ഗർഭിണിയായ ഭാര്യ; ഉർവ്വശി ശാപം ഉപകാരമായി,വർക് ഫ്രം ഹോം എളുപ്പമല്ല;- ദുബായിൽ നിന്നു മലയാളി യുവാവ്

aneesh
SHARE

ദുബായ്∙ കൊറോണ വൈറസ് ഏൽപിച്ച 'ക്ഷീണം' എത്രകാലത്തേയ്ക്ക് ഈ ലോകത്തെ ഇങ്ങനെ കൊണ്ടുപോകും? ഉത്തരമില്ലാത്ത ചോദ്യങ്ങൾ മുന്നിൽ നിറയുമ്പോൾ യുഎഇ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും സുരക്ഷിതമാർഗത്തിലൂടെ തിരിച്ചുവരവിന്റെ പാതയിലാണ്. ഓൺലൈൻ പഠനവും വീട്ടിലിരുന്ന് ജോലിയും വിഡിയോ കോൺഫറൻസിലൂടെ  മീറ്റിങ്ങും ഒക്കെയാണ് ഇപ്പോളും പല കമ്പനികളും സുരക്ഷിതത്വത്തിന്റെ മാർഗമായി സ്വീകരിച്ചിരിക്കുന്നത്.  ദുബായിയിൽ ഫാർമസ്യൂട്ടിക്കൽ  കമ്പനിയിൽ  ജോലി ചെയ്യുന്ന എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശി അനീഷ് ഈ കൊറോണക്കാലത്തെ ജോലി, കുടുംബം, നാടിൻറെ ചിന്തകൾ ഒക്കെ പങ്കുവയ്ക്കുന്നു:

"വല്ലാത്ത ഒരാവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. മരുന്നുകളുടെ ലോകത്ത് ജീവിക്കുമ്പോൾ ഒരിക്കൽപോലും ചിന്തിക്കാത്ത ഒന്ന്. ഒരു മരം പറിച്ച് മറ്റൊരു മണ്ണിൽ നടുന്നപോലെ ജോലിസ്ഥലം താൽക്കാലികമായി മാറ്റിനടപെട്ടു.  കുടുംബത്തിനൊപ്പം ജോലി പുറത്ത്നിന്നും നോക്കുമ്പോൾ രസകരമാണ്. പക്ഷേ കർമ്മമേഖല ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാകുമ്പോൾ അത് നൽകുന്ന ഉത്തരവാദിത്വം ഏറെയാണ്. 

 

വർക് ഫ്രം ഹോം എളുപ്പമല്ല

ഫാർമസ്യുട്ടിക്കൽ കമ്പനിയുടെ സപ്ലൈ ചെയിൻ വിഭാഗത്തിലാണ് ആണ് ഞാൻ ജോലി ചെയ്യുന്നത്. മരുന്ന് ഉപഭോക്താവിന് എത്തിക്കുന്നതിൽ സുപ്രധാന ചുമതലയുള്ള കുറച്ചു പേരിൽ ഒരാൾ. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ വീട്ടിലിരുന്നാണ് ജോലി. ഇത് എളുപ്പമായി പലർക്കും തോന്നിയേക്കാം. പക്ഷെ അങ്ങനെയല്ല;  ഓഫിസിലെപ്പോലെ നിശ്ചിത സമയക്രമം വീട്ടിലുണ്ടാകില്ല. രാവിലെ സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങിയാൽ പണികളെല്ലാം തീരുമ്പോൾ രാത്രിയാകും. ഉൽപ്പന്നങ്ങൾ മരുന്നല്ലേ?  ലോകംമൊത്തം മരുന്നിന്റെ ക്ഷാമം നേരിടുന്ന സമയം. നമ്മളെക്കൊണ്ടാവും വിധം  പറ്റുന്നതെല്ലാം ചെയ്യണം. ഒരാൾ മാത്രമല്ല. സഹപ്രവർത്തകരെല്ലാരും ഇതു പോലെ തന്നെയാണ് ജോലി. ഓഫിസിൽ ആയിരുന്നെങ്കിൽ എത്ര ടെൻഷൻ ഉണ്ടെങ്കിലും സഹപ്രവർത്തകരുമായുള്ള സൗഹൃദസംഭാഷണങ്ങൾ നമുക്ക് പ്രത്യേക ഊർജം നൽകും. ഇപ്പോൾ അതെല്ലാം നന്നായി മിസ്സ് ചെയ്യുന്നു.

ചില സമയത്ത് ആശുപത്രികളിൽ നിന്നും നേരിട്ട് (patient urgency) ഓർഡറുകൾ വരും. ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ആണ് ഞാൻ കൈകാര്യം ചെയ്യുന്നത്.  അവിടെ ഏതെങ്കിലും ആശുപത്രിയിൽ മരുന്നിന് കാത്തിരിക്കുന്നത് നമുക്ക് പരിചയംപോലും ഇല്ലാത്തവരാകും. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവരാണ് രോഗികളെന്ന് സങ്കൽപ്പിച്ച് രാവെന്നോ പകലെന്നോ നോക്കാതെ ഓർഡർ അവിടെയെത്തിക്കാൻ വേണ്ട കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യണം. ഒരു ചെറിയ തെറ്റിന് ഒരാളുടെ ജീവന്റെ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് അതീവശ്രദ്ധ അത്യാവശ്യമാണ്. മരുന്ന് കിട്ടാതെ ആളുകൾ മരിക്കുന്നത് ചില രാത്രികളിൽ ദുസ്സ്വപ്നമായിപ്പോലും കണ്ടിട്ടുണ്ട്. മാസാവസാനം ഓരോ രാജ്യങ്ങളിലേക്ക് വേണ്ട മരുന്നുകൾ എത്തിച്ചു കഴിയുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത സന്തോഷമാണ്. ആ സന്തോഷത്തിൽ നമ്മൾ കടന്നുപോയ ടെൻഷനും സ്ട്രെസ്സുമെല്ലാം മറക്കും. അപ്പോഴേക്കും അടുത്ത മാസത്തിലേക്കുള്ള ലിസ്റ്റ് വന്നിട്ടുണ്ടാകും. 

 

ഗർഭിണിയായ ഭാര്യ - ഉർവ്വശി ശാപം ഉപകാരം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് എന്നതിനാൽ മറ്റൊരു ഗുണമുണ്ട്. മുഴുവൻ സമയവും വീട്ടിലുള്ളതിനാൽ പൂർണ ഗർഭിണിയായ ഭാര്യക്ക് വേണ്ട ചെറിയ സഹായം ചെയ്യുവാനും, മൂന്ന് വയസ്സുകാരൻ മകനെ ശ്രദ്ധിക്കുവാനും സാധിക്കുന്നുണ്ട്. ഭാര്യയ്ക്ക് കൂടുതൽ കരുതൽ വേണ്ട സമയത്ത് ഓഫിസിൽ ആയിരുന്നെങ്കിൽ ഇതു നടക്കില്ലായിരുന്നല്ലോ എന്നറിയാതെ ഓർത്തുപോയി. അർജ്ജുനനെ ഉർവശി ശപിക്കുമ്പോൾ അത് അജ്ഞാതവാസക്കാലത്ത് ഉപകാരമാക്കി ഉപയോഗിച്ചത് കേട്ടിട്ടുണ്ട്. അത് ഓർത്തുപോയി. നമ്മുടെ പ്രയാസത്തിലും ഇത്തരം ചില നന്മകൾ നമുക്ക് ലഭിക്കുന്നല്ലോ എന്നോർത്ത് അതിൻറെ നല്ല വശം ഉൾകൊള്ളാൻ ശ്രമിക്കുന്നു.

 

നാടിന്റെ നൊസ്റ്റാൾജിയ 

എത്ര ഉറക്ക ക്ഷീണമുണ്ടെങ്കിലും വെക്കേഷന് നാട്ടിൽ പോകുമ്പോൾ ഫ്ലൈറ്റിൽ ഉറങ്ങാൻ സാധിക്കാറില്ല. 'കൊച്ചിയെത്തി' എന്നു ക്യാപ്റ്റൻ അനൗൺസ് ചെയ്യുന്നത് കേൾക്കാൻ  കാതോർത്തിരിക്കും. വിമാനത്തിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ മുതൽ നാടിന്റെ ഗന്ധത്തിനുവേണ്ടി മൂക്ക് തിരയും. മഴയുംകൂടി പെയ്തിട്ടുണ്ടെങ്കിൽ കുശാൽ. മഴയും മണ്ണും കൂടിച്ചേരുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേക മണം. എല്ലാവർക്കും ഈ മണം കിട്ടാറുണ്ടോ എന്നറിയില്ല, പക്ഷെ പ്രവാസികൾക്ക് കിട്ടും. സുഹൃത്തുക്കളായിരിക്കും മിക്കവാറും വിളിക്കാൻ വരാറുള്ളത്. എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ ഒരു കട്ടൻചായ നിർബന്ധമാണ്. അത് കുടിച്ചുകൊണ്ടായിരിക്കും വിശേഷങ്ങൾ പറച്ചിൽ. "ഇവിടെയൊക്കെ ആകെ മാറിപ്പോയല്ലോ" എന്നുള്ള ക്ളീഷേ ഡയലോഗ്‌ പറയുകയും, "അതിനു നീ ആറുമാസം മുമ്പല്ലേ വന്നുപോയത്?" എന്ന മറുപടിയിൽ അവർ കളിയാക്കുകയും ചെയ്യും. ഒരു ശരാശരി പ്രവാസി ഇത്തരം ചെറിയ കാര്യങ്ങളാണ് നാട്ടിൽ വരുമ്പോൾ കൂടുതൽ ആസ്വദിക്കുന്നത്. ഇനിയെന്നാണ് ഇതുപോലെ പോകാനാവുക? ഒരെത്തും പിടിയുമില്ല. 

 

മനസ്സ് കൈവിടാതെ നോക്കണം

എവിടെ നോക്കിയാലും കൊറോണയെപ്പറ്റിയുള്ള ചർച്ചകൾ. പലപ്പോഴും ആളുകൾ പർവ്വതീകരിച്ചാണ് കാര്യങ്ങൾ പറയുന്നത്. അടുത്തുള്ള ബിൽഡിങ്ങിൽ കൊറോണയുണ്ടെന്നും, ആളുകൾ മരിച്ചന്നും മറ്റുമുള്ള സംഭാഷണങ്ങളാണ് കൂടുതലും. വസ്തുതകൾ മാറ്റിവച്ചുള്ള ഇത്തരം സംഭാഷണങ്ങൾ അരുത്. വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ചുറ്റും ഒരുപാടുണ്ട്. നമ്മൾ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ അവരുടെ മാനസികനിലയെ മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.  സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ പരമാവധി അവരുടെ മനോനിലകൂടി മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കുക. ചിലർക്ക് ഒരപരിചിതന്റെ മരണവാർത്ത പോലും താങ്ങാൻ കെല്പില്ലാത്തവരാണ്.

കാര്യങ്ങൾ പോസിറ്റീവ് ആയി കാണുന്നതിനോടൊപ്പം നമ്മളെ കേൾക്കുന്നവർക്കും അത് പകർന്നുകൊടുക്കുക. പ്രവാസികളെ കരുതുന്ന രാജ്യമാണ് യു.എ.ഇ. ദുബായ് സർക്കാരും മഹാമാരിയെ പ്രതിരോധിക്കുവാൻ സർവ്വസന്നാഹവും ഒരുക്കിയിരിക്കുന്നു. ആ സ്നേഹം നമ്മളും തിരികെ നൽകണം, നന്ദിയുള്ളവർ ആയിരിക്കണം. ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം നമ്മളായി നഷ്ടപ്പെടുത്തരുത്, പ്രത്യതാ അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ ഗവണ്മെന്റിനൊപ്പം വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ പറ്റുന്നത് ചെയ്യുക. നല്ല വിശേഷങ്ങൾ നിർദോഷമായ തമാശകൾ ശുഭപ്രതീക്ഷയുള്ള വാർത്തകൾ ഒക്കെ പങ്കുവച്ച് നമുക്ക് മുന്നോട്ട് പോകാം".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA