ക്രിപ്‌റ്റോ കറൻസിയിലേക്ക് ഒഴുകിയത് കോടികൾ; ഇതുവരെ മരവിപ്പിച്ചത് 497 കോടിയുടെ ആസ്തികൾ, ദുബായിലെ ഹോട്ടലുടമ അറസ്റ്റിൽ

Mail This Article
ദുബായ്/ഡൽഹി ∙ 950 ദശലക്ഷം ദിർഹത്തിലേറെ വരുന്ന വ്യാജ നിക്ഷേപ പദ്ധതി തട്ടിപ്പ് കേസിൽ ദുബായിലെ ഹോട്ടലുടമ ഡൽഹിയിൽ അറസ്റ്റിൽ.
ഡൽഹിയിലെ രോഹിണി സെക്ടർ 11 ഏരിയയിൽ നിന്ന് ഹരിയാനയിലെ ഫരീദാബാദ് പൊലീസ് ആണ് 39 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.
ദുബായ് മറീനയിൽ ഫോർ സ്റ്റാർ ഹോട്ടൽ നടത്തുന്ന ഇയാൾ ആയിരക്കണക്കിന് ഇന്ത്യക്കാരെ അമിത വരുമാനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ച എച്ച് പിഇസഡ് ടോക്കൺ തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരനാണ്. ഈ വർഷം ആദ്യം ഇന്ത്യൻ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. എച്ച് പിഇസഡ്ടോക്കൺ കേസിൽ 2.2 ബില്യൻ രൂപയിലേറെ (956 ദശലക്ഷം ദിർഹം) കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ പരസ്യത്തിലൂടെ വ്യാജ ഓഹരി കമ്പോള നിക്ഷേപ പദ്ധതിയിൽ ചേർന്ന് കബളിപ്പിക്കപ്പെട്ട ഫരീദാബാദിലെ ഒരു എൻജിനീയർ 2024 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 880,000 ദിർഹം 11 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. ഈ കേസിൽ അറസ്റ്റിലാകുന്ന 12-ാമത്തെ വ്യക്തിയാണ് ഇയാൾ. പങ്കാളിയേയും മറ്റ് മൂന്ന് പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പങ്കാളിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് പുറപ്പെടുവിക്കും. ഇന്ത്യയിൽ പ്രവേശിച്ചാലുടൻ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം.
∙കുടുങ്ങിയത് പേയ്മെന്റ് ഗേറ്റ് വേയിലൂടെ
ദുബായിലെ ബിസിനസ്സുകൾ ഉപയോഗിച്ച് പേയ്മെന്റ് ഗേറ്റ്‌വേകൾ വഴി ഇന്ത്യയിൽ നിന്ന് അനധികൃതമായി പണം സ്വരൂപിച്ച് ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റുകയായിരുന്നു അറസ്റ്റിലായ പ്രതി. ഇതിന്റെ ഒരു വിഹിതം എടുത്ത ശേഷം ബാക്കി തുക ചൈനീസ് ഇടനിലക്കാർക്ക് കൈമാറിയെന്നുമാണ് വിവരം. പേയ്മെന്റ് ഗേറ്റ്‌വേ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന്റെ വിഹിതം സ്വന്തമാക്കിയതെന്നതാണ് പ്രതിയെ കുടുക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് തുറന്നതെന്നും പൊലീസ് വ്യക്തമാക്കി.
എച്ച് പിഇസഡ് ടോക്കൺ തട്ടിപ്പിനെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 2022-ൽ പ്രതി ദുബായിലേക്ക് കടന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഇയാൾക്കെതിരായ ലുക്ക്ഔട്ട് സർക്കുലർ റദ്ദാക്കുകയും എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഏകദേശം മൂന്നാഴ്ച മുൻപ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
പ്രതിയും ബിസിനസ് പങ്കാളിയും അവരുടെ ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾക്ക് സമാന്തരമായി ഒരു സൈബർ തട്ടിപ്പ് ഓപ്പറേഷൻ നടത്തിയിരുന്നു. ഇയാൾ 30 ശതമാനം ഫണ്ട് സ്വന്തമാക്കിയ ശേഷം ബാക്കി തുക ദുബായിലെ പങ്കാളിക്ക് കൈമാറി.
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി എച്ച് പി ഇസഡ് ടോക്കൺ തട്ടിപ്പ് മാറിയിട്ടുണ്ട്. ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും ക്രിപ്‌റ്റോ-മൈനിങ് സ്കീമുകളിൽ നിക്ഷേപിക്കാനും ഇരകളെ പ്രേരിപ്പിച്ച് വിശ്വാസം നേടിയെടുക്കാൻ തുടക്കത്തിൽ വ്യാജ ലാഭങ്ങൾ കാണിച്ചു. എന്നാൽ വലിയ തുകകൾ നിക്ഷേപിച്ചുകഴിഞ്ഞാൽ ഫണ്ടുകൾ അപ്രത്യക്ഷമാവുകയായിരുന്നു പതിവ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 497 കോടി രൂപയുടെ (216 ദശലക്ഷം ദിർഹം) ആസ്തികൾ ഇഡി മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ പ്രതിയും കൂട്ടാളികളും പണത്തിന്റെ വഴി മറയ്ക്കാൻ 200-ലധികം ഷെൽ കമ്പനികൾ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.