നാട്ടിലേക്ക് പ്രതീക്ഷയുടെ ചാർട്ടേഡ് ചിറക്; മടങ്ങാൻ ഇനിയും പതിനായിരങ്ങൾ

chartered-flight
വന്ദേഭാരത് മിഷനിൽ നാട്ടിലേക്ക് മടങ്ങാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർ.
SHARE

ദോഹ∙പ്രവാസി സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതോടെ ഖത്തറിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയിൽ പ്രതീക്ഷയേറുന്നു. ഇന്നലെ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെയും ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെയും 2 ചാർട്ടേഡ് വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. ഖത്തർ ഇൻകാസിന്റെ ദോഹ-കൊച്ചി ഇൻഡിഗോ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 176 യാത്രക്കാരാണ് കൊച്ചിയിലെത്തിയത്.

ഐസിബിഎഫും കർണാക അസോസിയേഷനും ചേർന്ന് ഏർപ്പെടുത്തിയ ഗോ എയർ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 184 യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് പോയത്. 980 റിയാലാണ് ഐസിബിഎഫ് ടിക്കറ്റിന് ഈടാക്കിയത്.  പത്തുപേർക്ക് സൗജന്യ യാത്ര അനുവദിച്ചു. കോവിഡ്-19 പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പതിനായിരങ്ങൾ ഇനിയുമുണ്ട്. വന്ദേഭാരത് വിമാനങ്ങളിൽ ഏറ്റവും കൂടുതൽ സർവീസ് കേരളത്തിലേക്ക് ആണെന്നതിനാൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസിന് അനുമതി തേടാനുള്ള ശ്രമത്തിലാണ് ഐസിബിഎഫ് എന്ന് പ്രസിഡന്റ് പി.എൻ. ബാബുരാജൻ പറഞ്ഞു.

അതേസമയം കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഖത്തർ ഇൻകാസ് ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നത്. തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. കൊച്ചിയിലേക്കുള്ള ആദ്യ സർവീസിൽ ഏതാനും അർഹരായവർക്ക് സൗജന്യ യാത്രയും ഇൻകാസ് അനുവദിച്ചിരുന്നു. അതിനിടെ സ്വകാര്യ കമ്പനികൾ ഏർപ്പെടുത്തിയ 20 ചാർട്ടേഡ് വിമാനങ്ങളിലായി ഊർജ മേഖലയിലേത് ഉൾപ്പെടെ ഹ്രസ്വകാല തൊഴിൽ കരാർ പൂർത്തിയാക്കിയ 3,537  തൊഴിലാളികളും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
   
വന്ദേഭാരതിൽ നാട്ടിലെത്തിയത് 5,779 പേർ
   
കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ വഴി ഖത്തറിൽ നിന്ന് ഇന്നലെ വരെ പോയ 33 വിമാനങ്ങളിലായി 162 കുട്ടികൾ ഉൾപ്പെടെ 5,617 പേരാണ് ഇന്ത്യയിലെത്തിയത്. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, മുതിർന്നവർ, രോഗികൾ, അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർ എന്നിവർ കൂടാതെ വനിതാ ഗാർഹിക തൊഴിലാളികളും ജയിൽ മോചിതരും നാട്ടിലേക്ക് മടങ്ങിയവരിൽ ഉൾപ്പെടുന്നു. നാട്ടിലേക്ക് മടങ്ങാൻ റജിസ്റ്റർ ചെയ്ത 45,000 ത്തിലധികം പേരിൽ 5,779 പേർ മാത്രമാണ് മടങ്ങിയത്. വരും ദിവസങ്ങളിലായി പ്രവാസി സംഘടനകളുടെ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു. വന്ദേഭാരതിൽ ഇന്ന് തിരുവനന്തപുരത്തേക്ക് മാത്രമാണ് വിമാനം. ജൂൺ 9 മുതൽ 19 വരെയുള്ള സർവീസിൽ കേരളത്തിലേക്ക് 15 വിമാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ജൂൺ 24 മുതലുള്ള മൂന്നാം ഘട്ടത്തിൽ 5 വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA