ADVERTISEMENT

'കുമ്പളങ്ങി നൈറ്റ്സി' ലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം തീയേറ്റർ വിട്ടശേഷവും ഓരോ പ്രേക്ഷകന്റെ മനസ്സിലും ഒരു ചെറിയ ഭയപ്പാടും ആശങ്കയും മറ്റെന്തൊക്കെയോ കൂടിക്കലർന്ന ഒരു വികാരമായി അങ്ങനെ കിടക്കുകയാണ്. ചെയ്യുന്ന ഓരോ പ്രവർത്തിയിലും,  പറയുന്ന വാക്കിലും മുതൽ പുഞ്ചിരിയിലും നോട്ടത്തിലും വരെ നിഗൂഢതയും ഭയവും സൃഷ്ടിച്ച അസാധ്യ അഭിനയ മികവ് കാണിച്ച ഫഹദ് ഫാസിൽ ഷമ്മി പറയുന്ന പോലെ "ഹീറോ ആടാ, ഹീറോ". എന്നാൽ സോഷ്യൽ മീഡിയയിലെ 'ഷമ്മി'മാരേവച്ച് നോക്കുമ്പോൾ യഥാർത്ഥ ഷമ്മി എത്രയോ ഭേദം !

ആരാണ് സോഷ്യൽ മീഡിയയിലെ 'ഷമ്മി'മാരെന്ന് ചോദിച്ചാൽ,

പേയിങ് ഗസ്റ്റിന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള ഷമ്മിയുടെ ആ സൈകിക് എത്തിനോട്ടം ഓർമ്മയില്ലെ ? അനാവശ്യമായി മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇതുപോലെ എത്തിനോക്കുക മുതൽ ( പ്രത്യേകിച്ച് സ്ത്രീ സെലിബ്രിറ്റികളുടെ ) ചുറ്റുപാടെല്ലാം തന്റെ വരുതിയിലാക്കി സൈലന്റ് കില്ലിങ് നടത്തുന്ന കൊടും ഭീകരർ വരെയാണ് ആ ഷമ്മിമാർ. സോഷ്യൽ മീഡിയ ബുള്ളീയിങിലും ഹരാസിങ്ങിലും ആനന്ദം കണ്ടെത്തുന്ന ഇവർ ഷമ്മിയെ വെല്ലുന്ന സൈക്കോകളാണ്.

സിനിമയിലെ ഷമ്മിയേപ്പോലെ ആണ് അധിപനും, അവർ 'പെണ്ണുങ്ങൾക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന' ഒരു പ്ലാറ്റ്ഫോമായാണ് ഈ ഷമ്മിമാർ സോഷ്യൽ മീഡിയയെ കാണുന്നത്. ആദ്യം വാനോളം പുകഴ്ത്തി അങ്ങനെ ഉയർത്തും. പിന്നെ പതിൻമടങ്ങ് ശക്തിയിൽ അടിച്ചമർത്താൻ നോക്കും. അതിനായി ഇക്കൂട്ടർ ട്രോളുകൾ ഉപയോഗിച്ചും  സംഘടിതമായും വരെ അക്രമം അഴിച്ചുവിടുന്നു. അതിൽനിന്നും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

ഇത്തരക്കാരുടെ ഇരകളാകുന്നത് പുരുഷൻമാരേക്കാള്‍ വളരെയധികം  സ്ത്രീകളാണ്. കേരളമെടുത്താൽ പാർവതി തിരുവോത്ത്, രേവതി, ഹനാൻ മുതൽ പ്രിയ പി. വാര്യർ വരെ പൊതുസമൂഹമറിയുന്ന സോഷ്യൽ മീഡിയാ സൈകോകളുടെ ഇരകളിൽ ചുരുക്കം ചിലർ, അറിയാത്തവർ വേറേയും. സ്വന്തം നിലപാട് വെളിപ്പെടുത്തി എന്നതിൽത്തുടങ്ങി വ്യക്തിഗത അഭിപ്രയം,  രാഷ്ട്രീയ പാർട്ടി, ജീവിത രീതി, കുടുംബ ജീവിതം, ഉൾപ്പെട്ട സംഘടന, ചെയ്യുന്ന ജോലി-ധരിക്കുന്ന വസ്ത്രം എന്നിങ്ങനെ  നീളുന്നു ഷമ്മിമാർ സ്വഭാവ വൈകൃതങ്ങൾ പുറത്തെടുക്കാനിടയാക്കിയ കാര്യങ്ങൾ.

ഈ പട്ടികയിൽ പ്രത്യേകിച്ച് വലിയ കാരണങ്ങളൊന്നുമുന്നയിക്കതെ ഷമ്മിമാർ വെറുതേയങ്ങ് കേറി ആക്രമണം നടത്തിയ ഒരാളാണ് പ്രിയ പി. വാര്യർ. പുരികം പൊക്കൽ കൊണ്ട് ലോകം മുഴുവൻ അറിയപ്പെടുകയും ഇന്ത്യയുടെ നാഷണൽ ക്രഷ് എന്ന് ഓമനപ്പേര് വരെ കിട്ടി. ഇത് ഷമ്മിമാർക്ക് സഹിച്ചില്ല. പണിയങ്ങ് തുടങ്ങി. 'എന്തിനോ തിളയ്ക്കുന്ന സാമ്പാർ' എന്നപോലെ കുറേ പേർ അത് ഏറ്റുവിളിച്ചു.

ഹനാന്റെ കാര്യത്തിൽ ഷമ്മി പേയിങ് ഗസ്റ്റിനോട് കാണിച്ച അതേ മനോഭാവമാണ് സോഷ്യൽ മീഡിയയിലും നമ്മൾ കണ്ടത്. സ്കൂൾ യൂണിഫോമിട്ട് മീൻ വിറ്റ ഹനാനെ വാഴ്ത്തിത്തുടങ്ങിയപ്പോഴാണ് ക്യാപ്പിലേക്കും ഗ്ലൗസിലേക്കും അവരുടെ  ശ്രദ്ധ പോയത്. ഹനാൻ പബ്ലിസിറ്റിയ്ക്ക് വേണ്ടി കാണിക്കുന്നതാണോ ഇതെല്ലാം ചെയ്യുന്നത് എന്ന സംശയം മുൻനിർത്തി ആക്രമണം തുടങ്ങി. അത് സാധൂകരിക്കാൻ എന്തൊക്കെയോ തെളിവുകൾ നിരത്തി. അവ തെറ്റാണെന്നറിഞ്ഞിട്ടും തിരുത്താൻ നിൽക്കാതെ അത് ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പുരുഷൻന്മാർക്ക് ഷമ്മിമാരിൽനിന്ന് ഇടക്കാലത്ത് ചെറിയ തോതിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അത് നിസാരമായിരുന്നു. സുരേഷ് ഗോപി, പൃഥ്വിരാജ്, ടോവിനോ തോമസ് ഒടുവിൽ മോഹൻലാൽ തുടങ്ങിയ താരങ്ങളും ചില രാഷ്ട്രീയ നേതാക്കളും. അതെല്ലാം ചെറിയ സമയത്തേക്ക് മാത്രമായിരുന്നു.

"ഷമ്മി ഹീറോ ആടാ.. ഹീറോ " എന്ന ആ പൂർണ ആത്മവിശ്വസത്തോടേയുള്ള അഴിഞ്ഞാട്ടമാണ് ഇന്ന് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും നടക്കുന്നത്. തങ്ങളെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന അമിത ആത്മവിശ്വാസം. ഫെയ്സ്ബുക്ക് മുതൽ ടിക് ടോക് വരെ സ്ത്രീകൾക്കെതിരേയുള്ള സൈബർ ബലാൽസംഗങ്ങളാണ് ദിനംപ്രതി നടക്കുന്നത്. മാനസികമായി ഇതുമൂലം കഷ്ടതകളനുഭവിക്കുന്ന സ്ത്രീകളുടെയെണ്ണം കൂടിക്കൊണ്ടിരിക്കുമ്പോൾ നിയമവും നിയമ നടപടികളും ഇപ്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് അതിശയം. സോഷ്യൽ മീഡിയയ്ക്കല്ല, മറിച്ച് അതു ദുരുപയോഗം ചെയ്യുന്നവർക്കാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്. അങ്ങനെ മാത്രമേ ഷമ്മിമാർ ഭരിക്കുന്ന സോഷ്യൽ മീഡിയയിൽ സമത്വം പുലരുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com