sections
MORE

നിശബ്ദതയുടെ കാഴ്ചയും സൗന്ദര്യവും

solilogy3
SHARE

സോളിലോക്കി എന്നുപറഞ്ഞാൽ ആത്മഭാഷണം എന്നാണർത്ഥം. ഈ കൊച്ചു സിനിമയിൽ വർത്തമാനമില്ല. ആസ്വാദകരുടെ ശ്രദ്ധ മുഴുവൻ നിശബ്ദതയിലൂടെയാണു സിനിമ നൽക്കുന്ന ബോധ്യങ്ങളിലേക്ക് എത്തുന്നത്.  വർത്തമാനകാല അണുകുടുംബ ജീവിതത്തിന്റെ ഇടനാഴികയിലേക്ക്  ആസ്വാദകരുടെ കാഴ്ച എത്തുമ്പോൾ ഈ കൊച്ചു സിനിമ ആഴത്തിലുള്ള ആസ്വാദന ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. സിനിമയുടെ പ്രമേയം പരിചിതമാണെങ്കിലും നിർമ്മാണത്തിൽ പുലർത്തിയ ശ്രദ്ധയും കൈയ്യൊതുക്കവും പ്രശംസിക്കേണ്ടതു തന്നെയാണ്.

ഓരോനിമിഷവും ഓരോ വലിയ സത്യത്തിലേക്കാണ് കാഴ്ചക്കാരന്റെ ശ്രദ്ധ ചെന്നു പതിക്കുന്നത്. അച്ഛനും അമ്മയും ഉണ്ടായിരിക്കെ ഒരു കുട്ടി അനുഭവിക്കുന്ന അനാഥത്വത്തിന്റെ വിങ്ങലിലേക്കാണ് ഓരോ നിമിഷവും  സിനിമ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. അതാകട്ടെ ആധുനിക നാഗരിക ജീവിതം നിർമ്മിച്ചെടുത്ത സംസ്ക്കാരത്തിന്റെ ഫലമാണ്. അതിനെ വ്യാഖ്യാനിക്കുന്നതിൽ സിനിമ വിജയിക്കുകയും ചെയ്യുന്നു. സമ്പത്ത് കൊണ്ട് മാത്രം മനോഹരമാക്കിയ കുടുംബത്തിനുള്ളിൽ നമ്മുടെ മക്കൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ ആഴത്തെ ഈ കൊച്ചു സിനിമ കാണിച്ചുതരുന്നുണ്ട്. നാം ആ കാഴ്ചയിലേക്ക് കണ്ണെറിയുന്നത് ഈ സിനിമയുടെ സൗന്ദര്യാത്മകതകൊണ്ടു കൂടിയാണ്.

pic

എങ്ങനെയാണ് ആധുനിക നാഗരികത ജീവിതത്തിൽ കുടുംബത്തിൽ അകലങ്ങൾ രൂപപ്പെടുന്നത് എന്ന് മക്കൾക്ക് പോലും  തിരിച്ചറിയാൻ കഴിയുന്നുണ്ട്. കാലം അവരെ അതിനായ് പാകപ്പെടുത്തിയതായിട്ടാണ് ഈ കൊച്ചു സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ബോധ്യപ്പെടുന്നത്. ജോലി കഴിഞ്ഞു വരുന്ന മാതാപിതാക്കളുടെ മനസ്സിനെ മുൻകൂട്ടി തന്റെ കളിപ്പാട്ടമായ കാർ കൊണ്ട് മനോഹരമായി നിർവഹിച്ചു കൊടുക്കുന്നുണ്ട് ഈ സിനിമയിലെ കൊച്ചു മകൻ. വീടിനകത്ത് എത്തിയ മാതാപിതാക്കളുടെ ഇടപെടൽ മകന്റെ  മനസ്സിൽ നങ്കൂരമിട്ട ആശങ്കകൾ ശരിവയ്ക്കുന്നുണ്ട് .ഓരോ മനുഷ്യനും ഓരോ ഒരു ലോകം സ്വന്തമായി നിർമ്മിച്ച അവിടെ സ്വസ്ഥത തേടുമ്പോൾ അന്യരുടെ ജീവിതത്തെ അവർ മറന്നുപോകുന്നു.

solilogy2

സോളിലോക്കി എന്ന കൊച്ചു സിനിമ തുടങ്ങുന്നതു തന്നെ ക്ലാസ് ജാറിനുള്ളിലെ മത്സ്യത്തിലേക്ക് കുട്ടിയുടെ നോട്ടം പതിഞ്ഞാണ്. രണ്ട് തടവറയുടെ രണ്ട് ദൃശ്യങ്ങൾ. മഹാസമുദ്രത്തിൽ നിന്നും കുപ്പിയിലേക്ക് അടക്കം ചെയ്യപ്പെട്ട ജീവിതം പോലെ ഈ ലോകത്തെ സർവ്വ സ്വാതന്ത്ര്യത്തിനും മുകളിൽ ഒരു കുട്ടി അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ വലുപ്പം സിനിമ  അവസാനിക്കുമ്പോൾ ബോധ്യപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥയിൽ വളർത്തുനായയുടെ  സാമിപ്യം വേണ്ടപ്പെട്ടവരുടെ  അസാന്നിധ്യങ്ങൾക്കിടയിൽ മറ്റുചില ജീവികളുടെ സാഹോദര്യത്തിന്റെ വിലകാണിച്ചു തരുന്നു. അത് നൽകുന്ന മാനസിക ഉല്ലാസം ചെറുതല്ല.  ഇതേ നായയുടെ മുന്നിലിരുന്നാണ് കുട്ടി ഭക്ഷണം കഴിക്കുന്നത്. ഇങ്ങനെ ഒഴിഞ്ഞിടങ്ങളിലെ അനാഥത്വത്തെ സിനിമ പൂരിപ്പിക്കുന്നത് ഇത്തരം ബിംബവൽക്കരണത്തിലൂടെയാണ്. അഞ്ചുമിനിറ്റിനുള്ളിൽ സംഭാഷണം ഇല്ലാതെ ഇത്തരം മുഹൂർത്തങ്ങളെ മനോഹരമാക്കി തീർക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

solilogy1

സിനിമയുടെ അവസാനഭാഗത്ത് കുട്ടിയുടെ മനസ്സിനെ വ്യാഖ്യാനിച്ചുകൊണ്ടാണ് രാത്രിയുടെ നിശബ്ദമായ ആഴത്തിലേക്ക് നാം  ഇറങ്ങുന്നത്. ആകാശത്തിൽ ചിതറിയ നിറത്തിൽ ചില വെള്ളപാടുകൾ കാണാം. ഇത്ര നേരത്തെ തന്നെ ഒറ്റപ്പെടൽ ചുടുകാറ്റ് ഏറ്റ് തളർന്ന ഒരു കുട്ടിയുടെ മനസ്സിനെ തുറന്നുകാട്ടാൻ ഇതിലധികം എന്തുവേണം.! ആകാശത്തിന്റെ  കറുപ്പിനും നീലയ്ക്കും ഇടയിൽ മങ്ങിയ ചുവപ്പ് ,അവിടെ വെളിച്ചത്തിന്റെ  വറ്റിയ പാടുകൾ പ്രതീക്ഷയുടെ വരവറിയിച്ച് സിനിമ അവസാനിക്കുന്നു. ഇതോടെ നിസാർ ഇബ്രാഹിം എന്ന കലാകാരൻ അംഗീകാരത്തിന് അർഹനാണ് എന്ന് തെളിയിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഈ കൊച്ചു  സിനിമ പ്രവാസത്തിൽ നിന്നും ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടത് കാഴ്ചക്ക് ശേഷം പ്രേക്ഷകന് ബോധ്യപ്പെടുന്നു. ക്യാമറ ഒരോ ദൃശ്യവും ഒപ്പിയെടുത്തത് മനോഹരമായിട്ടാണ്.ഇതിനകം നിരവധി അംഗീകാരങ്ങൾ നേടിയ സോളിലോക്കി ഇനി മുതൽ യൂട്യൂബിലൂടെ കാഴ്ചക്കാരിലേയ്ക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA