ഒരു പ്രവാസിയുടെ നാട്ടിലെ കോവിഡ് കാല ചിന്തകൾ; ലൂക്കോസ് ചെറിയാൻ പറയുന്നു

lukose-cherian
SHARE

ദുബായ്∙ കൊറോണ നാട്ടിലും പ്രവാസലോകത്തും പടർത്തുന്ന ഭീതിയും ആധിയും ചെറുതല്ല. പ്രവാസത്തിലുള്ളവർക്ക് സാധാരണഗതിയിൽ എന്നത്തേയ്ക്ക് നാട്ടിലെത്താനാകുമെന്നും നാട്ടിൽ അവധിക്ക് പോയവർക്ക് തിരികെ എപ്പോൾ ഗൾഫിലേക്കു പോകാനാകുമെന്നുമുള്ള വലിയ ചോദ്യങ്ങൾ മുന്നിൽ നിൽക്കുന്നു. ദുബായിൽ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലിചെയ്യവെ, ചെറിയ ഒരു ഇടവേളയ്ക്കായി നാട്ടിലേക്ക് പോവുകയും നാട്ടിൽ തളച്ചിടപ്പെടുകയും ചെയ്യപ്പെട്ട എഴുത്തുകാരൻ കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശി ലൂക്കോസ് ചെറിയാൻ ഒരു പ്രവാസിയുടെ നാട്ടിലെ കോവിഡ് കാല ചിന്തകൾ പങ്കുവയ്ക്കുന്നു:  

"രണ്ട് പതിറ്റാണ്ട് പ്രവാസിയായി കഴിഞ്ഞപ്പോഴും ഗൾഫ് ജീവിതത്തിന്റെ  പച്ചപ്പിലൂടെ ഓർമകൾ മായാതെ സ്വന്തം നാടിനെയും സ്നേഹിച്ചു. ദുബായിയുടെ ഓരോ പുരോഗതിയും നേരിൽകണ്ട്  സന്തോഷിക്കുകയും ഒപ്പം പലതിലും ഭാഗവാക്കാകുവാൻ കഴിയുകയും ചെയ്‌തത്‌ ഭാഗ്യം. മണലിൽ ചുടുകാറ്റ്  ചിത്രങ്ങൾ വരയ്ക്കുമ്പോഴും ഓർമ്മകൾ മാഞ്ഞുപോകാതെ പച്ചപിടിച്ചു  തളിരിട്ടു നിൽക്കുകയാണ്.  നാടിന്റെ ശീതളിമയിൽ അങ്ങനെ കഴിയവേയാണ് കൊറോണ എന്ന ഭീകര സത്വം പോറ്റമ്മയായ യുഎഇയേയും പെറ്റമ്മയായ കേരളത്തെയും ഒന്നുപോലെ ആക്രമിക്കുന്നത്. അതോടെ ഇനി എന്നത്തേക്ക് സ്വപ്‍നനഗരത്തിലേക്ക് പോകാം എന്നൊരു വലിയ ആശങ്ക മനസ്സിൽ വന്നുചേർന്നു.

ഭരണകൂടത്തിന് താങ്ങാവുക  

നമ്മുടെ നിലവിലുള്ള പദ്ധതികളെക്കുകുറിച്ചോ,  വലിയ  സ്വപ്നങ്ങളെക്കുറിച്ചോ വ്യാകുലപ്പെടേണ്ട സമയമല്ല,  മറിച്ച്  നമ്മെ  പരിപാലിക്കുന്ന ഭരണകൂടങ്ങൾക്ക് ഒപ്പം കൈകോർത്ത്  മാർഗ്ഗനിർദേശങ്ങൾ പൂർണമായും അനുസരിച്ച് മുൻപോട്ടു പോവുക.  നമ്മുക്ക് തണൽ നൽകുന്ന ഭരണകർത്താക്കൾക്ക് നാം താങ്ങായി വർത്തിക്കേണ്ട സമയമാണിത്.  അഭിപ്രായ ഭിന്നതകൾ പ്രകടിപ്പിച്ച് പരസ്‌പരം ചെളിവാരിയെറിയേണ്ട കാലമല്ല. പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതാനുഭവത്തിൽ നിന്നും ലഭിച്ച നല്ല ഓർമ്മകൾ ഒരുപാടുണ്ട്. പ്രവാസികളെ കുറ്റപ്പെടുത്തുമ്പോൾ നാടിൻറെ സമ്പദ്ഘടനയ്ക്ക് അവർ നൽകിയ സംഭാവനകൾ വിസ്മരിക്കരുത്. ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ കൊണ്ടുവരുവാൻ വിദേശ പണം വഹിച്ച പങ്ക്, നിസാര വൈറസിന്റെ പേരിൽ മറന്നുപോകുന്നത് കാണുമ്പൊൾ വേദന തോന്നുന്നു. ഇവിടെ സ്വദേശി വിദേശി പ്രവാസി എന്നൊന്നുമില്ല.  നാം മാത്രം. അങ്ങനെ ചിന്തിക്കുന്നത് കുടുംബത്തോടും സമൂഹത്തോടും നാടിനോടും  ചെയ്യുവാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമായിരിക്കും. 

സാമൂഹിക  അകലം

തോളോടുതോൾ ചേർന്നുനടന്ന കാലത്തിന് താൽക്കാലികമെങ്കിലും വിരാമം. കോവിഡ്-19 എന്ന അദൃശ്യകൊലയാളി ലോകത്തെ  മുഴുവൻ  തകിടം മറിച്ചു.  ഇടിത്തീപോലെ വീണ നിർഭാഗ്യം ഭൂമിയുടെ എല്ലാഭാഗത്തും പിടിമുറുക്കി. പരിചിതമല്ലാത്ത, സാനിട്ടറൈസേഷൻ, മാസ്‌ക്, ഗ്ലൗസ്, ഐസൊലേഷൻ എന്നിവ നിത്യജീവിതത്തിൻറെ  ഭാഗമായിരിക്കുന്നു. ഏതു  രാജ്യത്തായാലും മരിക്കുന്നത്  മനുഷ്യരാണ്.  കാലത്തിന്റെ കണക്കുപുസ്തകത്തിൽ മരണം ഇത്രവേഗത്തിൽ കുറിക്കപ്പെട്ട ഒരു കാലഘട്ടം അടുത്ത കാലത്തെങ്ങും ഇല്ല. നാം ഓരോരുത്തരും യുദ്ധമുഖത്ത് പട്ടാളക്കാർ കവചിത വാഹനത്തിലൂടെ ശത്രുക്കളെ നേരിടുന്ന പോലെ ഒരു പടനയിക്കൽ നടത്തുകയാണ്. സാമൂഹിക അകലം എന്നതാണ് പ്രമാണം.  

സാങ്കേതികവിദ്യയുടെ  പ്രതിഫലനങ്ങൾ  

നാം ജീവിക്കുന്നത്  ടെക്‌നോളജിയുടെ  കൊടുമുടിയിലാണ്. അത്  പൂർണമായും പ്രയോജനപ്പെടുത്തുവാൻ ഈ കോവിഡ്  കാലത്തിനു  കഴിയും. സ്വദേശത്തും വിദേശത്തും പലരും വീട് ഓഫീസാക്കി  മാറ്റി. കുട്ടികളുടെ വിദ്യാഭാസം ഓൺലൈനിലേക്ക് ചുവടുമാറ്റം നടത്തിക്കഴിഞ്ഞു.  ഇതൊരു ട്രയൽപോലെയായി വരുംകാലങ്ങളിൽ  ഇത്തരം ഓൺലൈൻ രീതികൾ കൂടുതൽ പ്രചാരം നേടിയേക്കാം. ചുരുങ്ങിയ ജോലിക്കാർ സ്ഥാപനങ്ങളിൽ നിലനിർത്തപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. മാത്രമല്ല നിരന്തരം കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗംമൂലമുണ്ടാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾകൂടി കാണേണ്ടതാണ്.

സമൂലമാറ്റം സമൂഹത്തിൽ

നാടുമുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം അത്യാവശ്യ കാര്യങ്ങൾക്ക് ഒഴിച്ച് ആരും പുറത്തിറങ്ങാറില്ല. നല്ല  അന്തരീക്ഷം, എവിടെയും ശുദ്ധവായു, ആശുപത്രിയിൽ രോഗികളുടെ  നീണ്ടനിരയില്ല. സാധാരണ രോഗങ്ങൾക്ക് നാടൻ  ചികിത്സരീതികൾ അവലംബിക്കുന്നു. എല്ലാവരും വീടിന്റ സുരക്ഷിതത്തിൽ കുടുംബിനികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രുചിയോടെ  കഴിക്കുന്നു. വീടും  പരിസരവും വൃത്തിയായി. വീട്ടിലെ ബന്ധങ്ങൾ ദൃഢമായി. ഭാര്യയെ  കേൾക്കാൻ ഭർത്താവും ഭർത്താവിനെ കേൾക്കാൻ ഭാര്യയും. സ്‌കൂൾ കുട്ടികളെ കുത്തിനിറച്ച്  ചീറിപ്പായുന്ന ചെറിയ വാഹനങ്ങളും മത്സരിച്ചോടുന്ന സ്വകാര്യവാഹനങ്ങളും വീഥികളിൽ അന്യമായി. കേവലമൊരു വൈറസ് വരുത്തിയ മാറ്റങ്ങൾ! 

മാറ്റങ്ങൾ അനിവാര്യം എന്നാണു നാം പറയാറ്. എന്നാൽ ഇത്തരം ഒരു മാറ്റം ആരും സ്വപ്നേപി വിചാരിച്ചിരിക്കില്ല.  ദിവസങ്ങൾ കൊണ്ടോ, വർഷങ്ങൾ കൊണ്ടോ മാറുന്ന ഒന്നല്ല ഈ മാറ്റം. ഇതിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോവുക എന്ന മാർഗ്ഗം മാത്രമേ നമ്മുടെ മുന്നിലുള്ളൂ".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA