എൻജിനീയേഴ്സ് ഫോറം ഖത്തറിന്റെ ടെന്നീസ് ടൂർണമെന്റിൽ ടികെഎം അലുമ്നൈയ്ക്ക് ഇരട്ട കിരീടം

Mail This Article
ദോഹ ∙ എൻജിനീയേഴ്സ് ഫോറം ഖത്തർ സംഘടിപ്പിച്ച ടെന്നീസ് ടൂർണമെന്റിൽ ടി കെ എം എൻജിനീയറിങ് കോളജ് അലുമ്നൈ അസോസിയേഷന് ഇരട്ട ക്കിരീടം .
പതിനെട്ട് എൻജിനീയറിങ് കോളജ് അലുമ്നൈകളാണ് മത്സരത്തിൽ പങ്കെടുത്തത്. പതിനാറ് ടീമുകൾ ഡബിൾസിലും ഇരുപത്തിരണ്ടു പേർ സിംഗിൾസ് വിഭാഗത്തിലും മാറ്റുരച്ചപ്പോൾ കൊല്ലം ടി കെ എം എൻജിനീയറിങ് കോളജിലെ അജയ് രാജ്കുമാർ - സലിം അബൂബക്കർ സഖ്യം ഡബിൾസിലും , അജയ് സിംഗിൾസ് വിഭാഗത്തിലും ചാംപ്യന്മാരായി.
ഡബിൾസ് ഫൈനലിൽ കോഴിക്കോട് എൻഐടി അലുമ്നൈയായ മുജീബ് - പ്രമോദ് സഖ്യത്തെയാണ് 7-6, 6-3 എന്ന സ്ക്കോറിന് ജേതാക്കൾ കീഴടക്കിയത്. സിംഗിൾസ് ഫൈനലിൽ പാലക്കാട് എൻ എസ് എസ് എൻജിനീയറിങ് കോളജ് അലുമ്നൈ ആയ ബിജു ഡേവിസിനെ 6-4, 6-4 എന്ന സ്‌കോറിൽ അജയ് പരാജയപ്പെടുത്തി. ഡബിൾസിൽ പാലക്കാട് എൻഎസ്എസ് കോളജ് അലുമ്നൈ ജോഡികളായ ബിജു ഡേവിസ്-ദിലീപ് ബാലകൃഷ്ണൻ ടീമും സിംഗിൾസ് വിഭാഗത്തിൽ പാലക്കാടിൻ്റെ ബിജു ഡേവിസും വെങ്കല മെഡൽ നേടി.

എസ് സി ടി എൻജിനീയറിങ് കോളജ് അലുമ്നൈയുടെ ഭാഗമായ ഫാസ് മുനീർ എമേർജിങ് പ്ലെയർ സ്ഥാനം നേടി. അൽ ബിദ പാർക്കിലെ രണ്ടു ടെന്നീസ് കോർട്ടുകളിൽ ഏഴു ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. എൻജിനീയേഴ്സ് ഫോറം സ്പോർട്സ് സെക്രട്ടറി ലബീബ്, സ്പോർട്സ് അസോസിയേറ്റ് ഫാഹിം എന്നിവർ നേതൃത്വം നൽകിയ ടൂർണമെൻ്റിന് പ്രസിഡന്റ് ആഷിഖ് അഹ്മദ് , വൈസ് പ്രസിഡന്റ് സലിം, ജനറൽ സെക്രട്ടറി സാക്കിർ , ട്രഷറർ മുനീർ , അജയ് തുടങ്ങിയവർ മികച്ച പിന്തുണ നൽകി.
സമ്മാനദാന ചടങ്ങിൽ ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം, എൻജിനീയേഴ്സ് ഫോറം ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം തോമസും പങ്കെടുത്തു.