ADVERTISEMENT

സ്രാവുകള്‍ക്കൊപ്പം നീന്തുക എന്നത് വളരെ അപകടകരമാണ്. മരണം സംഭവിക്കുവാനും സാധ്യതയുണ്ട്. ധൈര്യശാലികളായ വ്യക്തികള്‍ മാത്രമേ ഇതിന് തയാറാകുകയുള്ളൂ. കോട്ടയം ജില്ലയിലെ തിക്കോയിയില്‍ ഒരു കര്‍ഷക കുടുംബടത്തില്‍ ജനിച്ച ജേക്കബ് തോമസ് 1984-ല്‍ സിവില്‍ പരീക്ഷ എഴുതി ആദ്യ അവസരത്തില്‍ത്തന്നെ ഐപിഎസില്‍ എത്തി. ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തിന്‍റെ ചരിത്രരേഖയും തന്‍റെ ജീവിതാനുഭവങ്ങളുടെ ആത്മകഥയുമാണ്  അനുവാചകരെ ഈ ഗ്രന്ഥം വിജ്ഞാനത്തിന്‍റെ വീഥിയിലൂടെ നയിക്കുന്നത്.

വളരെ തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിലും ചിന്തിക്കുവാനും എഴുതുവാനും കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. അക്ഷരങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന അഗാധ വ്യക്തിബന്ധവും താല്‍പര്യവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാതൃകയാണ്. ജനസേവകരെന്ന നാമഥേയത്തില്‍ അറിയപ്പെടുന്ന ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെയും അഴിമതികള്‍ മറയില്ലാതെ തുറന്നുകാട്ടുന്ന സാമൂഹ്യതലത്തിലെ ചുവര്‍ ചിത്രങ്ങള്‍ ഇതില്‍ വരച്ചുകാട്ടുന്നുണ്ട്. മാനവികതയിലേക്കുഅളള മാര്‍ഗദര്‍ശനം ഈ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഐപിഎസ് ഉദ്ദ്യോഗസ്ഥന്‍റെ തൊഴില്‍ രാഷ്ട്രീയക്കാരന്‍റെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാതെ ഭരണഘടന അനുസരിച്ചുള്ള സ്വാതന്ത്ര്യം, സമത്വം, വികസനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധപതിപ്പിച്ച് സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജനങ്ങള്‍ക്കും നീതി ലഭിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് അവലംബിക്കേണ്ടതെന്ന് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍. 

വായനയും എഴുത്തുമാണ് ജീവിതത്തെ ആസ്വാദ്യമാക്കുന്നതെന്ന് തിരിച്ചറിഞ്ഞ ജേക്കബ് തോമസ് കോട്ടയത്ത് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിലാണ് പുസ്തകക്കട ആരംഭിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. ലാഭമുള്ള ബിസിനസ്സും അതോടൊപ്പം വില്‍പ്പനയ്ക്കുള്ള ഏത് പുസ്തകവും വായിക്കുവാന്‍ സാധിക്കും എന്നതാണ് ഇത്തരത്തിലുള്ള ചിന്ത തന്നെ ഭരിച്ചത്. പുസ്തകക്കട ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. സ്വന്തം ഗ്രാമത്തില്‍ ഒരു നല്ല ലൈബ്രററി ഇല്ലാത്ത ദുഖവും വായനയ്ക്ക് ഒരു തടസ്സമായിരുന്നു. ഡല്‍ഹിയിലെ ജീവിതത്തിലാണ് ലൈബ്രററിയുടെ വില എന്താണെന്ന് മനസ്സിലാക്കുന്നത്. ഡല്‍ഹിയില്‍ ഐഎആര്‍എയുടെയും അമേരിക്കന്‍ സെന്‍ററിലെയും, ജെഎന്‍യുവിലെയും ലൈബ്രറികളിലെ നിത്യസന്ദര്‍ശകനായിത്തീരുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. 

ദീപികാദിനപ്പത്രമാണ് പത്രപാരായണത്തിന് തുടക്കം കുറിച്ചതെന്ന് തനിക്ക് ഓര്‍മ്മയുണ്ട്.  മലയാളമനോരമ എന്തുകൊണ്ട് വീട്ടില്‍ വരുത്തിയില്ല എന്ന ചോദ്യം ഇത് വായിക്കുന്നവരില്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ദീപിക വായിച്ച ജേക്കബ് തോമസ് ഇതില്‍ നിന്ന് കാര്യമായ സാമൂഹ്യബോധവും ലഭിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. പള്ളികളിലെ പെരുന്നാളും റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍റെ പരിപാടികളുമൊക്കെയാണ് പ്രധാന പത്രവാര്‍ത്ത. ദിവസവും പത്രത്തില്‍ അച്ചടിച്ചുവരുന്ന ഇന്നത്തെ ചിന്താവിഷയം അദ്ദേഹം താല്‍പര്യത്തോടെ വായിക്കുമായിരുന്നു. റബ്ബര്‍ ബോര്‍ഡിന്‍റെ റബ്ബര്‍ മാസികയും സ്നേഹസേനയെന്ന ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമാണ് തന്‍റെ വീട്ടില്‍ വരുത്തിയിരുന്ന ആനുകാലികങ്ങള്‍. 

നല്ലകുടുംബത്തില്‍ ജനിച്ചുവളരുന്ന കുട്ടികളാണ് പില്‍ക്കാലത്ത് സദാചാര മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ജീവിതം പടുത്തുയര്‍ത്തുന്നത്. ജേക്കബ് തോമസ് തന്‍റെ പിതാവിനെപ്പറ്റി അധികമൊന്നും വിശദീകരിക്കുന്നില്ലെങ്കിലും പിതാവിന്‍റെ ശ്രേഷ്ഠത എന്താണെന്ന് അറിയുവാന്‍ താന്‍ വായനയ്ക്ക് തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കിയാല്‍ മതിയാകും. അപ്പന്‍റെ കൈവശം കുറച്ചു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും വിശുദ്ധന്മാരുടെ ജീവചരിത്രങ്ങളുമായിരുന്നുڈ ജേക്കബ് തോമസിനെ സ്വാധീനിച്ച രണ്ട് പുസ്തകങ്ങളായിരുന്നു പിതാവ് സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ആത്മകഥയായ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. മറ്റൊന്ന് കെ.പി.കേശവമേനോന്‍ എഴുതിയ ജീവിതചിന്തകള്‍. വായനയാണ് മനുഷ്യനെ സമ്പൂര്‍ണ്ണനാക്കുന്നത്. പുസ്തകത്തെ താന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് ഇതാ മറ്റൊരു ഉദാഹരണം. ഡല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംഎസ്സിക്കും പിഎച്ച്ഡിക്കും പഠിക്കുമ്പോള്‍ ലഭിച്ചിരുന്ന ബുക്ക് ഗ്രാന്‍റ് ഉപയോഗിച്ച് സ്വന്തമായൊരു ലൈബ്രറിതന്നെ നിര്‍മ്മിച്ചു. ഡല്‍ഹിയിലെ ദരിയാഗഞ്ചിലും അന്‍സാരി റോഡിലുള്ള പഴയപുസ്തക കടകള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുമായിരുന്നു. 20 വര്‍ഷം പഴക്കമുള്ള ഒരു സൈക്കിള്‍ പഞ്ചാബിയില്‍ നിന്ന് വാങ്ങിയാണ് പുസ്തകകടകള്‍ കയറിയിറങ്ങിയത്. വായനയ്ക്ക് താന്‍ എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

മക്കള്‍ക്ക് പുതുവര്‍ഷത്തില്‍ മാതാപിതാക്കള്‍ സമ്മാനങ്ങള്‍ കൊടുക്കുമ്പോള്‍ നല്ല പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുക്കാന്‍ വിമുഖത കാട്ടരുത്. അത് അവരുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിത്തീര്‍ക്കും. സമൂഹത്തില്‍ മാന്യതയും അംഗീകാരവുമുള്ള പദവിയാണ് ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ളത്. എന്നാല്‍ നമ്മുടെ രജ്യം ഭരിക്കുന്ന ഭരണകര്‍ത്താക്കളില്‍ പലരും ഒരു കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരായിരുന്നു. സമരം നടത്തിയും സത്യാഗ്രഹം സംഘടിപ്പിച്ചും നേതൃനിരയില്‍ വന്ന ഇവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാര കസേരയില്‍ വാഴുമ്പോള്‍ ഇവരുടെ കല്‍പ്പനകള്‍ അനുസരിക്കേണ്ടി വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗതികേടും തന്‍റെ രചനയില്‍ വെളിപ്പെടുന്നുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അശോക് ജോര്‍ജും വി.പി.സിങും ഉദ്യോഗത്തില്‍ നിന്ന് രാജിവച്ചു. രണ്ടുപേരും മഹാരാഷ്ട്രാ കേഡറ്റായിരുന്നു. സിങ് രാജിവച്ചതിന്‍റെ പ്രധാന കാരണം താന്‍ അന്വേഷിച്ചുവന്ന ഒരു അഴിമതികേസ് അട്ടിമറിക്കപ്പെട്ട കാരണത്താലാണ്. ഇതുപോലെ ജേക്കബ് തോമസും തന്‍റെ ഉദ്യോഗജീവിതത്തില്‍ രാജിസമര്‍പ്പിക്കുവാന്‍ ആലോചിച്ച ഒരു സന്ദര്‍ഭം വിവരിക്കുന്നുണ്ട്. ഹോട്ടീകള്‍ച്ചര്‍ വികസന പദ്ധതിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പത്രത്തില്‍ പരസ്യം കൊടുത്ത് രണ്ട് പ്യുയുണ്‍മാരെ നിയമിക്കുവാന്‍ തീരുമാനിച്ചു. നിയമനം നടക്കുമെന്നറിഞ്ഞപ്പോള്‍ കൃഷിമന്ത്രി ഇടപെട്ട് തന്‍റെ നാട്ടുകാരില്‍ രണ്ടുപേരെ നിയമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നുള്ള ഈ നിയമനത്തിന് ജേക്കബ് തോമസ് തയാറായില്ല. യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് ജേക്കബ് തോമസ് നിയമനം നടത്തിയെങ്കിലും സ്ഥലംമാറ്റത്തിലൂടെയാണ് മന്ത്രി, ജേക്കബ് തോമസിനോട് പ്രതികാരം വീട്ടിയത്. കണ്ണൂരിലെ ക്രൈബ്രാഞ്ച്  എസ് പി യായിട്ടാണ് നിയമനം കൊടുത്തത്. ഒരു വര്‍ഷത്തിനുശേഷം വീണ്ടും സ്ഥലംമാറ്റം എറണാകുളം പൊലീസ് കമ്മീഷണറായി.

കൊച്ചിയില്‍ പൊലീസിലും സമൂഹത്തിലെ വമ്പന്മാരും തനിക്കെതിരായി പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്. അതിന് അവരെ പ്രേരിപ്പിച്ചത് രാമവര്‍മ്മ ക്ലബും ഒരു ഹോട്ടല്‍ റെയ്ഡ്ചെയ്ത കാരണത്താലുമാണ്. ബാര്‍ലൈസന്‍സില്ലാതെ മദ്യംവിളമ്പലും പണംവച്ചുള്ള ചീട്ടുകളിയുമാണ് രാമവര്‍മ്മയില്‍ നടന്നിരുന്നത്. അഭിഭാഷകരും, ഡോക്ടര്‍മാരും, രണ്ട് ഡി.വൈ.എസ്പിമാരുമാണ് റെയ്ഡില്‍ അറസ്റ്റിലായത്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. പണക്കാര്‍ക്കും സാധരക്കാര്‍ക്കും നിയമം ഒരുപോലെയാണ്. കുറ്റംചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നതാണ് ജേക്കബ്തോമസിന്‍റെ തത്വം. പൊതുജനസേവകനെന്ന നാമഥേയത്താല്‍ അറിയപ്പെടുന്ന  രാഷ്ട്രീയ പ്രവര്‍ത്തകരുടെ വികൃതസ്വഭാവവും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ എസ് പിയായി ഉദ്യോഗത്തില്‍ തുടരുന്ന കാലഘട്ടത്തില്‍ താന്‍ കാസര്‍കോഡ് ബദിയടുക്ക സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ സബ്ഇന്‍സ്പെക്ടറുടെ കസേരയില്‍ സ്ഥലത്തെ രാഷ്ട്രീയനേതാവ് ഇരിക്കുന്നതാണ് കാണുന്നത്. ജനാധിപത്യ മൂല്യശോഷണമാണ് ഇവിടെ വ്യക്തമാക്കുന്നത്. 30 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ പല സ്ഥാപനങ്ങളുടെയും തലവനായി നിയമിതനായിട്ടുള്ള ജേക്കബ് തോമസ് ഒരിക്കല്‍ പോലും കീഴുദ്യോഗസ്ഥരുടെ കസേരയില്‍ ചെന്നിരുന്ന് അധികാരം സ്ഥാപിക്കുവാന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. 

സപ്ലൈകോയിലെ വന്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കാരണത്താല്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥന് വധഭീഷണിതന്നെ നേരിടേണ്ടതായി വന്നു. സപ്ലൈകോയിലെ അഴിമതിക്കാരനെ വലയിലാക്കുവാന്‍ ശ്രമിച്ചെങ്കിലും ഉന്നതതല സ്വാധീനം ഉപയോഗിച്ച് അയാൾ രക്ഷപെടുവാന്‍ തീരുമാനിച്ചു. അതിന് അദ്ദേഹം സ്വീകരിച്ച തന്ത്രം എന്നെ സ്ഥലംമാറ്റുക എന്നതാണ്. 19 കേസുകളാണ് സപ്ലൈകോ അയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത്. യാതൊരു ഫലവും ഉണ്ടായില്ല. കേസ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവിടെയും അയാള്‍ രക്ഷപെട്ടു. രാഷ്ട്രീയക്കാരും ഭരണതലത്തിലുള്ള അഴിമതിക്കാരും കൈകോര്‍ത്ത് ഏതെല്ലാം രീതിയിലാണ് പൊതുജനത്തെ കൊള്ളയടിച്ച് ഖജനാവ് കാലിയാക്കുന്നതെന്ന് ഈ ഗ്രന്ഥത്തിന്‍റെ ഓരോ ഏടുകളിലും വ്യക്തമാക്കുന്നുണ്ട്. 

കൈക്കൂലി കൊടുക്കുന്നതും കൈക്കൂലി വാങ്ങുന്നതും കുറ്റകരമാണ്. സമൂഹത്തില്‍ അഴിമതികള്‍ക്ക് വ്യത്യസ്തമുഖങ്ങള്‍ ഉണ്ട്. അതിനെ പ്രതിരോധിക്കേണ്ട കടമ നമ്മില്‍ നിക്ഷിപ്തമാണ്. കറന്‍റ് ബുക്സ് തൃശൂര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ വില 250 രൂപയാണ്. വായനക്കാരുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കുവാന്‍ drjacobt@gmail.com.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com