sections
MORE

വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായ്ക്ക് ശതാഭിഷേക മംഗളം

elsy-yohannan
SHARE

പൂർവ്വദിഗ്‌മുഖം താണ്ടി ഭാനുമാൻ മന്ദം മന്ദം

പശ്ചിമാംബരം നോക്കി പിച്ചവച്ചടുക്കുമ്പോൾ

നവ്യമാം ജന്മദിന പൗർണ്ണമി പ്രഭാപൂരം

ജീവിത് വിഹായസിൽ സ്യന്ദനം സ്ഫുരിക്കുമ്പോൾ

ശൈശവപ്രായം മുതൽ താവക കൃപാകരം

ക്ലേശമില്ലാതെ നിന്റെ ദാസനെ പാലിച്ചതാൽ

ഞാനിന്നു നമിക്കുന്നു വിശ്വത്തിൻ വിധാതാവേ !

ഞാനിന്നു വിനീതയായ് സ്തോത്രങ്ങളർപ്പിക്കുന്നു.

എൻ മനോ വ്യാപാരത്തിൻ ആത്മാവിൻ ആദിത്യനേ !

എന്നിലെ ജീവനാളം ജ്വാലയായ് തെളിച്ചോവേ,

എന്നിലെ സ്വപ്നങ്ങളിൽ ചലനം സൃഷ്ടിച്ചോവേ,

എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ,

വന്ദനം മൽജീവാത്മ ചൈതന്യ പ്രകാണ്ഡമേ

സുന്ദര സംതൃപ്തമാം  ജീവിതപ്രഭാവമേ !

ഓർമ്മിക്കാൻ നന്മ മാത്രം സ്നേഹത്തിൻ പ്രഭാപൂരം

കന്മഷം ചേർക്കാതെന്നും വർഷിച്ച താരാപുഞ്ജം !

അൻപെഴും മൽപ്രാണേശൻ ശങ്കരപുരിജാതൻ

കുമ്പഴയ്ക്കെന്നും ഖ്യാതി ചേർക്കുവോൻ ശ്രേഷ്ഠാത്മജൻ

ആയിരത്തൊള്ളായിരം മുപ്പത്താറു മാർച്ചൊന്നിൽ

മത്തായി ഏലിയാമ്യ്ക്കുണ്ണിയായ് ജാതനായി.

മൂന്നര വയസ്സെത്തും മുമ്പേയ്ക്കു തൻ മാതാവിൻ

ഖിന്നമാം നിര്യാണത്തിൽ വളർത്തീ സ്വതാതനും

സോദരർ മൂന്നുപേരും സോദരിയില്ലെങ്കിലും

സശ്രദ്ധം കുഞ്ഞൂഞ്ഞൂട്ടി പേരെഴും ബാലകനെ

ചിട്ടയും ചട്ടങ്ങളും നിഷ്ഠയും യഥാവിധം

തിട്ടമായ് പാലിക്കുന്ന ധീരനാം കർമ്മോന്മുഖൻ !

വാശിയോ വൈരാഗ്യമോ ചതിയോ വൈരുദ്ധ്യമോ

ലേശയുമേശിടാത്ത നൈർമ്മല്യ സ്നേഹദൂതൻ,

മുമ്പൊക്കെയല്പാല്പമായ് മുൻകോപം കൺടെങ്കിലും

അൻപുറ്റ സ്നേഹവായ്പും ശാന്തനും സൗമ്യനും താൻ

എന്തു തീഷ്ണമാം ബുദ്ധി, എന്തൊരു പ്രഭാഷണം

എന്തൊരു കർമ്മോന്മുഷമായ സാഹസികത്വം !

പ്രാർത്ഥനാ നൽവരത്താൽ സൗശിഷ്ട്യ വൈദികനായ്

ക്രാന്തദർശിയാം ശ്രേഷ്ട മനശാസ്ത്രജ്ഞനായും

ഏഴുഡോളറുമായെഴുപതിലൈക്യനാട്ടിൽ

ഏഴുപള്ളികൾ തീർക്കാൻ സഭയിൽ  കൈവിളക്കായ്

ഒട്ടേറെ പഥികർക്കു കടത്തുവഞ്ചിയായും

ഒട്ടേറെ സൽക്കൃതങ്ങൾ പതിതർക്കായ് നൽകിയും

നാൽപ്പത്തൊമ്പതാണ്ടുകൾ വൈദിക വൈവാഹിക

സൽപ്പഥങ്ങൾ താണ്ടി ശതാഭിഷിക്തനായി,

ഞാനഭിമാനിക്കയാണതീവ വിനീതയായ്

ധന്യനാ മീ വന്ദ്യന്റെ ജീവിതാഭ നുകർന്നും,

ഖേദത്തിൽ ഞെരുക്കത്തിലെന്തിലും പതറോത്തോൻ

അത്യന്തം സഹിഷ്ണുവാൻ ആപത്തിൽ സഹായിയും,

വാരുറ്റ വെൺതാരകം വൈദികർക്കഭിമാന–

മേരുവും  സ്നേഹോഷ്മള താതനും സ്നേഹിതൻ താൻ !

ദൈവത്തിൻ ദാനമായ് കിട്ടിയ പൗരോഹിത്യം

ദൈവമഹത്വത്തിനായ് നിതാന്തം ശോഭിക്കട്ടെ !

വിശ്വത്തിനെന്നാളുമേ പ്രകാശ പ്രദീപ്തമായ്

വിഖ്യാദി ചേർത്തു വിളങ്ങു വിശുദ്ധനായ് !

ദൈവിക കൃപാവരം സന്തുഷ്ടി സമാധാനം

ജീവിക്കും നാൾവരെയും സർവ്വേശാ ചൊരിയുകേ !

ആയിരം പൂർണ്ണേന്ദുക്കൾ ദർശിപ്പാൻ ജഗന്നാഥൻ

ആയുസ്സു തന്നതിനാൽ അർപ്പിപ്പേൻ സ്തോത്രാഞ്ജലി !

എന്നുള്ളിൽ ദ്യോതിക്കുന്ന ജ്യോതിസ്സാം സംപൂജ്യനാം

വന്ദ്യനാം യോഹന്നാൻ കോറെപ്പിസ്ക്കോപ്പായ്ക്കിന്നു ഞാൻ

അർപ്പിക്കുന്നൊരായിരം നവ്യമാം പൂമാല്യങ്ങൾ

അപ്പാദപീഠത്തിങ്കൽ സ്നേഹമന്ത്രങ്ങളോടെ !!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA