അതിവേഗം വളരുന്ന വ്യവസായം; ദുബായിയുടെ മനംകവർന്ന് തഴച്ചു വളരുന്നവർ, പ്രവാസികൾക്കും പ്രിയങ്കരം

Mail This Article
ദുബായ് ∙ നമ്മുടെ അന്ന വിചാരത്തിൽ തഴച്ചു വളരുകയാണു ദുബായിലെ റസ്റ്ററന്റ് വ്യവസായം. തനതായ കേരള ഭക്ഷണം മുതൽ ലോകത്തിലെ ഒട്ടുമിക്ക വിഭവങ്ങളും ആസ്വദിക്കാൻ ലോക സഞ്ചാരമൊന്നും വേണ്ട, ദുബായിൽ ഒന്നു വന്നാൽ മതി. നിലവിലെ കണക്കനുസരിച്ച് ദുബായിൽ റസ്റ്ററന്റുകളുടെ എണ്ണം കാൽ ലക്ഷം കടന്നു. 26000 അംഗീകൃത റസ്റ്ററന്റുകൾ എമിറേറ്റിലുണ്ട്. ഇതിൽ കരാമയിലും ഖിസൈസിലും മാത്രമായി പതിനായിരത്തോളം റസ്റ്ററന്റുകളുണ്ട്.
ഈ മേഖലയിൽ ജോലി ചെയ്യുന്നവരോ, ദുബായിൽ മാത്രം മൂന്നര ലക്ഷം പേർ. ഓരോ വർഷവും ദുബായിലേക്ക് എത്തുന്നത് 80 ലക്ഷം ടൺ ഭക്ഷ്യ സാധനങ്ങളാണ്. ഇതിനായി മൂന്നര ലക്ഷത്തിലധികം കാർഗോകളാണ് ഇവിടെ എത്തുന്നത്. രാജ്യത്തെ ഭക്ഷ്യ, പാനീയങ്ങളിൽ 75 ശതമാനവും ദുബായ് വഴിയാണ്. ഇത്രയധികം ഭക്ഷ്യവസ്തുക്കളിൽ ഒരു പങ്ക് വീടുകളിലേക്കും ബാക്കി മുഴുവൻ ഹോട്ടൽ, റസ്റ്ററന്റ് മേഖലകളിലേക്കുമാണു പോകുന്നത്. എല്ലാം കഴിച്ചു തീർക്കുന്നതു നമ്മളും.
∙ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും
റസ്റ്ററന്റുകൾ ജനജീവിതവുമായി ഇഴ ചേർന്നു നിൽക്കുന്നതിനാൽ, ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കലാണു പ്രധാന വെല്ലുവിളി. വേനൽക്കാലമായതോടെ റസ്റ്ററന്റുകളിലെ പരിശോധന വർധിപ്പിക്കാൻ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചു. ചൂടുകാലത്തു ഭക്ഷ്യവസ്തുക്കൾ അതിവേഗം കേടു വരുന്ന സാഹചര്യത്തിലാണു സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന കർശനമാക്കിയത്. പ്രതിവർഷം 60000 ഭക്ഷ്യ സുരക്ഷാ പരിശോധനയാണു ദുബായ് മുനിസിപ്പാലിറ്റി നടത്തുന്നത്. കേടു വരാവുന്ന സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിക്കുന്നുണ്ടോ, കേടായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും പരിശോധിക്കുന്നതെന്നു നഗരസഭാ അധികൃതർ പറഞ്ഞു.
പാകം ചെയ്തു സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളിലെ താപനില ശാസ്ത്രീയമായിരിക്കണം. ചൂടായി തന്നെ സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ ഷെൽഫുകളിൽ ഏറ്റവും കുറഞ്ഞത് 65 ഡിഗ്രി താപനില നിലനിർത്തണം. തണുപ്പു വേണ്ട ഭക്ഷണ സാധനങ്ങളാണെങ്കിൽ ഏറ്റവും കുറഞ്ഞത് 5 ഡിഗ്രിയും വേണം. താപനില നിലനിർത്തിയില്ലെങ്കിൽ റസ്റ്ററന്റുകൾക്കെതിരെ നടപടിയുണ്ടാകും. നിശ്ചിത താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവസ്തുക്കളിൽ വിഷാംശമുണ്ടാകാനും സാധ്യതയുണ്ട്.
∙ പാലിക്കാം നിർദേശങ്ങൾ
ഭക്ഷണത്തിന്റെ പാചകം, സൂക്ഷിക്കൽ, ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കൊണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ശാസ്ത്രീയമായി വേണം നടപ്പാക്കാൻ. ഭക്ഷ്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. ശുചിത്വ നിയമങ്ങൾ പാലിച്ചും കയ്യുറ ധരിച്ചും തലമുടി മറച്ചുമായിരിക്കണം സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടത് എന്നാണു നിയമം. ഇത്തരം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയീടാക്കും.