയ്തിട്ടുള്ള ഈ ഗായകൻ തന്റെ ആലാപന മാധുര്യത്താൽ പ്രവാസ ലോകത്തെ ആസ്വാദകരുടെ മനം കവർന്നു. 13-ാം വയസ്സിൽ സംഗീതലോകത്തേക്ക് കടന്നുവന്ന താനൂർ സ്വദേശി ഹനീഫ 'കെ.എച്ച്. താനൂർ' എന്ന പേരിൽ കേരളത്തിലെ സൂഫി ഖവാലി വേദികളിൽ നിറസാന്നിധ്യമായ കലാകാരനാണ്.
ഗായകൻ, സംഗീതജ്ഞൻ, ഹാർമോണിസ്റ്റ്, കവി, രചയിതാവ് എന്നിങ്ങനെ സംഗീതലോകത്തെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം. 'അവനുണ്ടാവും കാലം.... അല്ലലില്ലാത്ത നേരം', 'നിന്നെ കാണാത്ത കണ്ണ് കണ്ണല്ല...', 'അദമിയായ കൂട്ടിനുള്ളിൽ...' തുടങ്ങിയ നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ രചിച്ചതും സംഗീതം പകർന്നതും താനൂരാണ്. ആലാപനത്തിലൂടെ ആത്മീയ ഉന്മേഷം ഉണർത്തുകയും ഓരോ കൃതിയിലൂടെയും ആത്മാവ് സ്പർശിക്കുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് താനൂരിന്റെ ഏറ്റവും വലിയ പ്രത്യേകത.
സൂഫി സന്ദേശം കൂടുതൽ ഹൃദയങ്ങളിൽ പതിപ്പിക്കാനും സംഗീതത്തിലൂടെ ആത്മീയമായ അനുഭവം നൽകാനുമാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു. ടി. പി. ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ഷെരീഫ് എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാർ. കഴിഞ്ഞ ദിവസം ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് അൻവർ അമീനിന്റെ സാന്നിധ്യത്തിൽ അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്ന് കെ. എച്ച്. താനൂരിനെ ആദരിച്ചു.