22 വർഷം സൗദിയിൽ, അവധിക്കെത്തുമ്പോൾ കൂലിപ്പണി; അധ്വാനിക്കാൻ മനസ്സുറപ്പുണ്ടായിരുന്നു, പക്ഷേ കോവിഡ് ജീവനെടുത്തു

muhammed-kunju
കുഞ്ഞു മുഹമ്മദ്
SHARE

കുടുംബത്തിലെ എല്ലാവരുടെയും ജീവിതം ഒറ്റയ്ക്കു തോളിലേറ്റി അധ്വാനിക്കുന്ന പ്രവാസികൾ. നാടു നന്നാകാൻ പ്രവാസികളുടെ പണം വേണം. പക്ഷേ, കോവിഡ് ബാധിച്ചു മരിച്ച പ്രവാസി കുടുംബങ്ങളെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല

ദുബായ്∙ സൗദിയിൽ പേപ്പർ കമ്പനിയിലെ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതാണ് മലപ്പുറം വഴിക്കടവ് പുതിയത്ത് വീട്ടിൽ കുഞ്ഞു മുഹമ്മദ് (52). നാട്ടിലെത്തി കൂലിപ്പണിചെയ്തോ ചുമടെടുത്തോ കുടുംബം പുലർത്തുമെന്നു സുഹൃത്തുക്കളോട് അഭിമാനത്തോടെ പറഞ്ഞിരുന്നു, അധ്വാനിയായ അദ്ദേഹം. പക്ഷേ കോവിഡ് ആ യാത്ര എന്നന്നേക്കുമായി മുടക്കി. 22 വർഷം സൗദിയിൽ ജോലി ചെയ്ത മുഹമ്മദ് അവധിക്ക് എത്തുമ്പോഴെല്ലാം നാട്ടിൽ കൂലിപ്പണിക്കും പോയാണു കടമില്ലാതെ കുടുംബം പുലർത്തിയത്.

നാട്ടിൽ എന്തു ജോലി ച‍െയ്യാനും മടിയില്ലായിരുന്നു. അദ്ദേഹം മരിച്ചതോടെ, നാളെ എന്തെന്നറിയാതെ കുടുംബം പകച്ചു നിൽക്കുന്നു. ‘മകൻ സക്കീർ കുവൈത്തിലാണ്. ഒരു വർഷമായി പോയിട്ട്. വിവാഹത്തിന് എന്തെങ്കിലും സമ്പാദിക്കാനായി ആഗ്രഹിച്ചതാണ്. എന്നാൽ ജോലി പോയി. വീസയും തീർന്നു. മടങ്ങാനായി കാത്തിരിക്കുകയാണ്’, മുഹമ്മദിന്റെ ഭാര്യ നഫീസയുടെ തൊണ്ട ഇടറി.  മുഹമ്മദിന്റെ ഉമ്മ ആയിഷുമ്മ(85), ഇളയമകൻ മുഹമ്മദ് ഷാമിൽ(13) എന്നിവരും വീട്ടിലുണ്ട്.

ആയിഷുമ്മ നൽകിയ സ്ഥലത്താണു വീടു വച്ചിരിക്കുന്നത്. മൂത്ത മകൾ ഷഹീനയുടെ നിക്കാഹും നടത്തി. ഹൃദ്രോഗിയാണ് ആയിഷുമ്മ. സൗദിയിലെ വരുമാനത്തിൽ രണ്ടറ്റവും കൂട്ടിമുട്ടാൻ പ്രയാസമായതു കൊണ്ടാണ് നാട്ടിലെത്തുമ്പോഴും മുഹമ്മദ് ജോലിക്കു പോയിരുന്നത്. സ്വന്തം നാട്ടിലെത്തി അധ്വാനിച്ച് കുടുംബം പുലർത്തണമെന്ന് ആഗ്രഹിക്കുന്ന അനേക ലക്ഷം പ്രവാസികളുടെ പ്രതിനിധി.

വഴിക്കടവ് ഗവ.സ്കൂളിൽ എട്ടിൽ പഠിക്കുന്ന ഷാമിലിനു നല്ല വിദ്യാഭ്യാസം നൽകണം, ആയിഷുമ്മയുടെ ചികിത്സ മുടങ്ങരത്, സക്കീറിന്റെ വിവാഹം... ഇതെല്ലാമാണ് ഈ കൊച്ചുവീടിന്റെ മോഹങ്ങൾ. സക്കീറിന്റെ മടങ്ങിവരവിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പക്ഷേ വീസ തീർന്ന് നിൽക്കുന്നതിനാൽ അതെന്നാവുമെന്ന് ഒരു നിശ്ചയവുമില്ല. അറബ് ഭരണാധികാരികൾ നൽകുന്ന പൊതുമാപ്പിൽ നാട്ടിലെത്താമെന്നാണ് വിശ്വാസം. ഈ വിശ്വാസം മാത്രമാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ കരുത്ത്.


ടിക്കറ്റിനു പോലും പണമില്ലാതെ വലയുന്നവർ ഏറെ; കൈവിടരുത്

മൂന്നു നേരത്തെ ആഹാരം പോലും ആഡംബരമായിട്ടുള്ള 65% ത്തോളം പേർ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരിക്കളിക്കാതെ ഇവർക്കു കരുതലേകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ. നാട്ടിലേക്കുള്ള ടിക്കറ്റിനു പോലും പണമില്ലാതെ ധാരാളം പേർ അസോസിയേഷനിൽ ദിവസവും സഹായം ചോദിച്ച് എത്തുന്നുണ്ട്. ഗൾഫിൽ വെറും 5% പേർ മാത്രമാണ് ആഡംബര ജീവിതം നയിക്കുന്നത്. ഇവരെ കണ്ട് മലയാളികളെല്ലാം ഇതുപോലെയാണെന്ന് ധരിക്കരുത്. കുബൂസും തൈരും മാത്രം കഴിച്ച് ജോലി ചെയ്യുന്ന അനേകലക്ഷങ്ങൾ ഉണ്ട്. അവരിൽ കോവിഡ് മൂലം മരിച്ചവരെയെങ്കിലും സഹായിക്കാൻ സർക്കാരുകൾ മുന്നോട്ടുവരണം. അർഹതയുള്ളവരെ സഹായിച്ചാൽ മതിയെന്നും അതു സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA