ദയവായി അവരെ ആരും കൊല്ലാക്കൊല ചെയ്യരുത്; കോവിഡ് കിടക്കയിൽനിന്ന് ഒരു അനുഭവക്കുറിപ്പ്

yaseen
യാസീൻ ഹസൻ.
SHARE

ദുബായ് ∙ ഇതെഴുതുമ്പോൾ ഞാൻ കോവിഡ് രോഗിയാണ്. എന്റെ ദുബായ് ഓഫിസിൽ ഏറെക്കുറെ എല്ലാവരും രോഗബാധിതരാണ്. അല്ലാത്തവർ ഓരോരുത്തരായി ആയിക്കൊണ്ടിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോൾ, കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ജൂൺ 13ന് ഞാനും ഒന്നു പരിശോധിപ്പിച്ചു. ഫലം വന്നു – കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം ക്വാറന്റീൻ. ഇപ്പോൾ ഒരാഴ്ച പിന്നിട്ടു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. വീട്ടിൽ തന്നെ വിശ്രമിക്കുന്നു.

രോഗക്കിടക്കയിൽ നിന്നുള്ള കുറിപ്പ് എന്നാണു തലവാചകമെങ്കിലും ഞാൻ കിടക്കയിലല്ല; എന്റെ ദിനചര്യകൾക്കോ ജോലിക്കോ മാറ്റമൊന്നുമില്ല. ഓഫിസിൽ പോകാതെ എല്ലാം വീട്ടിലിരുന്നു ചെയ്യുന്നു എന്നു മാത്രം. വ്യക്തിസുരക്ഷാ കിറ്റിന്റെ (പിപിഇ കിറ്റ്) വിതരണക്കാരാണ് ഞങ്ങൾ. ഇത് ഏറ്റവും തിരക്കുപിടിച്ച സമയം. ഭാര്യയും മക്കളും നാട്ടിലാണ്. എല്ലാ ദിവസവും വിഡിയോ കോൾ. രോഗം ഭേദമായ ശേഷം മറ്റുള്ളവരോട് പറയാമെന്നായിരുന്നു ധാരണ.

ഇതിനിടയിൽ ഷാർജയിലെ ബന്ധു ഓഫിസ് കാര്യത്തിനു വിളിച്ചപ്പോൾ ‘ഞാൻ ഓഫിസിൽ ഇല്ല; കോവിഡ് ബാധിച്ചു വിശ്രമത്തിലാണ്’ എന്നു പറഞ്ഞുപോയി. അദ്ദേഹത്തിന്റെ കമ്പനിയിൽ ഒരു യുവാവ് രണ്ടുമാസം മുൻപാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്റെ അഭ്യുദയകാംക്ഷിയായ അദ്ദേഹം, എല്ലാവരുടെയും പ്രാർഥന ലഭിക്കാനായി എന്റെ പിതാവും ബന്ധുക്കളും ഉൾപ്പെടെ പലരെയും വിവരം അറിയിച്ചു. വീട്ടിലും നാട്ടിലുമെല്ലാം അറിഞ്ഞു. പിന്നെ ഫോൺ കോളുകളുടെ പ്രവാഹം. പലരും വിളിച്ചു പൊട്ടിക്കരയുന്നു. ചിലർക്ക് ഞങ്ങളോട് എന്തേ പറയാതിരുന്നത് എന്ന പരിഭവം. ഫോൺകോളുകൾ കൂടിക്കൂടി വന്നപ്പോൾ ഞാനും ആകെ മാനസിക സമ്മർദത്തിലായി. വിളിച്ചവർ പലരും പല മരുന്നുകളും പറഞ്ഞുതന്നു. സുന്നാമക്കി മുതൽ കരിഞ്ചീരകം വരെ. 

എല്ലാവർക്കും പറയാനുള്ളത് ഒരേ ഒരു കാര്യം – ‘നിനക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും’. എന്തും ചെയ്യലാണ് ഈ കാണുന്നതെല്ലാം. ഇതിലും ഭീകരമാണ് ഗൾഫിലും നാട്ടിലുമുള്ള പല കോവിഡ് ബാധിതരുടെയും അവസ്ഥ. ഗൾഫിലെ പ്രവാസികൾ മിക്കവരും ഒറ്റയ്ക്ക് ആയിരിക്കും. കോവിഡ് ആണെന്നു കേൾക്കുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇങ്ങനെ ‘സ്നേഹിക്കുമ്പോൾ’ അവരുടെ മനസ്സിൽ ഒരു ‘ഫിയർ സൈക്കോസിസ്’ രൂപപ്പെടുകയാണ്. പല കോവിഡ് മരണങ്ങളും ഹൃദയാഘാതം കാരണമാണ്. പലരും വലിയ മാനസിക സമ്മർദത്തിലാണ്. ദോഹയിലെ ഹമദ് ആശുപത്രിയിൽ കോവിഡ് ചികിത്സാവിഭാഗത്തിലുള്ള ഡോ. ഇർഫാൻ എന്റെ ബന്ധുവാണ്. ചുമ, തലവേദന, പനി തുടങ്ങി ഒരു ലക്ഷണവും ഇല്ലാത്തതിനാൽ ഒരു മരുന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക.

കോവിഡ് വന്നു പോവുകയാണ് ഏറ്റവും നല്ലത്. ദോഹയും ദുബായും സ്വയം ആർജിത പ്രതിരോധത്തിലേക്ക് (ഹേഡ് ഇമ്യൂണിറ്റി) എത്തിയിരിക്കുന്നു. ഇതെഴുതുമ്പോൾ യുഎഇയിൽ 44,925 പേരിൽ രോഗം സ്ഥിരീകരിച്ചു; 32,415 പേർ രോഗമുക്തരായി. 72.15% ആണ് രോഗമുക്തി നിരക്ക്. 302 പേർ മരിച്ചു. മരണനിരക്ക് വെറും 0.67%. ഇതിൽ ചെറിയൊരു ശതമാനമെങ്കിലും മേൽപ്പറഞ്ഞ ഫിയർ സൈക്കോസിസ് കാരണം മരണപ്പെട്ടതായിരിക്കാം. ഗൾഫിലുള്ള പല രോഗികളെയും ഹോസ്പിറ്റലിലേക്കു മാറ്റാൻ സഹായം തേടി കേരളത്തിൽനിന്ന് 100 ഫോൺകോൾ എങ്കിലും 3 മാസത്തിനിടയിൽ എനിക്കു ലഭിച്ചിട്ടുണ്ട്. അവരെയെല്ലാം അപ്പോൾത്തന്നെ ബന്ധപ്പെട്ടിട്ടുമുണ്ട്. എന്റെ കമ്പനിയുടെ പിആർഒ കുഞ്ഞുമുഹമ്മദ്, മുഖ്യമന്ത്രിയുടെ ടാസ്ക് ഫോഴ്സ് അംഗമാണ്. അദ്ദേഹം വഴിയും മറ്റു സംഘടനകൾ വഴിയും പ്രവാസികൾക്ക് പിന്തുണ നൽകി.

നേരിട്ടു സംസാരിച്ച പല രോഗബാധിതർക്കും കാര്യമായ ബുദ്ധിമുട്ടുകളില്ലായിരുന്നു. അവരുടെയൊക്കെ പ്രശ്നം ഒറ്റപ്പെടലും മാനസികവേവലാതികളും നാട്ടിൽ നിന്നുള്ള കൂട്ടക്കരച്ചിൽ ഫോൺ കോളുകളും നാട്ടിൽ എപ്പോൾ എത്തുമെന്ന ആധിയുമായിരുന്നു. ഒരുപക്ഷേ നാട്ടിലേക്ക് അത്യാവശ്യത്തിന് വിമാനം ഉണ്ടായിരുന്നുവെങ്കിൽ ഒട്ടേറെ പേരുടെ ജീവിതം രക്ഷിക്കാമായിരുന്നു. കുടുംബം ഒപ്പമില്ല, രോഗം കൂടി വരുമ്പോൾ കൂടുതൽ ഒറ്റപ്പെടൽ, ഐസലേഷൻ കൂടിയായാൽ ഒറ്റപ്പെടലിന്റെ പാരമ്യം. ഇതെല്ലാം ഒരുപാടുപേരെ വിഷാദത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. എത്ര ധൈര്യമുള്ളവരും ഉലഞ്ഞുപോവുകയാണ്. ഒരു സുഹൃത്തിനെക്കുറിച്ചു പ്രത്യേകം പറയണം. റഫീഖ് എന്ന കാസർകോട്ടുകാരൻ. ബിസിനസുകാരൻ. രോഗവിവരം കേട്ടറിഞ്ഞ ദിവസം മുതൽ ആരും ആവശ്യപ്പെടുകയോ പറയുകയോ ചെയ്യാതെ എനിക്കുള്ള ഭക്ഷണം വീട്ടിൽ എത്തിച്ചു തരും.

എപ്പോൾ വരുമ്പോഴും പോസിറ്റീവ് എനർജി മുഖത്ത് വച്ചിട്ടാണ് പോവുക. രോഗത്തെക്കുറിച്ച് ഒന്നും ചോദിക്കില്ല. ബിസിനസ് മാത്രം സംസാരിക്കും – കുറച്ച് അകലത്തിൽ നിന്നുകൊണ്ട്. ഒരുപാട് പേരുടെ അസുഖം വളരെ പെട്ടെന്ന് മാറുമായിരുന്നു. ഭയം ഒന്നു മാത്രമാണ് അവരിൽ പലരെയും പെട്ടെന്നു മരണത്തിലേക്കു നയിച്ചത്. ഞാൻ മനസ്സിലാക്കിയിടത്തോളം സ്വയം ആർജിത പ്രതിരോധം കോവിഡിന്റെ കാര്യത്തിലും ഉണ്ട്. എത്ര കാലത്തേക്ക് പ്രതിരോധം നിലനിൽക്കും എന്നത് ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ദുബായ് പോലുള്ള ചെറിയ മേഖലകൾക്ക് ഏറ്റവും നല്ലത് സ്വയം ആർജിത പ്രതിരോധശേഷിയിലേക്ക് നീങ്ങുന്നതാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകളെക്കാൾ എത്രയോ അധികമാണ് അറിയാതെ വന്നുപോയ രോഗികളുടെയും സ്വയം വിശ്രമിച്ചവരുടെയും എണ്ണം. യുഎഇ ജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് ഇപ്പോൾ തന്നെ രോഗം വന്നുപോയിട്ടുണ്ടാകാം.

ദുബായിലെ എല്ലാ മാളുകളും പ്രായഭേദമന്യേ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുകയാണിപ്പോൾ. ബീച്ചുകളും കളിസ്ഥലങ്ങളും തുറന്നു. രോഗത്തെക്കുറിച്ചും രോഗം വന്നാൽ എന്തു ചെയ്യണം എന്നതിനെ കുറിച്ചും നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. എന്നാൽ, രോഗിയായി കഴിയുന്നവർക്കു നൽകേണ്ട മാനസിക പിന്തുണയെക്കുറിച്ച് പലർക്കും ധാരണയില്ല. ദയവായി അവരെ ആരും കൊല്ലാക്കൊല ചെയ്യരുത്. ഒരു പ്രശ്നവുമില്ലാതെ ബഹുഭൂരിപക്ഷം ആളുകളും ഇതിനെ അതിജീവിച്ച് മുന്നോട്ടു വരിക തന്നെ ചെയ്യും- യാസീൻ ഹസൻ (സിഇഒ & മാനേജിങ് ഡയറക്ടർ, സിആൻഡ്എച്ച് ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്സ്, ദുബായ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA