sections
MORE

ഹർത്താലിന്റെ സ്വന്തം നാട്

harthal
SHARE

ജന്മനാടായ കേരളത്തിൽ നിന്ന് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ്, ലോകത്തിൽ ഏറ്റവും സന്തോഷകരമായ ജീവിത സാഹചര്യങ്ങളുള്ള ആദ്യത്തെ പത്തു രാജ്യങ്ങളിൽ ഒന്നായ ആസ്ട്രേലിയയിൽ എത്തി. സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു മലയാളിയാണ് ഞാൻ. സിഡ്നി മലയാളികളുടെ അടുത്ത തലമുറയെ മലയാള ഭാഷ അഭ്യസിപ്പിക്കുന്ന സംരംഭങ്ങളിലും മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ സംരംഭങ്ങളിലുമൊക്കെ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ഒരു നിയോഗമായി കരുതുന്നു. ജന്മ നാടിനോടും, മാതൃഭാഷയോടും സ്നേഹവും ആദരവും ഉള്ള ഒരു വ്യക്തി എന്ന നിലയിൽ. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ദുഃഖവും അതിലുപരി ലജ്ജയും തോന്നിപ്പോകുകയാണ്. സമ്പത്സമൃദ്ധവും സമത്വ സുന്ദരവുമായ രാജ്യത്ത് ജീവിച്ച് ഇവിടത്തെ കാര്യങ്ങൾ കാണുകയും, ഈ രാജ്യം നൽകുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യം ആസ്വദിക്കുകയും ചെയ്യുന്ന എനിക്ക്, ജന്മ നാടായ കേരളത്തിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ മാറ്റാൻ ഒരു എളിയ നിർദേശം മുന്നോട്ടുവയ്ക്കുവാനുള്ള ആഗ്രഹമാണ് ഈ കുറിപ്പെഴുതാൻ പ്രേരകമായത്.

ദൈവത്തിന്റെ സ്വന്തം നാട്, കേരളത്തിന് വിദേശികളായ വിനോദ സഞ്ചാരികൾ സ്നേഹപൂർവ്വം നൽകിയ, ഒരു കാലത്ത് ഏറെ പ്രസക്തമായിരുന്ന വിശേഷണം. എന്നാൽ ആനുകാലിക കേരളത്തിന് ഹർത്താലിന്റെ സ്വന്തം നാട് എന്ന വിളിപ്പേരാകും കൂടുതൽ അനുയോജ്യം.

രാഷ്ട്രീയ പാർട്ടികളും (ഈർക്കിലി പാർട്ടികൾ പോലും) , മത സംഘടനകളും സാമൂഹ്യ സംഘടനകളുമൊക്കെ മത്സരിച്ച് അടിക്കടി ഹർത്താലിന് ആഹ്വാനം നൽകുകയും, സംഘടിപ്പിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ച ഒരു പ്രവാസി മലയാളിയായ എന്നേപ്പോലെയുള്ളവർ തികഞ്ഞ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. കടകളും വ്യവസായ സ്ഥാപനങ്ങളും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും അടപ്പിക്കുക, വാഹനങ്ങൾ തടയുക, കടകളും വാഹനങ്ങളും തല്ലിത്തകർക്കുക, എതിർക്കുന്നവരെ തല്ലിച്ചതയ്ക്കുകയും , ചിലപ്പോളൊക്കെ അപായപ്പെടുത്തുകയും ചെയ്യുക. തുടങ്ങിയ സാമൂഹ്യ വിരുദ്ധമായ നടപടികളാണ് ഹർത്താലുകളുടെ ഭാഗമായി നമ്മുടെ  നാട്ടിൽ അരങ്ങേറുന്നത്. സ്വത്തിനും ജീവനും നാശമുണ്ടാക്കിയ, ജനജീവിതം ദുഷ്കരമാക്കിയ 97 ഹർത്താലുകളാണ് കഴിഞ്ഞ വർഷം കേരളത്തിൽ നടന്നതെന്നു കേൾക്കുമ്പോൾ ഈ വിഷയത്തിന്റെ രൂക്ഷത നമുക്കു മനസ്സിലാകും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഭാരതത്തിൽ , സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്  ഹർത്താൽ എന്ന ഭീകരൻ. യാത്ര ചെയ്യുവാനും, ജോലി ചെയ്യുവാനും , വ്യവസായം ചെയ്യുവാനും, സ്വകാര്യ സ്വത്ത് കൈവശം വയ്ക്കുവാനുമൊക്കെയുള്ള പൗരന്റെ അടിസ്ഥാന സ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന ജനാധിപത്യ സംവിധാനത്തിൽ ജനാധിപത്യ വിരുദ്ധമായ ഈ നടപടി എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യേണ്ട കാലം അതിക്രമീച്ചിരിക്കുകയാണ്. ജനങ്ങൾക്ക് സമാധാനപരമായി ജീവിതം ഉറപ്പാക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണാധികാരികളുടെ അടിസ്ഥാനപരമായ കടമയാണ്.

ജനാധിപത്യ വ്യവസ്ഥിതിയുടെ ശാപമായ ഈ നശീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമ സംവിധാനം അൻപേ പരാജയപ്പെട്ടിരിക്കുകയാണ്. അടുത്ത കാലത്ത് കേരള ഹൈക്കോടതി, ഹർത്താൽ സംബന്ധിച്ച് ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ഹർത്താൽ നടത്തുന്നതിനു ഒരു ആഴ്ച മുൻപേ നോട്ടീസ് നല്കിയിരിക്കണമെന്നും, ഹർത്താലിനെ ഏതൊരു പൗരനും കോടതിയിൽ ചോദ്യം ചെയ്യാമെന്നുമായിരുന്നു ആ വിധി ന്യായത്തിന്റെ സാരം. പൊതു മുതലിനും സ്വകാര്യ സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക്, ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടികളും സംഘടനകളും ഉത്തരവാദികളായിരിക്കുമെന്നും  കോടതി അഭിപ്രായപ്പെട്ടു. ഇതിനുതകുന്ന നിയമ നിർമ്മാണം നടത്താൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന സർക്കാരു പോലും ഹർത്താൽ നടത്തുന്ന നമ്മുടെ നാട്ടിൽ ഈ കോടതി വിധിയോ നിരീക്ഷണങ്ങളോ എങ്ങിനെ പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സംശയത്തിന് അവകാശമുണ്ട്.

ഞാൻ ജീവിക്കുന്ന ആസ്ട്രേലിയയിൽ ഇങ്ങനെയുള്ള ഒരു ഇടപാട് കേട്ടുകേഴ്‌വി പോലുമില്ല. ഇതും ഇൻഡ്യ പോലെ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെയും തൊഴിലാളി സംഘടനകളും മത സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെയുണ്ട്. എന്നാൽ മേല്പറഞ്ഞ സാമൂഹ്യ വിരുദ്ധ നടപടികൾ ആരും തന്നെ ഇവിടെ അവലംബിക്കാറില്ല. ഒരു രാഷ്ട്രീയ പാർട്ടിയിൽപെട്ടവർ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽപെട്ടവരെയോ , ഒരു മതത്തിൽപെട്ടവർ മറ്റു മതസ്ഥരെയോ ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന ഒരു സംഭവം പോലും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. ഈ രാജ്യത്തും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. രാജ്യത്തിന് പുരോഗതി ഉണ്ടാകുന്നു, ക്രമസമാധാനം പാലിക്കപ്പെടുന്നു ; എല്ലാത്തിലും ഉപരിയായി സാധാരണ ജനങ്ങൾ സമാധാനപരമായ ജീവിതം നയിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളത്തിനും ഇതുപോലെ ആയിക്കൂടെ എന്ന് ആശിച്ചു പോകുന്നു. ഈയുള്ളവൻ. സമരങ്ങളും പ്രക്ഷോഭണങ്ങളുമൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന കാര്യം അംഗീകരിക്കുമ്പോൾ തന്നെ, അവ ജനജീവിതം ദുസ്സഹമാക്കുവാൻ പാടില്ല എന്ന കാര്യവും സ്മരിക്കേണ്ടതുണ്ട്. കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്ന ഹർത്താൽ പ്രശ്നത്തിന് ഒരു പരിഹാരമേയുള്ളൂ. സമരം ചെയ്യുന്നത് ആർക്കെതിരെ യാണോ അവരെ മാത്രം ലക്ഷ്യമാക്കി സമര മാർഗ്ഗങ്ങൾ അവലംബിക്കുക. ഭരിക്കുന്ന സർക്കാരിനെതിരെയുള്ള സമരമാണെങ്കിൽ സെക്രട്ടറിയേറ്റ്, ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക. മറ്റു രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കുമെതിരെയെങ്കിൽ അവരുടെ ആസ്ഥാനങ്ങളാകട്ടെ സമര മുഖങ്ങൾ. പാവപ്പെട്ട പൊതുജനത്തെ വെറുതെ വിടുക. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും സാമൂഹ്യ സംഘടനകളും ഒരുമിച്ച് ഒരു തീരുമാനം എടുക്കുക. ഇനി മുതൽ ഞങ്ങൾ ജനദ്രോഹപരമായ ഹർത്താലിന് ആഹ്വാനം ചെയ്യുകയോ, സംഘടിപ്പിക്കുകയോ ചെയ്യുകയില്ല. നമ്മുടെ നാടിന്  കോടികളുടെ നഷ്ടമുണ്ടാക്കുന്ന ജനജീവിതം ദുസ്സഹമാക്കുന്ന ഹർത്താലിനെ ഇല്ലാതാക്കാനുള്ള പ്രായോഗികമായ ഒരേ ഒരു മാർഗ്ഗമാണിത്. ഇപ്പോൾ ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടി ഉൾപ്പടെ കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ മത സംഘടനയോ സാമൂഹ്യ സംഘടനയോ ഈ കാര്യത്തിൽ മുൻകൈ എടുക്കാൻ തയ്യാറായാൽ, അപകടകരമായ ഈ പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള ആദ്യ പടിയാകും അത്.

മുൻ സർക്കാർ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് നിയമ സഭയിൽ പുനരവതരിപ്പിച്ച് നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവിനു മറുപടിയായി മുഖ്യമന്ത്രി നിയമ സഭയിൽ അടുത്ത കാലത്തു പറയുകയുണ്ടായി. ജനാധിപത്യ വ്യവസ്ഥിതിയിൽ ന്യായമായ പ്രക്ഷോഭ മാർഗ്ഗമായ ഹർത്താലുകൾ പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്നും സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന നിയമ നിർമ്മാണം അനാവശ്യ ഹർത്താലുകൾ നിയന്ത്രിക്കാനുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഏതാണ് ആവശ്യ ഹർത്താൽ, ഏതാണ് അനാവശ്യം എന്ന് ആർ എങ്ങിനെ തീരുമാനിക്കും എന്ന ചോദ്യം അവശേഷിക്കുന്നു. ഹർത്താൽ എന്ന വിപത്ത് പൂർണ്ണമായി നിരോധിക്കുക എന്നതിൽ കുറഞ്ഞ ഒന്നും തന്നെ ഈ പ്രശ്നത്തിനു യുക്തമായ പരിഹാരമാവില്ല എന്നിരിക്കെ സർക്കാരിന്റെ ഈ നീക്കത്തിന്റെ അത്മാർത്ഥതയിൽ സാധാരണ ജനങ്ങൾ സംശയ ദൃഷ്ടിയോടെയാവും വീക്ഷിക്കുക.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യമാണ് ഹർത്താൽ എന്ന വിപത്തിനെ ഇല്ലാതാക്കുന്നതിൽ പ്രധാന വിലങ്ങുതടിയായി വർത്തിക്കുന്നത്. നമ്മുടെ നാട്ടിൽ ഈ അടുത്ത കാലത്തു നടന്ന അപലപനീയമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച മിന്നൽ ഹർത്താൽ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. രാഷ്ട്രീയ പ്രവർത്തകർ തങ്ങളുടെ എതിരാളികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കിരാതമായ പ്രവണത കേരളത്തിന്റെ മറ്റൊരു ശാപമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഞാൻ ജീവിക്കുന്ന ആസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളിൽ അസംഭവ്യമായ ഈ പ്രവണതയുടെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അപരന്റെ ജീവനെ അപഹരിക്കുന്നതുകൊണ്ട് ആർക്ക്, എന്ത് നേട്ടം ? കൊല്ലപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനല്ലാതെ രാഷ്ട്രീയപാർട്ടികൾക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. കുശാഗ്രബുദ്ധികളായ പാർട്ടി നേതാക്കന്മാർ തമ്മിൽ യാതൊരു വൈരവുമില്ല. വിശേഷാവസരങ്ങളിൽ അവർ ഒന്നിച്ച് കൂടി ആഘോഷിക്കുന്നു. വിഢ്ഢികളായ അണികൾ തമ്മിൽത്തല്ലി തലകീറുന്നു. എന്തൊരു വിരോധാഭാസം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ച ചെയ്ത് ഇല്ലാതാക്കാവുന്ന ഈ വിപത്ത് നിലനിർത്തിക്കൊണ്ടു പോകുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കാപട്യം നിറഞ്ഞ ഈ നിലപാട് മാറ്റിയാൽ മാത്രമേ ഹർത്താൽ എന്ന ഈ ശാപത്തിൽ നിന്ന് കേരളത്തിന് മോചനം ഉണ്ടാവുകയുള്ളൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA