sections
MORE

മഴമണങ്ങൾ

rain-drops
SHARE

കരപ്പുറത്തെ വേനൽ മഴയ്ക്ക് പൊടി മണമായിരുന്നു. മഴയുടെ ആദ്യത്തെ തുള്ളികൾ വീഴുമ്പോൾ, ആ തുള്ളികൾ ഏറ്റു വാങ്ങാൻ പറന്നു പൊങ്ങുന്ന പൊടിയുടെ മണം.

അതുവരെ സ്വച്ഛന്ദ സഞ്ചാരികളായി കാറ്റിനൊപ്പം പറന്നു നടന്ന ധൂളികൾ ആദ്യമായി വെള്ളം കാണുമ്പോൾ കെട്ടിപ്പിടിച്ചു സ്വന്തമാക്കും.

അവസാനം കുതിർന്ന് തമ്മിൽ ഒട്ടി, വെറും ചെളിയായി, കുത്തൊഴുക്കിൽ ലയിക്കും. 

മനുഷ്യൻ ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് പോകും പോലെ,  സ്വന്തമാക്കാൻ വെമ്പി ഏറ്റെടുക്കുന്ന ഭാരത്തിൽ മുങ്ങി വെറും ചെളിയായി ഒഴുകി തീരും പോലെ.

വെയിൽ തെളിഞ്ഞാൽ വീണ്ടെടുക്കുന്ന ജീവിതത്തിനു അടുത്ത വേനൽ മഴ വരെയേ ആയുസ്സുണ്ടാവൂ. പക്ഷെ അതോർക്കാൻ പൊടിക്ക് നേരമില്ല. കാറ്റിനൊപ്പം ഓടി എത്തണ്ടേ ?

സ്കൂളിൽ പോയിരുന്ന കാലത്തെ മഴക്കാലത്തിനു നന്നായി ഉണങ്ങാത്ത കഞ്ഞിമുക്കിയ കട്ടിത്തുണിയുടെ വളിച്ച മണമായിരുന്നു. കട്ടി നോക്കി മാത്രം മേടിച്ച തുണികൊണ്ടു തുന്നിയ നിക്കറും ഇട്ടു വരുന്നവരുടെ ഒരു കൂട്ടത്തിനു അതല്ലാതെ മറ്റെന്തു മണമാകും ഉണ്ടാവുക ?

മരത്തിന്റെ പൊക്കം കുറഞ്ഞ ബെഞ്ചുകൾ ആയിരുന്നു ഇരിപ്പിടം. ഓല മേഞ്ഞ, പനമ്പിന്റെ അരഭിത്തികൾ  കൊണ്ട് ക്ലാസുകൾ തിരിച്ച, സ്കൂളിന്റെ തറ വെറും മണ്ണായിരുന്നു. ആ മണ്ണിലേക്ക് പുറത്തുനിന്നും മഴവെള്ളം ഒഴുകിയെത്തും, പെരുമ്പാമ്പിനെ പോലെ. ടീച്ചറിന്റെ നേരെ നോക്കി, ഒന്നും അറിയാത്ത പോലെ ഇരുന്നു കാലിന്റെ തള്ള വിരൽ കൊണ്ട് ആ പെരുമ്പാമ്പുകൾക്കു വഴി നീട്ടും, അവ ഒഴുകി ഒഴുകി മുൻപിലെ ബെഞ്ചിന്റെ അടിയിലേക്ക് പോകുന്നത് കണ്ടു നിർവൃതി അടയും., അടുത്ത ബെഞ്ചുകാരൻ ഏറ്റെടുക്കും വരെ.

മുൻപിലിരിക്കുന്ന ബെന്നി പിന്നിലേക്ക് പാതി തിരിഞ്ഞു "കിട്ടി ബോധിക്കും", നമുക്ക് സമാധാനം. ഒരാളെ കൈ പിടിച്ചു ഏൽപിച്ചല്ലോ, അത് മതി. 

റബർ ചെരുപ്പുകൾ സ്പ്രേ പെയിന്റ് ചെയ്ത പിൻഭാഗവും, നനഞ്ഞു പോയ പുസ്‌തക കെട്ടും, അതിൽ ഇലാസ്റ്റിക് ഇട്ടുറപ്പിച്ച ചോറ്റു പത്രവും. ചാള മണക്കുന്ന ചോറ്റുപാത്രങ്ങൾ ആയിരുന്നു കൂടുതലും.

മീൻ കഴിക്കാത്ത എനിക്ക് അത് കേട്ടാൽ ചോറുണ്ണാൻ തോന്നില്ല. മഴ പെയ്യുന്ന ഉച്ചകളിൽ, ആ മണമെത്താത്ത ഒരു സ്ഥലം പോലും ഉണ്ടാവില്ല സ്കൂളിൽ. മഴ ഈ മണത്തിനെ എങ്ങും പോകാതെ മൂടി പൊതിഞ്ഞു വെക്കുമ്പോൾ, എന്റെ പാത്രത്തിലെ മോരുകൂട്ടാനും, തോരനും,അതിന്റെ  മുൻപിൽ തോറ്റു മണമില്ലാതെ തണുത്തിരിക്കും. 

വീട്ടിലേക്കു വരാൻ നിറഞ്ഞൊഴുകുന്ന തോട് കടക്കണം. നീന്തി കടക്കുമ്പോൾ നനഞ്ഞു പോകാതെ പുസ്തക കെട്ട് രണ്ടു കൈ കൊണ്ടും മുകളിലേക്കുയർത്തി പിടിക്കണം. 

മുകളിൽ ഉള്ള ആർക്കോ സമർപ്പിക്കുന്ന പോലെ.  അതേറ്റു വാങ്ങി, കുഞ്ഞി കൈകൾ നീട്ടുന്ന ആ പുസ്തക കെട്ടുകൾ നനയിക്കാതെ അക്കരെ എത്തിക്കും മഴ. 

Rain

ചിലപ്പോൾ  മഴയും സ്കൂളിൽ പോകുന്നുണ്ടായിരിക്കും. ആർക്കറിയാം ?

ഓടിട്ട വീടിനു പല മണങ്ങൾ ഉണ്ടായിരുന്നു. കയറി ചെല്ലുന്ന സ്വീകരണമുറിക്കു നനഞ്ഞ കുടയുടെയും കയർ ചവിട്ടിയുടെയും ഈറൻ മണം. അകത്തു കിടപ്പുമുറിക്കു കുട്ടിക്കൂറ പൗഡറിന്റെ മണം. അതിനു പുറകിലെ നീളത്തിലുള്ള ചായ്പ്പിനു അതിൽ ഉണങ്ങാനിട്ട തുണികളുടെ അഞ്ഞൂറ്റൊന്നു ബാർ സോപ്പിന്റെയും കുളിച്ചു വിരിച്ച തോർത്തിന്റെ കരിമ്പൻ മണവും ചേർന്ന ഒന്ന്. അടുക്കളയിൽ ദോശമാവിന്റെയും, കായത്തിന്റെയും, കടുക് വാർത്തത്തിന്റെയും, പപ്പടം കാച്ചുന്നതിന്റെയും, പിന്നെ വെളിച്ചെണ്ണയുടെയും മണം ആയിരിക്കും. 

സന്ധ്യക്ക് മഴയുണ്ടെങ്കിൽ വീടിന് മുൻപിലെ തോട്ടിൽ തവളകൾ ഐഡിയാസ്റ്റാർസിങ്ങർ കളിക്കും. മാർക്കിടാൻ നീർക്കോലികൾ വരും. അപ്പോൾ തോട്ടിൽ നിന്ന് ചീഞ്ഞ ആഫ്രിക്കൻ പായലിന്റെ മണം ഉയരും. 

കൊളുത്തി വെച്ച നിലവിളക്കിന്റെ അപ്പുറവും ഇപ്പുറവുമായി ഞാനും ഇന്ദുവും ഇരിക്കും. കത്തിച്ച് വെച്ച ചന്ദനത്തിരിയിൽ നിന്നുള്ള മണം  നുകർന്ന് നാമംജപിക്കും.

ഞാൻ പൊട്ടിയ കുപ്പിവളത്തുണ്ടുകൾ ശേഖരിച്ച് വച്ചിരിക്കുന്ന നിക്കർ പോക്കറ്റിലേക്ക് കൈ താഴ്ത്തും. അമ്മ അടുത്തില്ലെങ്കിൽ ഒരെണ്ണം എടുത്ത് നടുഭാഗം വിളക്കിൽ കാണിച്ച് ചൂടാക്കി വളയ്ക്കും.  

വളഞ്ഞ് അറ്റങ്ങൾ കൂട്ടിമുട്ടിക്കഴിഞ്ഞാൽ അടുത്തത് കോർത്ത് വളയ്ക്കും. സമയമനുസരിച്ചതൊരു ചങ്ങലയാകും. പല നിറങ്ങളിലെ കണ്ണികളുള്ള ചങ്ങല.

രാത്രി അച്ഛൻെറയും അമ്മയുടെയും നടുക്ക് കിടക്കുമ്പോൾ ഞാൻ അച്ഛന്റെ പുറത്തേക്കു കയ്യും കാലും എടുത്തു വയ്ക്കും. എന്ത് സുഖമാണ് അങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ..!! 

അങ്ങനെ കിടക്കുമ്പോൾ ഇടിയും മിന്നലും വന്നാലും പേടി തോന്നില്ല.

ചിലപ്പോഴൊക്കെ ഓടുകൾ വഴക്കിട്ട് സ്ഥാനം മാറി പിണങ്ങി ഇരിക്കും. അവക്കിടയിലൂടെ മഴവെള്ളം മുറിക്കകത്തേക്കു തുള്ളി തുള്ളി ആയി വീഴും. അത്തരം മഴത്തുള്ളികളെ പിടിക്കാൻ സ്റ്റീൽ പത്രങ്ങൾ നിരത്തി വയ്ക്കും. വൈകിട്ട് അച്ഛൻ വന്നാൽ മരക്കോണി വഴി മച്ചിൻപുറത്തു കയറി അത്തരം ഓടുകളെ മര്യാദ പഠിപ്പിക്കുന്നത് വരെ സ്റ്റീൽ പാത്രത്തിലെ ബ്ലും, ബ്ലും ശബ്ദം കേൾക്കും.

* * * * * * * * * * * *

കുട്ടിക്കാലം മതിയാവാതെ വലുതായി. രണ്ടായിരത്തിലെ കർക്കടകത്തിൽ പാണാവള്ളിയെ ആകെ കുളിപ്പിച്ച മഴയത്ത്, അമ്മയുടെ ചിതക്ക് മുകളിൽ വലിച്ച് കെട്ടിയ ടാർപ്പോളിനിൽ വീഴുന്ന മഴയുടെ ഇരമ്പം കേട്ട് ഉദകക്രിയ ചെയ്യാൻ ഈറനോടെ ഞാൻ നിന്നു. എനിക്ക് കണ്ണീരിന്റെ മണമായിരുന്നു. 

ചുറ്റും മഴയുടെ മണം പെയ്തിറങ്ങി. പൊടി മണ്ണിന്റെ ഗന്ധം കണ്ണീരിന്റേതുകൂടിയാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 

കണ്ണീരിൽ കുതിർന്ന നഷ്ടങ്ങളുടെ ഗന്ധം..!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA