പ്രകൃതിക്കൊപ്പം ജീവിക്കാൻ പഠിക്കാം; ഇത് ദുബായിൽ നിന്നും ജേക്കബ് മാത്യുവിന്റെ ചിന്ത

jacob-mathew-nature-dubai
SHARE

ദുബായ് ∙ കാഴ്ചകൾക്ക് പുതിയ മിഴിവും പച്ചപ്പിന് കൂടുതൽ ഹരിതാഭയും കാണുമ്പോൾ ഇവയൊന്നും ഒരിക്കലും മായല്ലേ എന്നാണ് ജേക്കബ് മാത്യുവിന്റെ പ്രാർഥന. പത്തുവർഷത്തിലേറെയായുള്ള ശീലമാണ് പ്രഭാത സവാരിയെങ്കിലും ഇപ്പോഴത്തെ പ്രകൃതിയുടെ മാറ്റം ഹൃദയത്തെ വല്ലാതെ സ്വാധീനിക്കുന്നതായി അദ്ദേഹം പറയുന്നു. നാഷനൽ എയർ കാർഗോ പ്രസിഡന്റായ ജേക്കബ് മാത്യു (ജോജോ) കടുത്ത പ്രകൃതി വാദിയോ ഫൊട്ടോഗ്രാഫി കമ്പക്കാരനോ അല്ല. 

jacob-mathew-nature-dubai4

പക്ഷേ, താൻ പോലും ശ്രദ്ധിക്കുന്ന രീതിയിൽ പ്രകൃതിയിൽ മാറ്റങ്ങൾ വന്നത് കാണാതിരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  കോവിഡ് കാലത്തെ ലോക്ഡൌണിലൂടെ പ്രകൃതിയും പുതിയ മനോഹര കുപ്പായം അണിയുകയാണ്. വീണ്ടെടുപ്പ് നടത്തുകയാണ്. നവോന്മേഷത്തിന്റെ പുതിയ പ്രഭാതങ്ങളാണ് പ്രകൃതിയുടെ പുതിയ സമ്മാനം. പൊടിപടലങ്ങൾ ഒഴിഞ്ഞ വാനവും ശബ്ദ കോലാഹലങ്ങൾ ഒഴിഞ്ഞ പരിസരവും പുതിയ പ്രസരിപ്പിന്റേതാണ്. അതുകൊണ്ടു തന്നെ മുമ്പൊരിക്കലും ക്യാമറയിൽ പകർത്തണമെന്ന് തോന്നാതിരുന്ന കാഴ്ചകൾ ഒരോന്നും പകർത്താൻ ഉത്സാഹമേറേയാണെന്ന് അദ്ദേഹം പറയുന്നു.

jacob-mathew-nature-dubai3

ദുബായ് ക്രീക്കിന് സമീപത്തെ ഗോൾഫ് കോഴ്സിനുള്ളിലാണ് അദ്ദേഹത്തിന്റെ താമസയിടം. അവിടുത്തെ പ്രഭാത സവാരിയെക്കുറിച്ച് ഇപ്പോൾ അദ്ദേഹത്തിന് പറയാൻ നൂറു നാവ്. കോവിഡ് കാലം പ്രകൃതിയും പുനരുജ്ജീവനത്തിന് ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പണ്ടൊക്കെ ഗോൾഫ് കോഴ്സിൽ നടക്കാൻ പോകുമ്പോൾ പക്ഷികളൊക്കെ പേടിച്ച് പറന്നു മാറുമായിരുന്നു. ഇപ്പോൾ അവ കൂടുതൽ ധൈര്യത്തോടെ അവിടെ നടക്കുന്നു. ഇതു ഞങ്ങളുടെ ഇടമാണെന്ന ബോധ്യവും ധൈര്യവും അവയ്ക്കു കൈവന്നപോലെ. വേണമെങ്കിൽ ഞങ്ങൾക്കൊപ്പം ഓരം ചേർന്നു നടന്നോ എന്ന ഭാവം. 

jacob-mathew-nature-dubai2

പക്ഷികളൊക്കെ പുതിയ പാട്ടുകൾ പാടുന്ന പോലെ. ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ കൊണ്ട് അവ ആരെയും അതിശയിപ്പിക്കുന്നു. ഇത്രകാലം ഇവയൊക്കെ എവിടെയായിരുന്നു എന്നു ചിന്തിച്ചു പോകുന്ന രീതിയിലാണ് ഒരോ കളകൂജനവും. അറേബ്യൻ ചെന്നായ്ക്കളും ഇടയ്ക്കിടെ തല ഉയർത്തും. പക്ഷേ, അവയെ പേടിയാണെന്ന് ജേക്കബ് മാത്യു പറഞ്ഞു. മലേഷ്യയിലാണ് ജേക്കബ് മാത്യു ജനിച്ചു വളർന്നതെല്ലാം. അവിടുത്തെ പച്ചപ്പു കണ്ണുകളിൽ മായാതെ നിൽക്കുന്നു. ചെങ്ങന്നൂർ പുത്തൻകാവിലെ തറവാട്ടു വീടിൽ വാർഷിക അവധിക്കു പോകുമ്പോഴുള്ള കാഴ്ചകളും മനസ്സിലുണ്ട്. ആ ദിനങ്ങൾ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഒരോ പ്രഭാതമെന്നും അദ്ദേഹം പറയുന്നു. 

jacob-mathew-nature-dubai1

ഭാര്യ മിനിക്കൊപ്പം രാവിലെ അഞ്ചരയ്ക്കു തന്നെ നടക്കാനിറങ്ങും. ഒരു മണിക്കൂർ സമയം. പണ്ടൊക്കെ ഒരു കർമാനുഷ്ഠാനം പോലെയായിരുന്നു നടത്തം. അന്നൊന്നും സമയമില്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രകൃതിയെ കാണാൻ സമയമുണ്ട്. കോവിഡ് പകർന്ന മറ്റൊരു പാഠമതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന ചിന്തയും വളർന്നു. അതോടെ നടപ്പും കാഴ്ചകളും ആസ്വാദ്യകരമായി. കാഴ്ചകൾ കൂടുതൽ ഹൃദ്യവുമായി. പണ്ടും ഈ കാഴ്ചകൾ ഉണ്ടാവാം. പക്ഷേ ഇത്ര മിഴിവോ കാണാൻ ഇത്ര സമയമോ കണ്ണുകളോ ഇല്ലായിരുന്നു എന്നു മാത്രം. താളം മറന്നുള്ള ഓട്ടത്തിലാണ് മനുഷ്യൻ. പ്രകൃതിയും താളം മറക്കുമ്പോൾ മനുഷ്യന് ദുരിതങ്ങളാണ് പരിണിത ഫലം. പ്രകൃതി അതിന്റെ താളം വീണ്ടെടുക്കട്ടെ. അതു കാണാനും അറിയാനും കോവിഡ് കാലം പുതിയ കണ്ണുകളും ഹൃദയവും മനുഷ്യന് നൽകട്ടെ എന്നാണ് അദ്ദേഹത്തിന്റെ പ്രാർഥന. പ്രകൃതിക്കൊപ്പം ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നതാണ് അദ്ദേഹത്തിന്റെ പരിസ്ഥിതിദിന ചിന്ത.

jacob-mathew-nature-dubai5
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA