തിരുവല്ല∙ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമായ്ക്കിതു നന്മയുടെ പുണ്യനിമിഷം. ദാനം ധർമ്മമാണ്, ഫോമായുടെ ഈ വർഷത്തെ മുഖ്യവിഷയം തന്നെ ഇതായിരുന്നു. ഫോമായുടെ പ്രവർത്തനം ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രമെഴുതാൻ ഈ വർഷം മാറ്റിവയ്ക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അർത്ഥവത്താകുകയാണ്. നമ്മുടെ നാട്ടിലെ പ്രളയക്കെടുതിയുടെ ദുരിതക്കയത്തിൽ നിന്ന് മൂന്നു വ്യത്യസ്ത പ്രദേശവാസികൾക്ക് ആദ്യഘട്ടത്തിൽ ആശ്വാസം എത്തിക്കുവാനും, രണ്ടാം ഘട്ടത്തിൽ അവർക്കു സൗജന്യമായി ഭവനങ്ങൾ ദാനം ചെയ്യുവാനും സാധിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന മലയാളി പ്രവാസ സമൂഹത്തിന്റെ നിസ്തുലമായ സഹായ സഹകരണങ്ങൾ ഫോമായുടെ നട്ടെല്ലാവുകയാണ്. ഭരണാധികാരികൾ മുഖം തിരിച്ചു നിന്നയിടത്തേക്കു ആദ്യം സഹായം എത്തിക്കുവാൻ ഫോമാക്കു കഴിഞ്ഞത് തന്നെ വളരെ നല്ല പ്രവർത്തനമായിട്ടാണ് വിലയിരുത്തുന്നത്.

അമേരിക്കയിലെ അൻപതോളം സംസ്ഥാനങ്ങളിലെ, എഴുപത്തഞ്ചോളം അസോസിയേഷനുകൾ, അവരുടെ സഹായങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ഫോമായുടെ ഈ വില്ലേജ് പദ്ധതിയുടെ പ്രചോദനം. നിർലോഭമായ സഹായസഹകരണങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് വളരെ കരുത്തേകി. വ്യക്തികളും ദമ്പതികളും കുടുംബങ്ങളും ഈ വില്ലേജ് പദ്ധതിയുടെ ഭാഗമായി. ഫോമാ സെക്രട്ടറി ജോസ് ഏബ്രഹാന്റെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ ആസൂത്രണം ചെയ്തു. കേരളത്തിലെ "തണൽ" എന്ന സംഘടനയുമായി കൈകോർത്തു പ്രവർത്തിക്കാൻ ഫോമാ തീരുമാനിച്ചു. ഈ വില്ലേജ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ അനിയൻ ജോർജിന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി നിലവിൽ വന്നു. ദാനം ധർമ്മമാണ് എന്ന് തിരിച്ചറിഞ്ഞ നോയൽ മാത്യു, ജോസ് കെ പുന്നൂസ് എന്നിവർ സ്വന്തം സ്ഥലം ഈ പദ്ധതിയിലേക്ക് സൗജന്യമായി ദാനം നൽകി. സർക്കാരിതര ഏജൻസികളുടെ പൂർണ്ണപിന്തുണയോടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ പദ്ധതി വൻവിജയത്തിലേക്ക് നീങ്ങുകയാണ്.

സഹായമായി കിട്ടിയ തുകയിലേറെ ചെലവഴിച്ചു പൂർത്തികരിക്കുന്ന ഈ പദ്ധതി മുഖ്യമന്തി പിണറായി വിജയൻ ജൂൺ രണ്ടിന് തിരുവല്ലയിൽ നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ വയ്ച്ചു താക്കോൽ ദാന കർമ്മം നിർവഹിക്കും. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സജു ജോസഫ്, ജോയിന്റ് ട്രഷറർ ജെയിൻ മാത്യു കണ്ണച്ചാൻ പറമ്പിൽ, ഫോമാ കേരള കൺവൻഷൻ ചെയർമാൻ സജി എബ്രഹാം, വില്ലേജ് പദ്ധതി ചെയർമാൻ അനിയൻ ജോർജ്, കോർഡിനേറ്റർ ജോസഫ് ഔസോ, തോമസ് ഒലിയാംകുന്നേൽ, സണ്ണി എബ്രഹാം, ചാക്കോ കോയിക്കലേത്ത്, ജോസ് വടകര, ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, ഡോക്ടർ ജേക്കബ് തോമസ് എന്നിവരടങ്ങുന്ന ഫോമാ സംഘം ഫോമാ വില്ലേജ് പദ്ധതിയുടെ അന്തിമഘട്ട പുരോഗതികൾ കണ്ടു വിലയിരുത്തി.