ADVERTISEMENT

ഇന്നലെയും ഞാൻ കുട്ടികളോടൊപ്പം ഷാർജ കോർണിഷിൽ പോയിരുന്നു. നമ്മുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന കെട്ടിടം ഞാനവർക്ക് കാണിച്ചുകൊടുത്തു. അവർ പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ ആ കെട്ടിടത്തിലേക്ക് മിഴിച്ചു നോക്കി. എന്റെ ഓർമകളിൽ മറ്റുള്ളവർക്കെന്തു കാര്യം എന്നൊരിക്കൽകൂടെ ഞാൻ ചൂളി.

കുട്ടികൾ അവരുടേതു മാത്രമായ കളികളിലേക്ക് ഓടിപ്പോയി. വരിയായി നട്ട ഈന്തപ്പനകൾക്കിടയിലൂടെ ഞാൻ ഒറ്റക്ക് നടന്നു. അന്ന് തൈകളായിരുന്നവ വളർന്ന്, ഉയരം വെച്ച്, നിറയെ കായ്ച്ചുനിൽക്കുന്നു. ജോലി കഴിഞ്ഞ് നമ്മളൊരുമിച്ചു നടന്ന വൈകുന്നേരങ്ങൾ അവയ്ക്കിടയിലൂടെ നിവർന്നുവന്നു. ഓഫിസിന് രണ്ട് കെട്ടിടം അപ്പുറത്തായിരുന്നു വീടെങ്കിലും എനിക്ക് കൂട്ട‌്തരാനായി മാത്രം നീ എന്നോടൊപ്പം നടന്നത്. നമ്മൾ അന്നന്നത്തെ ഓഫിസ് വിശേഷങ്ങൾ പറഞ്ഞാർത്തു ചിരിച്ചത്.  

ഫലാഫിൽ വാങ്ങിക്കഴിച്ച് സൂക്കിന്റെ സൈഡിലെ ബെഞ്ചിലിരുന്ന് നേരം വൈകുവോളം സംസാരിച്ചത്. അന്നെനിക്ക് 29 നിനക്ക് 27. ഞാൻ നാട്ടിൽ പണികഴിപ്പിക്കുന്ന വീടിനെ കുറിച്ചും സാമ്പത്തികഞെരുക്കത്തെ കുറിച്ചും പറഞ്ഞു. സന്ദർശിക്കാൻ പ്ലാൻ ചെയ്ത രാജ്യങ്ങളെ കുറിച്ചാണ് നിനക്കെന്നോട് പറയാനുണ്ടായത്.നീ അതിനിടയിൽ പതിനഞ്ചോളം രാജ്യങ്ങൾ കണ്ടുകഴിഞ്ഞിരുന്നു. ഏറ്റവും അവസാനമായി സന്ദർശിച്ച തുർക്കിയിലെ കാഴ്ചകൾ പറഞ്ഞ് നീയെന്നെ കൊതിപ്പിച്ചു. പാമുക്കിന്റെ ഇസ്താൻബുളും ദസ്തയേവിസ്കിയുടെ റഷ്യയും കാണാൻ കൊതിച്ച ഞാൻ  വിസ്മയത്തോടെ നിന്റെ വർത്തമാനങ്ങളത്രയും കേട്ടിരുന്നു.

പോകാനാഗ്രഹമുള്ള ഇടങ്ങളിലൊക്കെ പോയിട്ടേ കുട്ടികളെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ തെല്ലൊരത്ഭുതത്തോടെ നിന്നെ നോക്കി. രണ്ടാമതൊരു വിഷയത്തിൽ കൂടെ ബിരുദാനന്ദരബിരുദത്തിന് പഠിക്കാൻ ചേർന്നത് ജീവിതത്തിലെപ്പോഴും വിദ്യാർത്ഥിയായിരിക്കാനുള്ള ഇഷ്ടം കൊണ്ടാണെന്ന് പറഞ്ഞത് കേട്ട് എനിക്ക് നിന്നോട് അതിരറ്റ ആദരവ് തോന്നി. നാലോ അഞ്ചോ വിദേശഭാഷകൾ അറിയാമായിരുന്ന നീ മറ്റൊരു ഭാഷ കൂടെ പഠിക്കാൻ ആയിടെ ഏതോ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നിരുന്നു. നമ്മളൊരുമിച്ച് പോയിരുന്ന കിങ് ഫൈസൽ സ്ട്രീറ്റിലെ സ്പിന്നീസിനോട് ചേർന്നുള്ള ജഷന്മാൽ എന്ന പുസ്തകക്കട ഇപ്പോൾ അവിടില്ല. അവിടെ ജോലിചെയ്തിരുന്ന നമ്മുടെ ചങ്ങാതിയായിരുന്ന ജോസെഫിൻ എന്ന ഫിലിപിനോ പെൺകുട്ടി ഇപ്പോൾ എവിടെയായിരിക്കും?  

ചെറിയ കടയായിരുന്നിട്ടും, മലയാള പുസ്തകങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും, പുസ്തകങ്ങൾക്കിടയിലാവുക എന്ന ആനന്ദത്തിനായി മാത്രം ആ കടയിൽ ഞാൻ സ്ഥിരമായി പോയിരുന്നു. ഒരിക്കൽ, ജോൺ ലീ ആൻഡേഴ്സൺ എഴുതിയ 'ചെഗുവേര, എ റെവോള്യുഷനറി ലൈഫ്' എന്ന പുസ്തകം വാങ്ങി കൗണ്ടറിൽ കൊടുത്തപ്പോഴാണ് 'ആർ യു എ സഖാവ്' എന്ന് ജോസെഫിൻ കണ്ണുകൾ വിടർത്തി അത്ഭുതം കൂറിയത്.

അവളുടെ സഹപ്രവർത്തകനായ തജികിസ്താൻ പൗരൻ കംറൻ ഇടപെട്ടു പറഞ്ഞു. You know, they keralites are mostly communists. പിളരുന്നതിന് മുമ്പുള്ള സോവിയറ്റ് യൂണിയന്റെ ശക്തിയെ കുറിച്ചും സാമ്പത്തികഅഭിവൃദ്ധിയെ കുറിച്ചും ഇപ്പോഴത്തെ തലമുറയ്ക്ക് ഗോർബചേവിനോടുള്ള വെറുപ്പിനെ  കുറിച്ചുമൊക്കെ പിന്നീടവൻ വാചാലനായി. Because of him, now we are here for a job, away from our families എന്നവൻ സങ്കടം പറഞ്ഞു.  

നാട്ടിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ച്‌ യാത്ര പറയാൻ ചെന്നപ്പോൾ ജോസെഫിൻ നിറവയറിലായിരുന്നു.ഞങ്ങൾ കെട്ടിപ്പിടിച്ചുനിന്നു, ഏറെ നേരം. പിടിവിട്ടപ്പോൾ നിറഞ്ഞ കണ്ണുകളാൽ പരസ്പരം കവിളിൽ തട്ടിക്കൊണ്ടിരുന്നു. ഏതോ ഒരു പുസ്തകം കൂടെ വാങ്ങി റോഡ് മുറിച്ച്  കടക്കുമ്പോൾ Comrade, will we meet again? എന്നവൾ വിളിച്ചു ചോദിച്ചത് വാഹനങ്ങളുടെ ശബ്ദത്തിനിടയിലും കേട്ടിരുന്നെങ്കിലും, മറുപടി പറയാതെ വെറുതെ കൈ വീശിക്കാണിച്ച് ഞാൻ നടന്നകന്നു.  ഇടയ്ക്കിടെ കാണുമായിരുന്നു, കുശലം പറയുമായിരുന്നു എന്ന ഏറെ ചെറിയ ഒരു സൗഹൃദമായിരുന്നിട്ടും അവളെ ഞാനിപ്പോഴും ഓർക്കുന്നതെന്താണ്! ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു തുള്ളി മതി നിറയാൻ എന്ന് മാത്രമേ പറയാനാകൂ.

ലീനാ, നിന്നെ ഓർത്തതിനാലാണ് ഞാനിപ്പോ ഇതെല്ലാം ഓർക്കുന്നത്. ഒരിക്കൽ ഓഫിസിൽ വെച്ചാണ് എനിക്കതുവരെ അപരിചിതമായിരുന്ന എഫ്ബി നീയെനിക്ക് പരിചയപ്പെടുത്തിയത്. മൂന്ന് വർഷം മുൻപ് ഇതേപോലെ വേനലവധിക്ക് വന്നപ്പോഴാണ് അവസാനമായി നിന്നെയും രാജേഷിനെയും കണ്ടത്. യാത്രയുടെ ഹരം നിങ്ങളെ വിട്ടൊഴിഞ്ഞിരുന്നില്ലെങ്കിലും ഇനി ഒരു കുഞ്ഞാവാം എന്ന തീരുമാനത്തിൽ നിങ്ങളെത്തിയിരുന്നു. ഒരുപാട് സമയം അപഹരിക്കുന്നു എന്തിനാലാണ് എഫ്ബി ഉപയോഗിക്കാത്തതെന്ന് നീ പറഞ്ഞു. നിന്റെ ഫോൺ നമ്പർ എങ്ങനെയോ നഷ്പ്പെട്ടുപോയിരിക്കുന്നു.

പ്രിയപ്പെട്ട ലീനാ, നീ എവിടെയാണ്? ഈ മഹാനഗരത്തിലെവിടെയെങ്കിലും നീയുണ്ടോ? എനിക്ക് നിന്നെ കാണാൻ തോന്നുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com