ADVERTISEMENT

ഇളംകാറ്റിൻറെ മൃദുവായ തലോടൽ പോലെ വായനക്കാരനെ വ്യത്യസ്‌ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചിലതാണ് പോൾ സെബാസ്റ്റ്യൻ എഴുതിയ 'കാറ്റ് പോലെ ചിലത്' എന്ന നോവൽ. 'ആ മൺസൂൺ രാത്രിയിൽ', 'നിഴൽ യുദ്ധങ്ങൾ' എന്നീ കുറ്റാന്വേഷണ കഥകൾ എഴുതിയ തൂലികയിൽ നിന്നും തികച്ചും അപ്രതീക്ഷിതം എന്ന് വായനക്കാരന്  തോന്നിപ്പിക്കുന്ന എഴുത്താണ് കഥാകാരൻ നടത്തുന്നത്.  വ്യത്യസ്‌തമായ ഒരു പ്രമേയം തന്മയത്വത്തോടെ പറയുക എല്ലാ എഴുത്തുകാർക്കും സാധ്യമായ കാര്യമല്ലല്ലോ.

ഒരു ആത്മഹത്യ കുറിപ്പിലൂടെയാണ് കഥ തുടങ്ങുന്നത്. ‘‘ഞാൻ നിരഞ്ജന ഋഷി. ഇതെൻറെ ആത്മഹത്യാക്കുറിപ്പാണ്’’; എന്ന് പറഞ്ഞാണ് നായിക തൻറെ ഡയറിക്കുറിപ്പ് ആരംഭിക്കുന്നത്. ആകാംഷയുടെ ഒരു വിസ്ഫോടനം അവിടെ തുടങ്ങി, അവസാന ഭാഗമായ 'ഉത്തരകാണ്ഡ' ത്തിൽ  വായനക്കാരൻ എത്തുമ്പോൾ തുടക്കത്തിലേ ആകാംഷ അതേപടി നിലനിർത്തുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.  ആയതിനാൽതന്നെ നിരഞ്ജനയുടെ ജീവിതത്തിലെ ഓരോ രംഗങ്ങളിലൂടെയും അതീവ താത്പര്യത്തോടെ മാത്രമേ വായനക്കാരന് കടന്നുപോകുവാൻ കഴിയുകയുള്ളൂ.

തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്ന നീരാളഹസ്തങ്ങളായ ഡിജിറ്റൽ ലോകത്ത് നിന്നുമാണ് നായിക ആത്മഹത്യ ചെയ്യുന്നത്. നാഗരികതയുടെ എല്ലാ ചടുലഭാവങ്ങളിൽ നിന്നും ഒരു മുക്തി. ആഡംബരത്തിന്റെ ലോകത്തുനിന്നും, പ്രഫഷണലിസം കെട്ടിയിടുന്ന ആധുനിക ലോകത്തിൻറെ സമ്മർദ്ദങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം, അതാണ് കഥ.

ഒരിക്കൽ മധുവിധു ആഘോഷിക്കാൻ എത്തിയ കുന്നിൻമുകളിലെ  ഓണംകേറാ തുരുത്ത് ആ സ്ഥലത്തോടുള്ള ഇഷ്ടംകാരണം പിൽകാലത്ത് നിരഞ്ജന സ്വന്തമാക്കി. സരോജിനിയക്കയാണ് ആ സ്ഥലവും വീടും നോക്കുന്നത്.  ഡിജിറ്റൽ ലോകത്തിൽ നിന്നും വിട്ടുനിൽക്കാൻ മകൻ അച്ചുവുമായി അവർ വരുന്നത് അവിടേക്കാണ്. അവിടെയിരുന്ന് നിരഞ്ജന മണ്ണെണ്ണ വിളക്കിൻറെ ചെറുവെളിച്ചത്തിൽ തൻറെ ഡയറിക്കുറിപ്പ് ആരംഭിക്കുന്നു. ആ ലോകത്ത് അവരോടൊപ്പം പകൽ നേരങ്ങളിൽ സരോജിനിയക്കയും, ഡോൺ എന്ന നായയും, ജൂലി എന്ന പൂച്ചയും, ആടും, പശുവും അതിൻറെ കുട്ടിയും, കോഴിയും കുഞ്ഞുങ്ങളും ഒത്തുചേരുന്നു.

മൊബൈൽ മാത്രമാണ് കളിപ്പാട്ടവും കളികൂട്ടുകാരനും എന്ന് കരുതിയിരുന്ന അച്ചുവിന് ചുറ്റും പ്രകൃതിയെന്ന വിശാലമായ ലോകവും, ജീവജാലങ്ങളും കൂട്ടുകാരായി മാറുന്നത് കാണുമ്പോൾ തൻറെ തന്നെ ബാല്യകാലം നിരഞ്ജനയ്ക്ക് ഓർമ്മവരുന്നു. അവിടെയിരുന്ന് ജീവിതത്തിലെ ഓരോ ഘട്ടവും നിരഞ്ജന ഓർമ്മിച്ചെടുക്കുകയാണ്.

ബാല്യം, കൗമാരം,  അച്ഛനും അമ്മയും തമ്മിലുള്ള വേർപാട്, ചിറ്റമ്മ,  ഋഷിയുമായുള്ള വിവാഹം, സ്നേഹസല്ലാപം, ജീവിതത്തിലേക്ക് സോഷ്യൽ മീഡിയയുടെ അമിത കടന്നുകയറ്റം, അതുണ്ടാക്കുന്ന പൊട്ടിത്തെറിയും ദാമ്പത്യത്തിലെ വിള്ളലും, ജോലിയിലെ കിടമത്സരങ്ങൾ, അസൂയകൾ, ഇന്റർനാഷണൽ ഗ്യാങ്ങുകളാൽ നിയന്ത്രിക്കപ്പെടുകയും, തകർക്കപ്പെടുകയും ചെയ്യുന്ന ബിസിനസ്സുകളും, പ്രഫഷണൽ ക്രിമിനലിസവും എല്ലാമെല്ലാം കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ശക്തമായി അവതരിക്കപ്പെടുന്നു. അത്തരം രംഗങ്ങളിൽ പോൾ സെബാസ്റ്റ്യൻ എന്ന കുറ്റാന്വേഷണ കഥകളുടെ എഴുത്തുകാരൻറെ കരവിരുത് നമുക്ക് കാണാൻ കഴിയും. അച്ചുവിലൂടെ ഉണ്ടാകുന്ന  ഭീതിപ്പെടുത്തുന്ന അനുഭവം  തേടിപ്പോകുന്ന നിരഞ്ജനയിലെ അന്വേഷണ ത്വര വായനക്കാരനും സ്വാഭാവികമായും ഉണ്ടാകുമല്ലോ.

മലമുകളിൽ, മൊബൈലോ കമ്പ്യൂട്ടറോ ഒന്നുമില്ലാത്ത ദിവസങ്ങളിൽ നിരഞ്ജനയും മകനും പ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തുകയായിരുന്നുവെന്ന് പാഞ്ഞല്ലോ. സാധാരണക്കാരെപ്പോലെ ജീവിക്കുവാൻ തുടങ്ങുന്ന അവർക്ക് തുണയാണ് സരോജിനിയക്കയും, അവരുടെ അനുഭവങ്ങളും.  തന്റെ പൊയ്‌പ്പോയ കാലത്തിൻറെ സ്‌മൃതിപഥങ്ങളിൽ മേയുന്ന നിരഞ്ജന പശുകുട്ടിയോടും, ആട്ടിൻകുട്ടിയോടും, പൂച്ചകുട്ടിയോടും ഒപ്പം കളിക്കുന്ന മകനെ കണ്ട് സന്തോഷിക്കുന്നു.

പക്ഷേ അവരെ കാത്തിരുന്നത് വലിയൊരു ആപത്തായിരുന്നു.  കനത്തമഴ താണ്ടവമാടിയ ആ രാത്രി, കഥയുടെ ഗതിയെ മൊത്തത്തിൽ മാറ്റിമറിക്കുന്നു. ജീവനും മരണവും തമ്മിലുള്ള വടംവലികൾ നടക്കുന്ന നാടകീയ രംഗങ്ങൾ ഒരു ചലചിത്രംപോലെ ദൃശ്യമാകുന്നു. മഴയും, മിന്നലും, ഇടിയും അതിജീവനത്തിന്റെ അലകളും വായനക്കാരനിലുണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല.

കാറ്റും കോളും അടങ്ങി കഥ 'ഉത്തരകാണ്ഡത്തിൽ' എത്തുമ്പോൾ സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, തെളിനീരുകണക്കെയുള്ള എഴുത്തിലൂടെ, അവസാന പേജിനുശേഷവും വായനക്കാരനെ ചിന്തയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന കഥനരീതിയാണ് അനുവർത്തിച്ചിരിക്കുന്നത്.  ഈ ലോകം എന്നാൽ നാഗരികതയുടെ നാടകങ്ങൾ, ഡിജിറ്റൽ ജീവിതങ്ങൾ മാത്രമല്ല എന്ന് കഥാകാരൻ വിളിച്ചുപറയാൻ നടത്തുന്ന ശ്രമമായിത്തീരുകയാണ് നോവൽ.

കാകദൃഷ്ടി  

വലിയ ഒരു കഥയാക്കി അവതരിപ്പിക്കാമായിരുന്ന പ്രമേയം കാച്ചിക്കുറുക്കി പറഞ്ഞിരിക്കുന്നതിനാൽ ന്യൂനതകൾ തുലോം കുറവാണ്. കഥയുടെ അവസാന ഭാഗങ്ങൾ പെട്ടെന്ന് പറഞ്ഞുതീർന്നപോലെ വായനക്കാരന് തോന്നാം.  ആദ്യഭാഗത്ത് കാണുന്ന ചിന്തോദ്ദീപകമായ എഴുത്ത് അവസാനഭാഗങ്ങളിൽ കുറഞ്ഞുവരുന്നതായി തോന്നുന്നു. ‘‘ ഞാൻ നിരഞ്ജന ഋഷി ’’; എന്ന് തുടക്കത്തിൽ നായിക പറയുന്നത് വരികൾക്കിടയിലൂടെ വായിച്ചാൽ കഥയുടെ അവസാന രംഗങ്ങൾ ഏകദേശം വായനക്കാരന് ഊഹിക്കാൻ സാധിക്കുമല്ലോ എന്ന് തോന്നിപ്പോയി. മറ്റൊന്ന്, അടുത്തകാലത്ത് വായിച്ച ഡി.സി പുരസ്‌കാരം നേടിയ സോണിയ റഫീക്കിന്റെ 'ഹെർബേറിയം' എന്ന നോവലുമായി വിദൂരസാമ്യം കഥാപ്രമേയത്തിന് തോന്നുന്നുണ്ട്.  നാഗരികതയിൽ നിന്നും പച്ചപ്പിലേക്കുള്ള യാത്രയാണ് സോണിയ റഫീക്ക് പറഞ്ഞുവക്കുന്നത്. എന്നാൽ ഇവിടെ അവതരണത്തിലുള്ള വ്യത്യസ്‌തത വായനക്കാരന് ഒരുതരത്തിലുമുള്ള മടുപ്പും ഉളവാക്കുന്നില്ല എന്നുമാത്രമല്ല, സമകാലിക സംഭവങ്ങളെ മനോഹരമായി കോർത്തിണക്കി അവ നൽകുന്ന മുന്നറിയിപ്പുകളായി തനിക്ക് ലോകത്തോട് പറയാനുള്ള സന്ദേശം വ്യക്തവും ശക്തവുമായി അവതരിപ്പിക്കാനുള്ള കഥാകാരന്റെ ശ്രമമാണ് 'കാറ്റ് പോലെ ചിലത്'

കഥകൾ എത്രവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ വായനക്കാരൻറെ മനസ്സറിഞ്ഞ് അവനെ ഉള്ളംകയ്യിലെടുത്ത്, അല്ലെങ്കിൽ അച്ചുവിനെ നിരഞ്ജന കൈപിടിച്ച് നടത്തുന്നപോലെ കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ കഥാപാതയൊരുക്കി നടത്താൻ പോൾ സെബാസ്റ്റ്യൻ നടത്തുന്ന ശ്രമം ശ്ലാഖനീയമാണ്. ഓരോ വായനക്കാരനും കഥാപാത്രങ്ങൾ ആയിമാറുന്ന എഴുത്തുരീതിയായതിനാൽ പേജുകൾ മറിയുന്നത് വായനക്കാരൻ അറിയുകപോലുമില്ല. നിരഞ്ജനയിൽ ഒരു കുഞ്ഞ് ഉരുവാകുന്നതും ആ കുഞ്ഞിനുവേണ്ടി സ്വപനങ്ങൾ നെയ്ത് അവൾ കാത്തിരിക്കുന്നതും വായിക്കുമ്പോൾ അവ സ്വന്തം കാത്തിരിപ്പായി, വികാരവിചാരങ്ങളായി വായനക്കാരനിൽ ഭവിക്കുന്നു.

പോൾ സെബാസ്റ്റ്യൻ എന്ന കഥാകാരൻറെ എഴുത്തുവഴിയിലെ ശക്തമായ അടയാളപ്പെടുത്തലാണ് 'കാറ്റ് പോലെ ചിലത്' എന്ന നോവൽ.

കാറ്റ് പോലെ ചിലത് (നോവൽ)

പോൾ സെബാസ്റ്റ്യൻ

പ്രസാധകർ : കറന്റ് ബുക്‌സ് തൃശൂർ

പേജ് : 151

വില : 150 രൂപ



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com