ജീവനക്കാർക്ക് ചാർട്ടേഡ് വിമാനം; സൗജന്യ യാത്ര, ഈ മലയാളിക്കൊരു കയ്യടി

kerala-businessman-to-charter-free-flight22
ആർ. ഹരികുമാർ
SHARE

ദുബായ് ∙ തന്റെ കമ്പനി ജീവനക്കാർക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരൻ. ഇവരെ കൂടാതെ,  വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേർക്കും അവസരം നല്‍കി. ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസിലെ ജീവനക്കാർക്കാണ് ഉടമ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആർ. ഹരികുമാർ കോവിഡ് 19 ദുരിതകാലത്ത് തുണയായത്. ജീവനക്കാരായ 120 പേരടക്കം 170 യാത്രക്കാരുമായി ജി9 427 എയർ അറേബ്യ വിമാനം യുഎഇ സമയം ഇന്ന് വൈകിട്ട് 4ന് ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും. എല്ലാവരും വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു.

kerala-businessman-to-charter-free-flight2

എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് യാത്രതിരിക്കുക. ഇവർക്ക് മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസർ എന്നിവയടക്കമുള്ള പിപിഇ കിറ്റുകൾ നൽകി. കൂടാതെ, അവരവരുടെ വീടുകളിലേയ്ക്ക് എത്താനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹരികുമാർ പറഞ്ഞു. മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാർ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നൽകി. കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോൾ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരും. കൂടാതെ, നാട്ടിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും ചെയ്യും. 

താത്പര്യമുള്ളവർക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയിൽ ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് മോചിതരാകാൻ ജീവനക്കാർക്ക് ഇതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു. എലൈറ്റ് ഗ്രൂപ്പിന് കീഴിൽ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരിൽ 900 പേരും മലയാളികളാണ്. മിക്കവരും 15 വർഷത്തിലേറെയായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. 

kerala-businessman-to-charter-free-flight

ഞങ്ങൾ ഭാഗ്യവാന്മാരാണ്; സുരക്ഷിതർ

കോവിഡിനെ പേടിച്ചുകൊണ്ടിരുന്ന സമയത്ത് തങ്ങൾക്ക് ഭക്ഷണം നൽകുകയും സുരക്ഷിതരായി താമസിപ്പിക്കുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. ഇപ്പോൾ നാട്ടിലേയ്ക്ക് പോകാനുള്ള സൗജന്യയാത്ര ഒരുക്കുകയും ചെയ്തതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നും കൂട്ടിച്ചേർത്തു.

ഒരുകാലത്ത് കേരളത്തിൽ നാടകവേദികളിൽ നിറഞ്ഞുനിന്നിരുന്ന ഹരികുമാർ പിന്നീട് സൗദിയിൽ ജോലി തേടിച്ചെല്ലുകയും ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയുമായിരുന്നു. ഭാര്യ: കലാ ഹരികുമാർ. മക്കളായ സൗമ്യ ഹരികുമാർ, ലക്ഷ്മി ഹരികുമാർ എന്നിവർ ഡോക്ടർമാരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA