15 വർഷത്തെ സമ്പാദ്യം കടം; കോവിഡ് തകർത്തത് ലത്തീഫിന്റെ അവശേഷിച്ച സ്വപ്നങ്ങളും

latheef-obit
SHARE

ദുബായ്∙ ‘‘ ലത്തീഫിന് സ്വന്തമായിട്ട് ഉണ്ടായിരുന്നത് കടമാണ്. വീട് വയ്ക്കാൻ വസ്തു വാങ്ങാൻ  നാട്ടിൽ പലയിടത്തും നോക്കി. അഞ്ചു സെന്റ് മാത്രമായി കിട്ടാൻ പ്രയാസപ്പെട്ടു. ഒടുവിൽ വായ്പയെടുത്ത കാശ് കൂടി കടമായി’’, ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച കണ്ണൂർ ഇരിണാവ് പടിഞ്ഞാറേപ്പുരയ്ക്കൽ ലത്തീഫിനെ(44) കുറിച്ചു പറയുമ്പോൾ സഹോദരൻ അനീഫയുടെ വാക്കുകൾ ഇടറുന്നു. 

15 വർഷമായി ദുബായിൽ ഡ്രൈവറായിരുന്നു ലത്തീഫ്. ബാപ്പയുടെ മരണത്തിന് നാട്ടിലെത്തി, ജനുവരിയിലാണ് മടങ്ങിയത്.  

ആഴ്ചകൾക്കകം കോവിഡ് പിടിപെട്ടു. നാട്ടിലെ മണ്ണിൽ അന്തിയുറങ്ങണം എന്ന ആഗ്രഹവും സഫലമായില്ല. 

ഭാര്യ ജസീലയ്ക്ക് ജോലിയില്ല. മക്കളായ ലബീബും സഹലും വിദ്യാർഥികൾ. ജീവിതം വഴിമുട്ടിയ ഗൾഫിലെ ഒട്ടേറെ ടാക്സി ഡ്രൈവർമാരിൽ ഒരാളാണു ലത്തീഫ്. ജീവിതദൂരം എങ്ങനെ താണ്ടണമെന്നറിയാതെ വലയുന്ന ഹതഭാഗ്യരുടെ പ്രതിനിധി. 

‘‘ കോവിഡ് വ്യാപനത്തോടെ മാസം 18,000 രൂപ മാത്രമാണ് മാസം ലഭിച്ചിരുന്നത്. വാടകയായി  11,000 രൂപ കൊടുക്കണം. ആഹാരത്തിനു പണം മുടക്കിക്കഴിയുമ്പോൾ വീട്ടിലേക്കയയ്ക്കാൻ മിച്ചം കാണില്ല: ലത്തീഫിന്റെ കൂടെ ഒരേമുറിയിൽ താമസിച്ചിരുന്ന ഷൈജുലാൽ പറഞ്ഞു. വീട്, മക്കളുടെ വിദ്യാഭ്യാസം... ലത്തീഫിന് സ്വപ്നങ്ങളുണ്ടായിരുന്നു. ഒരു ദിവസം രാത്രി 11 ന് ഓട്ടം കഴിഞ്ഞ് പെട്ടിയിൽ പൈസയും വച്ചിട്ടു പോയതാ,’’ ഷൈജുവിന്റെ കണ്ണുകളിൽ നനവ്. 

അനാഥ കുടുംബങ്ങൾക്ക് ഇൻഷുറൻസും നൽ‌കണം 

ദുബായ്∙ കോവിഡ് മൂലം ഇതിനകം ഗൾഫിൽ മരിച്ച 250 മലയാളികളിൽ അർഹരായവർക്ക് നോർക്ക സഹായം നൽകണമെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു. നൂറു പേർക്ക് 5 ലക്ഷം രൂപ വീതം നൽകിയാൽപ്പോലും 5 കോടി രൂപയേ വേണ്ടി വരൂ. നോർക്കയുടെ ഇൻഷുറൻസ് ഇവർക്കു കൂടി ബാധകമാക്കാൻ ചട്ടങ്ങൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറെ സാമ്പത്തിക ബാധ്യതയുള്ളവരും ഒരു രൂപ പോലും മിച്ചമില്ലാത്തവരുമാണ് ഗൾഫിൽ മരിച്ച പ്രവാസികളിൽ ഏറെ. ഇവരുടെ കുടുംബങ്ങൾ  അനാഥമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA