ADVERTISEMENT

പുറത്തെ വാതിലക്കൽ നിന്നെന്തോ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. രാത്രിയേറെ വൈകിയിരുന്നു .. 

കാളിങ് ബെല്ലടിക്കാതെ ആരാണീ നേരം എന്നോർത്ത് പതുക്കെ ജനാലയിലൂടെ പുറത്തേക്കു നോക്കി. 

വാതിൽ തട്ടിത്തുറക്കാൻ ശ്രമിച്ചുക്കൊണ്ടു എമണ്ടൻ ഒരു പൂച്ച .. 

ശല്യം.. ഞാൻ ജനാലയടച്ചു കുറ്റിയിട്ടു. കിടക്കാനായി കട്ടിലിനുനേരെ നടക്കുമ്പോൾ വീണ്ടും ആ പൂച്ച മുരണ്ടു. !  വാതിൽ ഞാൻ തുറക്കാതെ വിടില്ലെന്നമട്ടിൽ ഒന്നൂടെ ഉറക്കെ തട്ടുന്നു. വാതിൽ തുറക്കണോ. ആലോചന ഉറക്കച്ചടവിലായതിനാൽ  താമസിച്ചില്ല. 

വാതിൽ തുറന്നു. പൂച്ച എന്നെയൊന്നിരുത്തി നോക്കി അമർത്തിമൂളി അകത്തേക്ക് പോയി. അത്   പിറുപിറുക്കുന്നുമുണ്ടായിരുന്നു. ഞാനതിന്റെ  പിറകെപോകാൻ നിന്നില്ല.  നേരെ  മുറിയിലേക്ക്  കയറി  കട്ടിലിലേക്ക് ചാഞ്ഞു. നിമിഷങ്ങൾ കടന്നുപോയി. ഉറക്കം കൺപോളകൾക്കു കനംകൂട്ടി. അപ്പോഴാണ് പാത്രങ്ങൾ ചിതറിവീഴുന്ന ശബ്ദം ചെവിയിലെത്തിയത്. ഞെട്ടിയെഴുന്നേറ്റുപോയി. 

അടുക്കളയിൽ നിന്നാണ്. സ്റ്റീൽപാത്രങ്ങൾ തറയിലുരുളുന്നുണ്ട് അപ്പോഴും.. 

അങ്ങോട്ട് പോയി നോക്കണോ. ഉറിയിൽകെട്ടിവച്ച കുടുക്കയിൽ അമ്മകൊടുത്തയച്ച ഉണക്കമീനുണ്ട്.

 ഓഹ് .. അപ്പോൾ അതുതന്നെ. കള്ളിപ്പൂച്ച പണിപറ്റിച്ചു ! .. ഉണക്കമീനൊന്നും ബാക്കിവയ്ക്കാതെയത് കഴിക്കുകയാവും. അമ്മയുടെ ഉണക്കമീൻ കറിയുടെ രുചിയാണ് അപ്പോൾ മനസ്സിലേക്കുവന്നത്.  

തനിക്കു വിശക്കുന്നുണ്ടോ. അമ്മയെ വിളിച്ചിട്ടൊരുപാട് നാളായി. അടുക്കളയിലേക്കു പോയി നോക്കാൻ മടിച്ചു ഞാൻ കട്ടിലിൽ തന്നെയിരുന്നു. 

പൂച്ച അവിടെങ്ങാനും ഇരിക്കട്ടെ... എന്തെങ്കിലും ആവട്ടെ .. 

ചില ജീവിതങ്ങളിൽ വീണുകിട്ടുന്ന വിരുന്നുകാരാണ് അവർ. 

പൂച്ച.. കാക്ക  .. അയൽവക്കത്തെ കോഴികൾ .. 

ഭാഗ്യമുണ്ടെങ്കിൽ ഒരു അണ്ണാറക്കണ്ണൻ .. ഭാഗ്യം മുടക്കിക്കൊണ്ടു  ഒരൊറ്റ മൈന .. 

നല്ലവണ്ണം  ഉറക്കം വരുന്നു .. പക്ഷെ പൂച്ചയുടെ  മുരളിച്ചയുയർന്നുയർന്നു വന്നു ..  ചില്ലുപാത്രം ഏതോ നിലത്ത് വീണു ചിതറി.. ചെവിതലകേൾക്കാതായപ്പോൾ പതുക്കെയെഴുന്നേറ്റു ഞാൻ അടുക്കളയിൽ പോയി നോക്കി.. 

അവിടെക്കണ്ട കാഴ്ച്ച !! ഭയന്ന് ഞാൻ പുറകോട്ടു വേച്ചുപോയി .. 

പത്തി വിടർത്തി ചീറ്റിക്കൊണ്ടു ഒരു മൂർഖൻ  പൂച്ചയെ പിണഞ്ഞു കിടക്കുന്നൂ  .. പൂച്ച തികഞ്ഞയൊരു കളരി അഭ്യാസിയെപ്പോലെ പാമ്പിന്റെ  ചുറ്റലിൽ നിന്ന് കുടഞ്ഞിറങ്ങി തിരിഞ്ഞു നിന്ന്  പാമ്പിനെ നോക്കി കൈവീശി അടിക്കുന്നു  ..   എന്നിട്ടതിന്റെ പത്തിക്ക് താഴെ കടിച്ചുപിടിച്ചു കുടയുന്നു .. 

മച്ചിലേക്കു ഞാന്നു കിടന്ന മരച്ചില്ലയിലൂടെ ..ഓടിളകിയ ഭാഗത്തൂടെ കവുക്കോലിൽ ചുറ്റിനീങ്ങി ഉറിയിലേക്കിറങ്ങി വന്നതാവാം ആ പാമ്പു ..

 .. അതല്ലല്ലോ ഇപ്പൊ പ്രധാനം .. രണ്ടിനെയും പുറത്താക്കണം .. ശൂ ശൂ.. ഞാൻ ധൈര്യം സംഭരിച്ചു ശബ്ദം ഉണ്ടാക്കി .. പ്രാണൻ പണയംവെച്ച അവരുടെ യുദ്ധനിടയിൽ എന്ത് ശൂ.. 

ഞാനവിടെ തറഞ്ഞു നിന്നുപോയി പൂച്ച പാമ്പിന്റെ  ദേഹം പലയിടത്ത് മുറിവേൽപ്പിച്ചിരിക്കുന്നു .. 

പാമ്പ് വിടാതെ അവളെ ചുറ്റിയമർത്തുന്നു .. 

ആരുടെയോ ചോര തെറിച്ചു .. പാമ്പിന്റെ ഹിസ് ഹിസ് ശബ്ദം പൂച്ചയുടെ മുരളിച്ചയിൽ പതുക്കെ കേൾക്കാതായി .. 

കണ്ണുകൾ തിരുമ്മി എന്ത് ചെയ്യണമെന്നറിയാതെ അത് നോക്കി നിന്ന എന്നെ നോക്കിക്കൊണ്ടു 

ആ പാമ്പു പതിയെ നിശ്ചലമായി .. അതിനെ കടിച്ചു കുടയുന്ന പൂച്ച തിരിഞ്ഞെന്നെ ഒന്ന്  നോക്കി.. 

കാര്യം മനസ്സിലാക്കിയെന്നോണം ഞാൻ അടുക്കള വാതിൽ തുറന്നു പുറത്തേക്കു ചാടി..  പാമ്പിനെയും കടിച്ചുപിടിച്ചു പൂച്ചയും പുറത്തിറങ്ങി പിന്നാമ്പുറത്തെ ഇരുളിലേക്ക് മറഞ്ഞു.. എല്ലാം കഴിഞ്ഞെങ്കിലും അകത്തേക്കുകയറിയ ഞാൻ വേഗം  മുക്കും മൂലയുമെല്ലാം ടോർച് അടിച്ചു നോക്കി എന്നിട്ടു  വാതിലടച്ചു.. 

അവിടെ വീണ ചോരയിലേക്കൊരു നനഞ്ഞ തുണിയെറിഞ്ഞു ..  അപ്പോഴും മേച്ചിൽത്തൂങ്ങി  ഊയലാടുന്ന ഉറിയിലേക്കു ഭയത്തോടെ ഞാൻ നോക്കി .. 

താൻ രാവിലെ ഉറക്കച്ചടവിൽ എണീറ്റു വന്നു അടുക്കളയിലെത്തി എങ്ങാനും അറിയാതെ ആ പാമ്പിനെ ചവിട്ടിപ്പോയാലത്തെ അവസ്ഥ എന്തായിരിക്കും !! തനിക്കു കാത്തു  വെച്ച മരണകാരണങ്ങളിൽ ഒന്നായിരുന്നുവോ ഇത് ?! അഥവാ വിഷംതീണ്ടി മരിച്ചുപോയാൽ ‌ ശവശരീരം ആഴ്ചകളോളം  അഴുകിക്കിടന്നേനെ ഇവിടെ .. ദുർഗന്ധം വമിച്ചങ്ങനെ .. ! 

 ഞാൻ അവിടെ നിശ്ച്ചലയായി  നിന്നു.. 

പൂച്ചക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു ..  പാമ്പിനെ അത് കൊന്നുവെന്നാണ് തോന്നിയത് .. രാവിലെ ആരെയെങ്കിലും വിളിച്ചു അടുക്കള വൃത്തിയാക്കിപ്പിക്കണം ഇളകിയ ഓടെല്ലാം മാറ്റണം..  ചിന്തകൾ കാടുകയറിയപ്പോൾ പതുക്കെ ഞാൻ അകത്തേക്ക് നീങ്ങി .. അവിടെനിന്നു അടുക്കളയിലേക്കുള്ള വാതിലടക്കുകയായിരുന്നു ഞാൻ .. അപ്പോഴാണ്  വീണ്ടും പുറത്തു  എന്തോ ശബ്ദം ഞാൻ കേട്ടത് ..  അടുക്കളവാതിൽക്കലേക്കു ഞാൻ നോക്കി..  മനസ്സിലെവിടെയോ ഒരു പ്രതീക്ഷ ... അതാ  പൂച്ചയായിരിക്കും .. എന്തോ ഒരാശ്വാസം തോന്നി ..അതിനെയിനി ഇവിടെപ്പോറ്റണം.. 

തിരികെപ്പോയി ഞാൻ പേടിയോടെയെങ്കിലും വാതിൽ തുറന്നു..പക്ഷെ വാതിൽക്കൽ  ആരും ഉണ്ടായിരുന്നില്ല .. തോന്നിയതായിരുന്നോ ..! 

ഞാൻ ചുറ്റിലും നോക്കി.. 

ഒരിലപോലും ചലിപ്പിക്കാതെ  ഇരുൾവീണ നിലങ്ങളിൽ പറ്റിപ്പിടിച്ച കനത്ത നിശബ്ദത മാത്രം..  

അവിടെ ആരുമുണ്ടായിരുന്നില്ല ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com