കോവിഡ് ബാധിച്ചു മരിച്ചയാളുടെ കബറടക്കത്തിന് മണ്ണുവാരി വൈദികൻ; ആ കരുതൽ വൈറൽ

rev-ninan-philip
കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ്.
SHARE

ദുബായ്. കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ അപവാദമാകുകയാണ് ഈ വൈദികന്റെ പ്രവൃത്തിയെന്നും ഇതാണ് തികഞ്ഞ മനുഷ്യസ്നേഹമെന്നുമാണ് വൈറലായ വീഡിയോയെക്കുറിച്ചുള്ള മിക്കവരുടെയും അഭിപ്രായം.

dubai-covid

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ കുര്യൻ വർഗീസിന്റെ സംസ്കാര വേളയിൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന വീഡിയോ ആണ് എങ്ങും പ്രചരിക്കുന്നത്. ജബൽ അലിയിലെ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കുര്യൻ വർഗീസിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായതിനാൽ ക്വാറന്റീനിലായിരുന്നു. മരുമകൻ എൽജോ മാത്രമേ കുടുംബാംഗമായി ഉണ്ടായിരുന്നുള്ളൂ.

പള്ളി സഹവികാരി ഫാ.സിബു തോമസ്, പള്ളി സെക്രട്ടറി ബാബു കുരുവിള മടത്തറ, മുഖ്യ ശുശ്രൂഷകൻ അനീഷ്, ഷാർജ ഏരീയാ അംഗം തോമസ് എന്നിവരും സംസ്കാരത്തിൽ പങ്കെടുത്തു. പത്തടിയോളം താഴ്ചയുള്ള കുഴി മൂടാൻ എല്ലാവരും ചേർന്നു ശ്രമിച്ചാലേ കഴിയൂ എന്നതിനാലാണ് സഹായിച്ചതെന്നും കോവിഡ് മൂലം മരിക്കുന്ന ആദ്യ ഇടവകാംഗത്തിന് അന്തസ്സായ സംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ഫാ. നൈനാൻ ഫിലിപ്പ് മനോരമയോടു പറഞ്ഞു.

dubai-covid-2

ഇനി ഇടവകയിൽ ആരും കോവിഡ് ബാധയേറ്റ് മരിക്കരുതേ എന്നാണ് പ്രാർഥന. എല്ലാ മുൻകരുതലുകളോടെയും സംസ്കാരം നടത്താൻ അനുവാദം നൽകിയ യുഎഇ ഭരണകർത്താക്കളോടും സിഡിഎ(കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി) അധികൃതരോടും വളരെ നന്ദിയുണ്ട്. മൃതദേഹങ്ങളിൽ നിന്ന് കോവിഡ് ബാധയുണ്ടാകില്ലെന്നും ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA