sections
MORE

ലോക്സഭാ തിരഞ്ഞെടുപ്പും ജനപക്ഷ ചിന്തകളും

SHARE

ലോകത്തിലെ ഏറ്റവും വലിിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയുടെ 17-ാമത് ലോകസഭാ തെരഞ്ഞെടുപ്പ് പ്രോസസ് തന്നെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസകാലയളവുകളില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഒരു രാഷ്ട്രീയ സംഭവവും മഹാമേളയുമാണെന്നു പറയുന്നതില്‍ തെറ്റില്ല. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ 7 ഘട്ടങ്ങളിലായിട്ടാണ് ഈ പ്രാവശ്യത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍. ഫലപ്രഖ്യാപനം വീണ്ടും 4 ദിവസത്തെ കാത്തിരിപ്പിനുശേഷം മെയ് 23 മുതലാണെന്നതും സാധാരണക്കാര്‍ക്കു മനസ്സിലാക്കാനും ദഹിക്കാനും പറ്റാത്ത ഒരവസ്ഥയാണ്. കള്ളവോട്ടുകളേയും വോട്ടിംഗ് യന്ത്രങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങളേയും പറ്റി അനവധി ആശങ്കകളും സംശയങ്ങളും നിലനില്‍ക്കെ ആദ്യഘട്ടത്തിലെ വോട്ടിംഗ് തുടങ്ങി,വിവിധ ഘട്ടങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ തന്നെ ദീര്‍ഘകാലം തിരിമറി കൂടാതെ എണ്ണാന്‍ തുടങ്ങുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുമോ എന്ന കാര്യത്തില്‍് പ്രതിപക്ഷ കക്ഷികള്‍ക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് ഇലക്ഷന്‍ കമ്മീഷന്‍റെ സത്യസന്ധതയും നിഷ്പക്ഷതയും തന്നെ പലരും ചോദ്യം ചെയ്യുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍റെ പ്രവര്‍ത്തികള്‍ പലപ്പോഴും ഇപ്പോഴത്തെ ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ.ക്കും മോഡിക്കും അനുകൂലമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്തരം വ്യാഖ്യാനങ്ങളേയും ചിന്തകളേയും ജനപക്ഷത്തു നിന്നുകൊണ്ട് നിഷ്പക്ഷമായി പഠിക്കുകയും ചിന്തിക്കുകയും അവലോകനം  ചെയ്യുകയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഒരു സ്വതന്ത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ലേഖകന്‍ നടത്തുന്നത്. 

ജനാധിപത്യമെന്നത് ജനപക്ഷം തന്നെയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ജനപ്രതിനിധികളുടെ ഭരണമാണ്. അല്ലാതെ ജനങ്ങളുടെ മേലുള്ള ഒരാധിപത്യമല്ല ജനാധിപത്യം എന്നു വ്യക്തമാണല്ലോ. ആ നിലയില്‍ ഇലക്ഷന്‍ പ്രചാരണമോ ഇലക്ഷന്‍ പ്രോസസോ അതിന്‍റെ എല്ലാം വിചാരണകളോ വിശകലനങ്ങളോ സാധിക്കുന്ന അത്ര സത്യത്തിനും നീതിക്കും യുക്തിക്കും നിരക്കുന്ന നിഷ്പക്ഷതയോടെയാണ് കേരളാ ഡിബേറ്റ് ഫോറം വീക്ഷിക്കുന്നത്. നിഷ്പക്ഷതയുടെ പേരുപറഞ്ഞ് ഒരു രാഷ്ട്രീയ ഭരണപക്ഷ പ്രതിപക്ഷ കക്ഷികളുടേയും വ്യക്തികളുടേയും രാഷ്ട്രീയ നീതിക്കു നിരക്കാത്ത പ്രവര്‍ത്തികളേയും ജല്പനങ്ങളേയും കണ്ടില്ല കേട്ടില്ല എന്ന രീതിയില്‍ മൂടിവെയ്ക്കാനും അവഗണിക്കാനും കേരളാ ഡിബേറ്റ് ഫോറം തയ്യാറല്ല. കാര്യങ്ങള്‍ രാഷ്ട്രീയ സാംസ്കാരിക നീതി യുക്തങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും കടുത്ത പക്ഷപാതികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും മത തീവ്രവാദികള്‍ക്കും അരോചകം തോന്നിയേക്കാം അത് സ്വാഭാവികമാണ്. 

ഇലക്ഷനില്‍ മാറ്റുരയ്ക്കുന്ന ഒരു വ്യക്തിയും മുന്നണിയും ഒരര്‍ത്ഥത്തിലും നൂറു ശതമാനവും പെര്‍ഫെക്ടോ ശരിയോ അല്ല. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഒരു തമ്മില്‍ഭേദം തൊമ്മന്‍ എന്ന ഒരു നാടന്‍ സിദ്ധാന്തത്തില്‍ സ്ഥാനാര്‍ത്ഥികളും കക്ഷികളും തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ നിന്നെല്ലാം വ്യതിരിക്തമായി മതവികാരവും വര്‍ഗ്ഗീയവികാരവും അനാചാര ദുരാചാര വിഷലിപ്തമായ ചിന്തകൾ കുത്തിവച്ച് ഒരാവേശത്തിന്‍റെ കടലായി ജനത്തെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിച്ച് കൂട്ടത്തില്‍ മോഹനസുന്ദര വാഗ്ദാനങ്ങളുടെ പെരുമഴയും വാരിക്കോരി ചൊരിഞ്ഞ് വോട്ടുപിടിക്കുന്നത് ഒരുതരം ജനാധിപത്യത്തെ കബളിപ്പിക്കലും ധ്വംസനവുമാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് കഴിഞ്ഞ ബി.ജെ.പി. ഗവണ്‍മെന്‍റ് അന്ന് അധികാരത്തിലേറിയതെന്ന് ചിന്തക്ക് തിമിരം ബാധിക്കാത്ത സാധാരണക്കാര്‍ക്ക് അറിയാം. തീവ്ര മത അന്ധവിശ്വാസങ്ങളിലും അഴിമതിയിലും അക്രമത്തിലും അനീതിയിലും അസമത്വത്തിലും മുങ്ങിക്കുളിച്ച ഒരു ദുര്‍ഭരണമായിരുന്നു ഈ ഭരണം എന്ന വസ്തുത പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുമ്പോള്‍ അത് സത്യവും ന്യായവുമായി അംഗീകരിക്കാന്‍ മാത്രമെ ഈ നിഷ്പക്ഷ ചിന്തകന് സാധിക്കുകയുള്ളു. കാരണം അത് പകല്‍പോലെ തെളിഞ്ഞതും ശരിയും വ്യക്തവുമാണ്. അതെല്ലാം ഈ ലേഖനത്തില്‍ അതിദീര്‍ഘമായി വിവരിക്കുവാന്‍ സാധിക്കുകയില്ല. മാത്രമല്ല അതല്ല ഈ ലേഖനത്തിന്‍റെ പൂര്‍ണ്ണമായ ഉദ്ദേശവും ലക്ഷ്യവും. ചുരുക്കമായി പരാമര്‍ശങ്ങള്‍ നടത്തുക എന്നതുമാത്രമാണ് ഇവിടെ ചെയ്യുന്നത്. 

നോട്ടുനിരോധനം ജനദ്രോഹ പരിപാടിയായിരുന്നില്ലേ, അതുകൊണ്ട് ആര്‍ക്കെന്തു ഗുണമുണ്ടായി. ബി.ജെ.പി.കാര്‍ക്കും മുതലാളി കുത്തകകള്‍ക്കും പണം സ്വരൂപിക്കാനും അവരുടെ കള്ളപ്പണം വെളുപ്പിക്കാനും കനകാവസരം കിട്ടി, ആ പണമുപയോഗിച്ച് അഴിമതി നടത്താനും, തെരഞ്ഞെടുപ്പു തുടങ്ങിയ വിഷയങ്ങളില്‍ പണം വിതറി വോട്ടുപിടിക്കാനും, പ്രതിപക്ഷങ്ങളെ പോലും വിലക്കുവാങ്ങാനും അവസരമൊരുക്കി എന്നു ജനം പറയുന്നത് ശരിയല്ലെ? വിദേശത്തുള്ള കള്ളപ്പണം പിടിച്ചോ കൊണ്ടുവന്നോ? ജനങ്ങളുടെ സാമ്പത്തിക ജീവിത നിലവാരം ഉയര്‍ന്നോ? പകരം മതസ്പര്‍ദ്ദയും വൈരാഗ്യവും ഭിന്നിപ്പും ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ അനസ്യൂതം വാരിവിതറിയില്ലെ. കുടിവെള്ളം, പാര്‍പ്പിടം, വസ്ത്രം, ഒരു നേരഭക്ഷണത്തിനായി ദരിദ്രലക്ഷങ്ങള്‍ നെട്ടോടമോടുമ്പോള്‍ കോടികള്‍ മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതുകൊണ്ടോ മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സയെ സംപൂജ്യനായി ചിത്രീകരിച്ചതുകൊണ്ടോ മോഡി അത്യാര്‍ഭാട ജാഡകളോടെ കാണാപ്പാഠം പഠിച്ച ഹൃദയത്തില്‍ നിന്നും വരാത്ത വെറും തട്ടുപൊളിപ്പന്‍ തൊണ്ണതുറപ്പന്‍ പ്രസംഗങ്ങള്‍ ഇന്ത്യന്‍ ടാക്സ് ദായകരുടെ ചെലവില്‍ വിദേശത്തുപോയി വച്ചുകാച്ചിയതുകൊണ്ട് സാധുക്കളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭീമമായ നഷ്ടമല്ലാതെ ഒരു തരി ലാഭം പോലും ഉണ്ടാക്കിയിട്ടില്ലെന്ന നഗ്നസത്യം എതിര്‍കക്ഷികള്‍ പറയുമ്പോള്‍ എങ്ങനെ നിഷേധിക്കാന്‍ കഴിയും. 

പാര്‍ലമെന്‍റ് ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഒരു പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് എതിരെ ബല്ലാകോട്ട് ഒരു സര്‍ജിക്കല്‍ സ്ട്രൈക്കും. ഇന്ത്യയുടെയും ജനതയുടേയും സുരക്ഷിതത്വമല്ലേ എന്നുകരുതി പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം എല്ലാവരും പിന്തുണച്ചു. പക്ഷേ ഈ ഭീകരാക്രമണത്തേയും പ്രതിരോധ ആക്രമണത്തേയും അന്വേഷണവും വിശദാംശങ്ങളും തിരക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തവരെ രാജ്യസ്നേഹികള്‍ എന്നല്ല രാജ്യദ്രോഹികള്‍ എന്നാണ് മോഡി ഭരണകൂടം മുദ്രകുത്തിയത്. രാജ്യവും രാജ്യസ്നേഹവും ബി.ജെ.പി.ക്കാരുടെ മാത്രം കുത്തകയായി ചിത്രീകരിച്ചു. ഇലക്ഷന്‍ കമ്മീഷനെ ധിക്കരിച്ചുകൊണ്ട് ഭീകരര്‍ക്കെതിരെയുള്ള പാക്കിസ്ഥാന്‍ കയറിയുള്ള ഇന്ത്യന്‍ സൈനികരുടെ നേട്ടങ്ങളും മോഡിയുടേയും ഭരണത്തിന്‍റെയും നേട്ടങ്ങളായി ചിത്രീകരിച്ച് വോട്ടുപിടുത്തമായി. ന്യായവും നിഷ്പക്ഷതയും പാലിക്കേണ്ട ഇലക്ഷന്‍ കമ്മീഷന്‍ പതിവുപോലെ മോഡിക്കും അമിത്ഷായ്ക്കും എന്ത് ഇലക്ഷന്‍ നിയമലംഘനത്തിനും ആക്രോശത്തിനും ഒരു കുറ്റവിമുക്തിയും ക്ലീന്‍ ചീട്ടും നല്‍കി. സ്വതന്ത്രമായിരിക്കേണ്ട ഒരു ഭരണസംവിധാനങ്ങളായ ജുഡീഷ്യറി റിസര്‍വ്വ് ബാങ്ക്, മീഡിയ തുടങ്ങിയ സംവിധാനങ്ങളില്‍ അനര്‍ഹമായും അനവസരത്തിലും വേണ്ടാത്ത തരത്തിലുള്ള കൈകടത്തലുകള്‍ മോഡി ഭരണം നടത്തി. ഇന്ത്യയില്‍ ഭരണത്തുടര്‍ച്ച ബി.ജെ.പിക്ക് ഉണ്ടാകുകയാണെങ്കില്‍ ജനാധിപത്യത്തെ പടിപടിയായി കുഴിച്ചുമൂടുന്ന ഒരു സ്വേച്ഛാഭരണമായിരിക്കും സംജാതമാകുക  എന്ന സത്യം ബുദ്ധിജീവികള്‍ പറയുമ്പോള്‍ അത് അംഗീകരിക്കാനെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സാധിക്കുകയുള്ളു.

മോദിയും അനുചരന്മാരും മതതീവ്രവാദത്തിന്‍റെ വിഷവാതകം അലറിക്കൊണ്ട് തുറന്നുവിടുന്നതല്ലാതെ സാധാരണക്കാരെ അഭിമുഖീകരിച്ച് ഒരു പത്രസമ്മേളനമോ ഏതെങ്കിലും മീഡിയ മീറ്റോ നേരെ ചൊവ്വേ നടത്തിയിട്ടില്ല. രാഹുല്‍ഗാന്ധിയെ പൊട്ടനും, വിഡ്ഢിയും പപ്പുവുമായി ചിത്രീകരിച്ച ബി.ജെ.പിക്കാരുടെ മുടിചൂടിയ മന്നന്‍ നരേന്ദ്ര ദാമോദര്‍ മോഡി വാതുറക്കുമ്പോള്‍ പുലമ്പുന്നതു തനി വിഡ്ഢിത്തമാണെന്ന് അനേക ജനങ്ങള്‍ തിരിച്ചറിഞ്ഞു. മോഡിയുടെ പട്ടാള ഡിഫന്‍സ് സീക്രട്ടായ മേഘസിദ്ധാന്തം, 1988-ലെ ഡിജിറ്റല്‍ ക്യാമറ, ഇമെയില്‍ തുടങ്ങിയ വൈരുദ്ധ്യമേറിയ വെളിപ്പെടുത്തലുകളോടെ മോഡി തന്നെ സ്വയം മണ്ടനും പപ്പുവുമായി രൂപാന്തരപ്പെടുകയായിരുന്നു. 

കേരളത്തോടും ജനങ്ങളോടും അവഗണനയും തീര്‍ത്തും ചിറ്റമ്മ നയവുമാണ് ബി.ജെ.പി. ഗവണ്‍മെന്‍റ് സ്വീകരിച്ച് പോരുന്നത്. വന്‍ നാശം വിതച്ച കേരളത്തിലെ പ്രളയബാധിത ദുഃഖിതരോട് മോഡിഭരണം മുഖം തിരിച്ചു. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ സഹായം തന്നില്ലെന്നുമാത്രമല്ല മുടന്തന്‍ ന്യായങ്ങളും സാങ്കേതികവും പറഞ്ഞ് വിദേശത്ത് നിന്ന് ഉള്‍പ്പെടെയുള്ള സഹായവും തടയുകയാണ് മോഡി ഭരണം ചെയ്തത്. ഒരവസരത്തില്‍ കേരളത്തെ സൊമാലിയയാണെന്നു പറഞ്ഞ് അവഹേളിച്ചു. കേരളം സൊമാലിയയാണെങ്കില്‍ ആ സൊമാലിയ അവസ്ഥയില്‍ നിന്ന് കരകയറ്റേണ്ട ഉത്തരവാദിത്വം നമ്മുടെ പ്രധാനമന്ത്രിക്കാണെന്നത് കൂടി അദ്ദേഹം മറന്നുപോയി. മറ്റൊരവസരത്തില്‍ ചില ബി.ജെ.പി. നേതാക്കള്‍ കേരളം പാക്കിസ്ഥാനിലാണ് പാക്കിസ്ഥാന്‍റെ ഭാഗമാണ് എന്ന സംശയം പരിഹാസ രൂപേണ പ്രകടിപ്പിച്ചു. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തരികയും ഇന്ത്യയെ വളരെക്കാലം ഭരിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അധികാര മോഹങ്ങളും പടലപിണക്കങ്ങളും പല പഴയകാല മന്ത്രിമാരുടെ അഴിമതികളും കെടുകാര്യസ്ഥതയും പാര്‍ട്ടിയേയും മുന്നണിയേയും പിന്നോട്ടടിക്കുന്നു. കടല്‍ കിഴവന്മാരുടെ മാതിരി ചില കാര്യപ്രാപ്തിയില്ലാത്ത വയസ്സന്മാരുടെ സ്ഥിരം അധികാര കസേരയിലുള്ള കുത്തിയിരിപ്പും അവരുടെ ജല്പനങ്ങളും ചില ചെറുപ്പക്കാരായ ഖദര്‍ധാരികളുടെ എടുത്തുചാട്ടവും പാര്‍ട്ടിയേയും മുന്നണിയേയും കുഴപ്പത്തിലാക്കുക്കുന്നു. ചാന്‍സ് കിട്ടിയാല്‍ ആരു കണ്ണിറുക്കിയാലും അധികാരത്തിന്‍റെ പുറകെ മാത്രം പോകുന്ന കേരള കോണ്‍ഗ്രസ് മാതിരിയുള്ള ഘടകകക്ഷികളും യു.പി.എ.ക്കും യു.ഡി.എഫിനും തലവേദന തന്നെയാണ്. ഇത്തരം വ്യക്തിഗത പാര്‍ട്ടികള്‍ ബി.ജെ.പി.യുടെ കൂടെയും എല്‍.ഡി.എഫിന്‍റെ കൂടെയും അധികാര കസേരക്കുവേണ്ടി കാലുമാറാന്‍ എപ്പോഴും തയ്യാറായിരുന്നു. 

ബി.ജെ.പി.ക്കാര്‍ തന്നെ സൃഷ്ടിച്ച ശബരിമല പ്രശ്നം സത്യത്തിനും യുക്തിക്കും നീതിക്കും നിരക്കാത്ത വിധത്തില്‍ ആളിക്കത്തിയപ്പോള്‍ അതിനു കൂട്ടുപിടിച്ച് ബി.ജെ.പി.യുടെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിക്കുക വഴി അവരുടെ അസ്ഥിത്വവും തത്ത്വവും കളഞ്ഞു കുളിക്കുകയായിരുന്നു. ടോം വടക്കനെപ്പോലെ കാര്യസാദ്ധ്യത്തിനായി ബി.ജെ.പി.യിലേക്ക് ചേക്കേറാന്‍ തയ്യാറാകുന്ന ധാരാളം കോണ്‍ഗ്രസ്സുകാരെ കേരളത്തിലും അഖിലേന്ത്യാ തലത്തിലും കാണാന്‍ കഴിയും. ഇനിയിപ്പോള്‍ കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്ന് ജയിച്ചുവരുന്ന കുറെ എം.പി. മാരെങ്കിലും ബി.ജെ.പി.യുടെ കോടികള്‍ കൈപ്പറ്റി അവരുടെ ചാക്കില്‍ കയറി മന്ത്രിമാരും മറ്റുമായി ഉരുണ്ടും തള്ളിയുും വട്ടുകളിക്കുന്നതു കാണാം. 

കോണ്‍ഗ്രസിലെ വിവിധ സ്റ്റേറ്റുകളിലുള്ള ചില പ്രാദേശിക നേതാക്കളുടെ അഹന്തയും പിടിപ്പുകേടും കൊണ്ട് പലയിടത്തും മറ്റു കക്ഷികളുമായിട്ട് ഒരു സീറ്റ് നീക്കുപോക്കോ അഡ്ജസ്റ്റുമെന്‍റുകളോ നടത്താന്‍ പറ്റാത്തത് മുന്നണിക്ക് തീര്‍ച്ചയായും ക്ഷീണം നല്‍കും. കേരളത്തില്‍ തന്നെ യു.ഡി.എഫും എല്‍.ഡി.എഫും വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി നിര്‍ത്തിയതില്‍ ഒത്തിരി അപാകതകളുണ്ട്. ജനങ്ങളുമായി കാര്യമായ സമ്പര്‍ക്കമില്ലാത്ത വ്യക്തികളെ സ്ഥാനാര്‍ത്ഥികളാക്കി പിന്നീട് ഭാഗ്യത്തിന് പാര്‍ട്ടി അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റില്‍ ജയിച്ചു ചെന്നാല്‍പോലും കുത്തിയിരുന്ന് ഉറക്കം തൂങ്ങികളായ പലരേയും ഈ വിഭാഗത്തില്‍പെടുത്താം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ശരിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാത്ത ചിലരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കിയിട്ട് എന്തു നേട്ടം. മന്‍മോഹന്‍ മന്ത്രിസഭയില്‍ ഏഴ് മലയാളി കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു പക്ഷേ അവര്‍ക്കല്ലാതെ കേരളത്തിനോ മറ്റോ പറയത്തക്ക വല്ല നേട്ടവുമുണ്ടായിട്ടുണ്ടോ? വയലാര്‍ രവിയെപ്പോലെയുള്ള പ്രവാസി മന്ത്രി ഉണ്ടായിരുന്നു. അതുകൊണ്ട് ഖജനാവിലും പ്രവാസികള്‍ക്കും കോട്ടമല്ലാതെ നേട്ടമുായിട്ടില്ല. ഒരര്‍ത്ഥത്തില്‍ നമ്മുടെ പ്രവാസി വകുപ്പ് എടുത്ത് കളഞ്ഞത് നന്നായി. 

നിലവിലെ 9 എം.എല്‍.എ.മാരെയാണ് യു.ഡി.എഫും എല്‍.ഡി.എഫും പാര്‍ലമെന്‍റ് ഇലക്ഷനിലേക്ക് സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയത്. ഇത് അവരെ തിരഞ്ഞെടുത്ത വോട്ടര്‍മാരോടുള്ള ഒരു വെല്ലുവിളിയും ക്രിമിനല്‍ വെയിസ്റ്റുമാണ്. ഇവരെ എം.എല്‍.എ. സ്ഥാനം രാജിവയ്പ്പിച്ച ശേഷം പാര്‍ലമെന്‍റ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കണമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനാല്‍ പാര്‍ട്ടി അഫിലിയേഷന്‍ നോക്കാതെ തന്നെ അവരെ തോല്‍പ്പിക്കുകയായിരുന്നു വേണ്ടിയത്. ഇരു പാര്‍ട്ടിക്കും വേണ്ടി ത്യാഗം ചെയ്ത കഴിവുള്ള പരിചയസമ്പന്നര്‍ ഇല്ലാഞ്ഞിട്ടാണോ ഇവര്‍ക്ക് സ്ഥനാര്‍ത്ഥിത്വം നല്‍കിയത്. 

കേരളാ പൊളിറ്റിക്സിൽ ഏറ്റവും അച്ചടക്കവും കേഡര്‍സ്വഭാവവും പണവും എല്‍.ഡി.എഫ് സംവിധാനത്തിന്, പ്രത്യേകിച്ച് സി.പി.എം. മാര്‍ക്സിസ്റ്റിനാണെന്നു പറയാം. പക്ഷെ പാര്‍ലമെന്‍റില്‍ ഇവരുടെ ശബ്ദവും പ്രാതിനിധ്യവും വളരെ പരിമിതമായിരിക്കും. കോണ്‍ഗ്രസിനോ, മൂന്നാം മുന്നണിക്കോ വേണ്ടി ചുമ്മാ കൈ പൊക്കാം അത്രതന്നെ. കേരളത്തില്‍ ഇവരും അഴിമതിക്കും കെടുകാര്യസ്ഥതക്കും ഒട്ടും പിന്നിലല്ലാ. അവരുടെ ഇംഗിതത്തിന് ഒപ്പം നൃത്തം ചെയ്യാത്ത സിവില്‍ ഉദ്യോഗസ്ഥരെ ഒരു ദാക്ഷണ്യവും കൂടാതെ അവര്‍ വലിച്ചെറിയും സ്ഥലം മാറ്റും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി തുടങ്ങിയവരുടെ ചില അവസ്ഥകള്‍ തുടങ്ങി മറ്റനവധി കാണാന്‍ കഴിയും. എല്‍.ഡി.എഫിന് ഒപ്പം നില്‍ക്കുന്ന സിനിമാക്കാരേയും മതമേധാവികളേയും ക്രിമിനല്‍സിനേയും രക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും.

കേരളം ജലപ്രളയത്തില്‍ സമാഹരിച്ച തുക വകമാറ്റി ചിലവഴിക്കാനും എല്ലാം അവര്‍ മിടുക്കരാണ്. ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടില്‍ ശരിയുണ്ടെന്നത് നിഷ്പക്ഷമായി അവലോകനം ചെയ്യാന്‍ പറ്റും. കോടതിവിധിക്ക് മുന്‍പും പിന്‍പും എല്‍.ഡി.എഫ്. സ്ത്രീ സമത്വത്തിനായി നിലകൊണ്ടു. ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ ഒരു യുക്തിക്കും നിരക്കാത്ത രീതിയില്‍ സമരം അഴിച്ചുവിട്ട് ഭരണ കക്ഷിയായ എല്‍.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ കോടതിവിധി അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി എല്‍.ഡി.എഫിനും ചോര്‍ന്നുപോയി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവരും അര്‍ഹരായ സ്ത്രീജനങ്ങളെ ശബരിമല ചവിട്ടാന്‍ പ്രോത്സാഹിപ്പിച്ചില്ല, തിരിച്ചയച്ചു. അതിനവരെയല്ലാ, അതിനെതിരായ സമരം നടത്തിയ ബി.ജെ.പിക്കാരേയും അതിനു കുടപിടിച്ച കോണ്‍ഗ്രസ്സുകാരേയുമാണ് കുറ്റം പറയേണ്ടത്. കോടതിവിധിയും ന്യായവുംനടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ പ്രക്ഷോഭകരെ മറികടന്ന് ശ്രമിച്ചിരുന്നെങ്കില്‍ അവിടെ വെടിവെയ്പ്പും രക്തമൊഴുക്കും സംഭവിക്കുമായിരുന്നു. കോണ്‍ഗ്രസ്സിന്‍റെ സഹായത്തോടെ ബി.ജെ.പി. ഗവണ്‍മെന്‍റ് ഇടതുസര്‍ക്കാരിനെ പിരിച്ചുവിടാനും അതു കാരണമായി തീര്‍ന്നേനെ. 

അടിസ്ഥാന വികസനം പോയിട്ട് കേരളത്തില്‍ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയും ആചാരങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും അനുഷ്ഠാനങ്ങളും തന്നെയായിരുന്നു. സ്ത്രീവിഷയത്തിലും ഭൂമി ഇടപാടിലും ചര്‍ച്ച് ആക്ടിലും മറ്റുമായി പ്രതിക്കൂട്ടിലായി ഇരുട്ടില്‍ തപ്പുന്ന ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരുടെ പല്ലിന്‍റെ ശൗര്യത്തിലോ ഇടയലേഖനത്തിലോ പണ്ടേപോലെ ശൗര്യമില്ല. എങ്കിലും പല പാര്‍ട്ടിക്കാരും അവരുടെ കൈകാല്‍മുത്തി അരമനകള്‍ കയറിയിറങ്ങി. ബഹുഭൂരിപക്ഷം അല്‍മായരും അവരുടെ കാന്തവലയത്തിനു വെളിയിലാണെന്ന പരമാര്‍ത്ഥം ഇനിയും രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കണം. പിന്നെ ഏതൊരു സൂപ്പര്‍ സിനിമാതാരമായാലും ചൊക്കിലിതാരമായാലും അവരെ പൊക്കാനും പൃഷ്ടം താങ്ങാനും ആരാധിക്കാനും രാഷ്ട്രീയക്കാര്‍ പോകാതിരിക്കുന്നതാണ് ന്യായവും ഭംഗിയും. 

ഏതായാലും 17-ാം പാര്‍ലമെന്‍റ് ഇലക്ഷന്‍ ഫലമറിയാന്‍ ഇന്ത്യയിലുള്ളവരെന്നപോലെ വിദേശത്തുള്ള ഇന്ത്യയില്‍ വേരുകളുള്ള ഒരു ജനത കാത്തിരിക്കുന്നു. സൂക്ഷിച്ചു വച്ചിരിക്കുന്ന ബാലറ്റ് പെട്ടികള്‍ ഫലം പുറപ്പെടുവിക്കാന്‍ തയാറായി ബീപ്പ്... ബീഫ്... എന്ന ശബ്ദമുണ്ടാക്കുന്നു. ബാലറ്റ് പെട്ടികള്‍ എം.പി.മാരെ പ്രസവിക്കാന്‍ തയ്യാറായി. കേരളാ ഡിബേറ്റ് ഫോറവും ഒരു നല്ല ഫലത്തിനായി കാത്തിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA