sections
MORE

മൈത്രി ബാർബർ ഷോപ്പ് (1969)

barber
SHARE

ഞങ്ങളുടെ ചക്കരക്കാം കുനിയിലിന്ന് ഉത്സവമായിരുന്നു

ബാർബർ ഷോപ്പുകളുടെ അമ്പതാം വാർഷികോത്സവം.

സുന്നയും, ശിവയും

 ചക്കരക്കാം കുനിയിലെ 

ബാർബർഷോപ്പുകളാണ് 

ഒരേ കെട്ടിത്തിൽ പ്രവർത്തിക്കുന്ന രണ്ട് ബാർബർ ഷോപ്പുകൾ

മൈത്രി ബാർബർ ഷോപ്പ്( 1969 )

എന്ന് പഴയ സുവനീറിന്റെ താളിലെ പരസ്യത്തിൽ നിന്നാണ് 

നാട്ടിലെ യുവാക്കൾക്ക് 

 ബാർബർ ഷോപ്പുകൾക്ക് 

അമ്പത് വയസായെന്ന് 

മനസിലായത്.

50 വയസായ സുന്ന  ബാർബർ ഷോപ്പിനെ പൊന്നാട അണിയിക്കാൻ 

ദാറുസലാം വാട്സപ്പ് ഗ്രൂപ്പ്

ഉടനെ തീരുമാനിച്ചു.

അതറിഞ്ഞ്

ശിവ ബാർബർ ഷോപ്പിന് പൊന്നാട അണിയിക്കാൻ

നമശിവായ വാട്സപ്പ് ഗ്രൂപ്പും ഒരുങ്ങി

അമ്പതാം വാർഷികാഘോഷത്തിന്  

ബാർബർ ഷോപ്പ് 

മുതലാളിമാരായ 

അബ്ദുൽ കരീമും,

വാസുദേവനും 

ഗൾഫിൽ നിന്നും പറന്നെത്തി

1969ൽ ചക്കരക്കാം കുനിയുടെ പേര് അഞ്ചാംപീടികാന്നായിരുന്നു.

കൃഷ്ണ പൊതുവാളിന്റെ 

നിരപ്പലകയിട്ട അഞ്ച് മുറി പീടികയാണാ പേരിന്നാധാരം.

അഞ്ച് പീടികയിലൊന്നിൽ 

കൃഷ്ണ പൊതുവാളിന്റെ 

പല ചരക്ക് കട 

മറ്റൊന്നിൽ മമ്മതിന്റെ 

മുറുക്കാൻ കട 

മുന്നാമത്തെതിൽ 

ചെട്ടിയാരുടെ ചായക്കട 

നാലാമത്തേതിൽ 

കുറുപ്പിന്റെ റേഷൻ കട

അഞ്ചാമത്തെ കടക്ക് 

ഒസ്സാൻ പോക്കറ് കൃഷണ പൊതുവാളിനെ കണ്ട് ചോദിച്ചു.

"ഞമ്മക്കൊരൊസ്സാപ്പീടിക ?

അന്ന് തന്നെ കാവുതിയൻ കണാരനും 

പൊതുവാളിനെ കണ്ടു 

അങ്ങനെ അഞ്ചാമത്തെ 

കടയിൽ ഒസ്സാൻ പോക്കറും, കാവുതിയൻ കണാരനും 

ഒന്നിച്ച് ബാർബർ ഷോപ്പ് തുറന്നു.

"മൈത്രി ബാർബർ ഷോപ്പ്;

മൈത്രിയിൽ പോക്കറും, 

കണാരനും രണ്ട് കറങ്ങുന്ന കസേരകളിട്ടു.

നാല് ആൾ കണ്ണാടികൾ വെച്ചു.

ബാഫഖി തങ്ങളുടെയും ,ഇ എം എസിന്റയും ഫോട്ടോ ചില്ലിട്ട് തൂക്കി.

പോക്കറു ടെ മുന്നിലെ ചുമരിൽ സത്യൻ മാഷ് ടൈ കെട്ടി നിന്നു,

കണാരന്റെ മുന്നിലെ ചുമരിൽ പ്രേം നസീർ പുഞ്ചിരിച്ചു

നിരപ്പലകയിൽ ജയൻ ഹെലികോപ്റ്ററിൽ പിടിച്ച് തൂങ്ങി,

മധു  പങ്കായം ചുമലിൽ വെച്ച് നടന്നു

മൊട്ടയടിക്കാൻ, മാപ്പിളയും ,

കൃതാവ് നീട്ടി കുടുമ വെച്ച് 

മുടി വെട്ടാൻ തീയനും 

ആളൊഴിയുന്ന ഊഴം നോക്കി പോക്കറിന്റെയും,

കണാരന്റെയും മുന്നിലെ കസേരയിൽ മാറി മാറി ഇരുന്നു:

കാലം ഉരുണ്ട്, ഉരുണ്ട് നീങ്ങി

പോക്കറും, കണാരനും, പൊതുവാളും പോയി

അഞ്ചാം പീടിക പൊതുവാൾ കോപ്ലസാക്കി മക്കൾ പുതുക്കി പണിതു 

പുതുക്കിയ കെട്ടിടത്തിൽ

പോക്കറുടെ മകൻ കരീം

സുന്ന ഹെയർ കട്ടിംഗ്

സലൂൺ തുറന്നു ,

കണാരന്റെ മകൻ വാസുദേവൻ ശിവാ 

ബ്യൂട്ടി സലൂണും 

സുന്നയിൽ അസ്സലാമു അലൈക്കും ബോർഡ്‌ വച്ചു

തങ്ങളെ ഫോട്ടോയും ,

ആയതിൽ കുർസിയും ചുമരിൽ തൂക്കി

മമ്മൂട്ടി ചുമരിലിരുന്ന് ചിരിച്ചു

അമീർഖാനും ,ഷഹ് റുഖാനും, സൽമാൻ ഖാനും, 

പല സ്റ്റൈലിൽ അണിനിരന്നു.

കൂടെ ഫുട്ബോളിലെ മൊഹമ്മദ് സാലയും ,

ക്രിക്കറ്റിലെ ഹാഷിം ആംലയും

" നമ്മക്ക് കഴുത്ത് നീട്ടി കൊടുക്കാൻ ധൈര്യം കിട്ടണേൽ ഇവിടെ തന്നെവരണം:

എന്ന ഡയലോഗ് പിറന്നു

ശിവയിൽ ഓം എന്നെഴുതി വെച്ചു.

അയ്യന്റെ ഫോട്ടോക്ക് മുന്നിൽ 

വിളക്ക് കൊളുത്തിവെച്ചു 

ലാലേട്ടൻ മീശ ചുരുട്ടി ചുമരിൽ ഞെളിഞ്ഞിരുന്നു.

തൊട്ടടുത്ത് അക്ഷയ് കുമാറും, അല്ലു അർജുനും, വിക്രമും നിരന്ന് നിന്നു,

ബെക്കാമും, കൊഹ്ലിയും, ഗംഭീറും പല സ്റ്റൈലിൽ നിന്നു

"തലയെടുക്കുന്ന കൂട്ടരാ അവിടെ പോയി മുടി വെട്ടിയാൽ, 

തല പോയാലോ എന്ന് ചിലർ

ചിരിച്ച് പറഞ്ഞു..

ചക്കരക്കാം കുനിയിൽ 

മൈത്രി ബാർബർഷോപ്പും   

മൈത്രിയുമില്ലായിപ്പോൾ 

എന്ന് പയമക്കാർ പരിഭവിച്ചു.  

ചെറുപ്പക്കാർ ഇതൊന്നും കേൾക്കാതെ താടിയും മുടിയും നീട്ടിയും, പാതി വടിച്ചും മൊബൈലിൽ സമയം കൊന്നു.

വാട്സപ്പ് ഗ്രൂപ്പുകൾ ഉണർന്ന്  അമ്പതാം വാർഷികം കെങ്കേമമാക്കി

സുന്നയിൽ 

ബേന്റും ,ചീനിയും,

ശിവയിൽ ചെണ്ടയും, നാദ സ്വരവും,

സുന്നയിൽ ഉസ്താദിന്റെ ഫാതിഹ യിൽ പരിപാടിയുടെ തുടക്കം

ശിവയിൽ പൂജാരിയുടെ പൂജയോടെ തുടക്കം

സുന്നയിൽ ബിരിയാണി വിളമ്പി 

ശിവയിൽ സദ്യയൊരുക്കി 

ആളുകൾ ഉത്സവം കഴിഞ്ഞ് പിരിഞ്ഞപ്പോൾ 

സമാധാനം തകർന്നില്ലല്ലോ എന്ന് പോലീസുകാർ നെടുവീർപ്പിട്ടു.

 പരിപാടിയൊക്കെ കഴിഞ്ഞ്  കരീം ,വാസുവിനെ ഫോൺ ചെയ്തു.

"നമ്മുടെ ഗൾഫിലെ പുതിയ ബാർബർ ഷോപ്പിലേക്ക്  ബാർബർ മാരെ വേണ്ടെ?

"വേണം നമുക്കാ ഡൽഹിക്കാരനോട് കാര്യം പറയാം.

അവന്റടുത്ത് നല്ല പണിക്കാരുണ്ടാകും 

" അതാ നല്ലത് നമ്മുടെ സുന്നയും, ശിവയും അവനുള്ളത് കൊണ്ടാ പൂട്ടാതെ മുന്നോട്ട് പോകുന്നത് ,

"ശരിയാ

കേരളത്തിൽ എവിടെ ബാർബർ മാരെ കിട്ടാനാ "

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA