sections
MORE

ഒരു തേപ്പു കഥ

sohan-roy
SHARE

ഇന്നു വെള്ളിയാഴ്ച. അവധി ദിനമാണിവിടെ ദുബായിൽ. തേപ്പിനുള്ള ദിവസം കൂടിയായാണ് ഞാൻ പൊതുവേ വെള്ളിയാഴ്ചകളെ കാണുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് വീട്ടുജോലികളിൽ ഭാര്യാഭർത്താക്കന്മാർക്ക് തുല്യ പങ്കാളിത്തമുണ്ടാവണമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞങ്ങൾ. വാഷിങ് മെഷീൻ നന്നായി പ്രവർത്തിക്കുന്നതു കൊണ്ടാണോ എന്നറിയില്ല അലക്കിന്റെ ഉത്തരവാദിത്വം ആദ്യം തന്നെ ഭാര്യ സ്വയമേറ്റെടുത്തു. ബെഡ്ഷീറ്റു പോലും ദിവസവും മാറ്റുന്ന ഒരു ശീലം കക്ഷിക്കുള്ളതുകൊണ്ട് എന്റെ തേപ്പിനൊരിക്കലും പഞ്ഞം നേരിടാറില്ല.

പതിവു പോലെ ഇന്നും തേച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. വെള്ളിയാഴ്ച കാലത്തു തന്നെ ആരാണാവോ വിളിക്കുന്നത്? എടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ ക്ഷിപ്രകോപിയായ എന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യ. 

"എടാ നിന്നെ ആ സിതാരയെങ്ങാനും വിളിച്ചിരുന്നോ"  ഹലോ പറഞ്ഞതും ആമുഖമില്ലാതെ ചേട്ടത്തിയമ്മയുടെ ചോദ്യം.

"ഏതു സിതാര?" ഒരു പിടുത്തം കിട്ടാതെ ഞാൻ ചോദിച്ചു.

"വരുണിന്റെ കൂടെ പഠിച്ച സിതാര " ഒരു നിമിഷം എനിക്കെല്ലാം കത്തി.ഒരു അമേരിക്കൻ പ്രണയ കഥയുടെ ചുരുളഴിഞ്ഞു തുടങ്ങി.

വരുൺ, ഏട്ടന്റെ ഒറ്റ പുത്രനാണ്‌ - ദുസ്വഭാവങ്ങളൊന്നുമില്ലാത്ത സമർത്ഥനായ പയ്യൻ. ഒറ്റ കുഴപ്പമേ ഉള്ളൂ. ചേട്ടൻ വരച്ച വരയിൽ യാത്ര ചെയ്തതു കൊണ്ടാണെന്നു തോന്നുന്നു ജീവിതത്തിൽ സ്വന്തമായ ഒരു തീരുമാനമെടുക്കാൻ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല.  വിദേശത്തു പോകണമെന്ന ആഗ്രഹം പൊടി തട്ടാൻ പോലും മെനക്കെടാറില്ല.

അച്ഛനെ പേടിയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളും എന്നോടാണവൻ പറയാറുള്ളത്. പ്രണയം പോലും. ഒരിക്കൽ അവൻ പറഞ്ഞു. കൂടെ പഠിക്കുന്ന സിതാര എന്ന പെൺ കുട്ടിയോട് അവന് പ്രണയമാണെന്ന്. അസ്ഥിയ്ക്കു പിടിച്ച പ്രേമം. സിതാര സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടിൽ നിന്നാണെങ്കിലും കോളേജ് ടോപ്പറാണ്. പ്രണയകാലത്തിനിടയിൽ സെമസ്റ്റർ റിസൽട്ട് വന്നു. സിതാര ഒന്നാമതു തന്നെ. പക്ഷെ വരുണിന് സപ്ലിയടിച്ചു. ജീവിതത്തിലെ ആദ്യ പരാജയം.

വിവരം അറിഞ്ഞതും ചേട്ടൻ ഉറഞ്ഞു തുള്ളി. പൂർണ്ണ ഉത്തരവാദിത്തം സിതാരയിൽ കെട്ടിവച്ച ചേട്ടൻ അവരുടെ പ്രണയ കഥയിലെ വില്ലനായി മാറി. അവളെക്കുറിച്ചുള്ള ഒന്നും പിന്നവൻ പറഞ്ഞു കേട്ടിട്ടില്ല.

കോഴ്സു കഴിഞ്ഞ സമയത്ത് അവനെന്നെ വന്നു കണ്ടു. സിതാരയ്ക്ക് ഉപരിപഠനത്തിന് വിദേശത്ത് പോകാൻ സഹായം ചോദിച്ച് . വരുണിനെ വിദേശത്തയക്കാൻ ഞാൻ പണ്ടേ ഏറ്റിട്ടുള്ളതാണ്. ആ അവസരം അവൾക്ക് കൊടുക്കണമെന്ന്. ഞാനാലോചിച്ചപ്പോൾ അതാണു ശരി. അവരിലൊരാൾ അക്കരെയെത്തിയാൽ മാത്രമേ അവരുടെ പ്രണയത്തിന് ഒരു തീരുമാനമാകൂ. അത് സിതാരയാണെങ്കിൽ കൂടി ഏട്ടനെ അനുനയിപ്പിക്കാൻ അപ്പോൾ പ്രയാസമുണ്ടാവില്ല. വിവാഹം കഴിച്ചാൽ വരുണിനും അമേരിയ്ക്കക്ക് പോകാമല്ലോ.

പിന്നൊന്നും നോക്കിയില്ല. അവൻ ചോദിച്ച പണവും ഗ്യാരണ്ടി കത്തും എല്ലാം നൽകി. സിതാര യാത്രയുമായി. ചിറകിനടിയിൽ നിന്നു വിടാതിരിക്കാൻ ഏട്ടൻ വരുണിനെ തന്റെ സ്ഥാപനത്തിൽ തന്നെ ട്രയിനിയായും കയറ്റി. ഏടത്തിയമ്മ മാത്രം എല്ലാം അറിയുന്നുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ എതിർപ്പു കാണിച്ചിരുന്നെങ്കിലും മനസ്സുകൊണ്ടവർ സിതാരയെ മരുമകളായിത്തന്നെ കണ്ടു. തിരക്കിന്റെ ലോകത്തായിരുന്ന ഞാൻ പക്ഷെ പിന്നീടവനോട് അതേക്കുറിച്ച് ചോദിക്കാൻ വിട്ടു പോയി. അവൻ പറയാനും .

"എടാ സിതാരയുടെ കല്ലാണം കഴിഞ്ഞെന്ന്. കൂടെ പഠിക്കുന്ന ഏതോ പയ്യനുമായി. രണ്ടു മാസമായത്രേ.  വരുണിനെ പോലുമവൾ അറിയിച്ചില്ല! "

കൂടുതലൊന്നും പറയാതെ ഞാൻ ഫോൺ വച്ചു. അറിയാതെ ഒരു ദീർഘനിശ്വാസമിട്ടു. തേപ്പുപെട്ടി കയ്യിലെടുത്തു വീണ്ടും പൂർവ്വാധികം ശക്തിയായി തേപ്പു തുടർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA