തിരുവല്ല∙ ഫോമ കേരള കൺവെൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികൾ. ജൂൺ രണ്ടിന് തിരുവല്ല കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. കൂടാതെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ഫോമയുടെ കേരള കൺവെൻഷന് പകിട്ട്കൂട്ടാൻ എത്തും.
കൺവെൻഷനിൽ വച്ച് പ്രളയത്തിൽ വീടുകൾ തകർന്നവർക്ക് ഫോമ നൽകുന്ന വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നടത്തും. പ്രളയത്തിൽ എല്ലാം തകർന്ന് എന്തു ചെയ്യണമെന്ന് അറിയാതെ കേരളം നടുങ്ങിയപ്പോൾ സഹായ ഹസ്തവുമായി ആദ്യം രംഗത്തെത്തിയ സംഘടനകളിൽ ഒന്നായിരുന്നു ഫോമ. പ്രസിഡന്റ് ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തിൽ നേരിട്ടെത്തി ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ചെയ്തു.
പിന്നീട്, പ്രളയം ജീവിതം കവർന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഫോമ വില്ലേജ് പദ്ധതി രൂപീകരിച്ചു. കേരളത്തിലെ മൂന്നു ജില്ലകളിലായാണ് ഈ പദ്ധതി. നിലമ്പൂർ, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലും വീടുകൾ ഉയരുന്നുണ്ടെന്ന് ഫോമ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ അറിയിച്ചു. സർക്കാരിന്റെ സീറോ ലാൻഡ് പദ്ധതി പ്രകാരം അനുവദിച്ച സ്ഥലങ്ങളിലാണ് തിരുവല്ല കടപ്രയിൽ വീടുകൾ നിർമിക്കുന്നത്. യുഎസിലെ വിവിധ സംഘടനകളും വ്യക്തികളും ഇതിനായി പണം സമാഹിരിച്ചു നൽകി. ഫോമ നിർമിച്ചു നൽകുന്ന വീടുകളുടെ ജോലികൾ അവസാന ഘട്ടത്തിലാണ്. ഫോമ സംഘം ഇവിടെ സന്ദർശനം നടത്തുകയും ചെയ്തു.