യുഎഇയിൽ അടുത്ത പൊതുഅവധി ഈ ദിവസം; മൂന്ന് ദിവസത്തെ അവധി ആസ്വദിക്കാം

Mail This Article
ദുബായ് ∙ യുഎഇയിൽ അടുത്ത് വരാനിരിക്കുന്ന പൊതു അവധി നബിദിന (പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം)ത്തിന്. ഇസ്‌ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ് ഈ ദിനം വരിക. അന്ന് ഒരു ദിവസത്തെ അവധി യുഎഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ലഭിക്കും.
2025-ൽ റബിഉൽ അവ്വൽ മാസം ഓഗസ്റ്റ് 24 ന് ആരംഭിച്ച് സെപ്റ്റംബർ 22-ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബിഉൽ അവ്വൽ ഓഗസ്റ്റ് 24-ന് തുടങ്ങിയാൽ നബിദിനം സെപ്റ്റംബർ 4 ന് ആയിരിക്കും. ഓഗസ്റ്റ് 25 നാണ് ആരംഭിക്കുന്നതെങ്കിൽ പ്രവാചകന്റെ ജന്മദിനം സെപ്റ്റംബർ 5 ന് ആയിരിക്കും. അങ്ങനെയാണെങ്കിൽ, വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.
ഹിജ്‌രി (ഇസ്‌ലാമിക) കലണ്ടർ ചാന്ദ്ര ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2025-ലെ തീരുമാനമനുസരിച്ച് പെരുന്നാൾ അവധികളൊഴികെ മറ്റ് പൊതു അവധികൾ വാരാന്ത്യത്തിൽ വന്നാൽ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. യുഎഇ മന്ത്രിസഭാ തീരുമാനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഓരോ എമിറേറ്റിലെയും പ്രാദേശിക സർക്കാരുകൾക്ക് ആവശ്യാനുസരണം അധിക അവധികൾ പ്രഖ്യാപിക്കാനുള്ള അധികാരവുമുണ്ട്.