ADVERTISEMENT

മസ്കത്ത് ∙ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകാനൊരുങ്ങി  മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ സംരംഭത്തിലെ  ബെത്ഹൂബോ (സ്നേഹഭവനം) എന്ന പദ്ധതിയിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നിർധനരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ലക്ഷ്യം.

അപേക്ഷകന്‍റെ പേരില്‍ കുറഞ്ഞത് മൂന്ന് സെന്റ്‌ വസ്തുവെങ്കിലും ഉണ്ടായിരിക്കണം. താഴ്ന്ന വരുമാനമുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അർഹതപ്പെട്ടവർക്ക് 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കുക.  ധന സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം വസ്തുവിന്റെ വിവരങ്ങള്‍, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം   സെപ്റ്റംബർ 15 ന് മുൻപായി The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman എന്ന വിലാസത്തിൽ ലഭിക്കണം.

പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെന്റ്‌. തോമസ്‌ പള്ളിയില്‍  ഇടവക വികാരി ഫാ. തോമസ് ജോസ് നിര്‍വ്വഹിച്ചു.  ചടങ്ങിൽ സഭാ മാനേജിങ് കമ്മിറ്റി അംഗവും സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്‍ നിന്ന് ഒരു വീട് നിർമ്മിക്കുന്നതിനുള്ള ആദ്യ തുക സ്വീകരിച്ചു.  ഇടവക അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ.എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ജോൺ.പി.ലുക്ക്, കണ്‍വീനര്‍ നെബി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. സഹ ട്രസ്റ്റി അജു തോമസ്, സെക്രട്ടറി ഡോ. കുര്യൻ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ 19 വർഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹം,  ഭവന നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്. ഇടവകയുടെ സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലൂടെ ചികിത്സാ,  വിവാഹം, വിദ്യാഭാസം, സ്വയം തൊഴിൽ സഹായ പദ്ധതി തുടങ്ങിയവയ്ക്കുള്ള ധനസഹായവും നൽകുന്നുണ്ട്.

English Summary:

Housing project called Bethubo is initiated by Muscat Mar Gregorios Orthodox Church under Thanal charity project. The project aims to build houses for the homeless in Kerala, focusing on low-income families with land.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com