ADVERTISEMENT

കഴിഞ്ഞ ഏപ്രിലിൽ പ്രവാസത്തിൽ  നിന്നൊരു ചെറിയ ഇടവേള തട്ടിയൊപ്പിച്ച് നാട്ടിലേക്ക് പറക്കുകയാണ്.

നിലം തൊടാത്ത നാലു മണിക്കൂർ ഇരുന്നു മുഷിയുന്നതോർത്താൽ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പിരാന്ത് വരും. ലക്ഷ്യസ്ഥാനത്തെത്താൻ പൈലറ്റിനേക്കാൾ കൂടുതൽ കഷ്ടപ്പെടുന്നത് എവിടെയും അടങ്ങിയൊതുങ്ങിയിരിക്കാത്ത എന്നെപ്പോലുള്ള യാത്രക്കാരായിരിക്കും.

വീടെത്താൻ നെടുമ്പാശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക്‌ വീണ്ടും ബസ് കയറണം. പക്ഷെ അതിനിടയിൽ തൃശൂർ ഒരു പത്തുമിനിറ്റ് സ്റ്റോപ്പുണ്ട്. അവിടെന്നൊരു പഴം പൊരിയും കട്ടൻ ചായയും കുടിച്ചാൽ പിന്നെ കോഴിക്കോടെത്തുന്നതറിയില്ല. പക്ഷെ ക്വലാലംബൂരിൽ തുടങ്ങി കൊച്ചിയെത്തുന്നത് വരെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. സുഖമായിരിക്കാൻ അധിക പണവും നൽകി വിൻഡോ സീറ്റൊക്കെ ബുക്ക് ചെയ്യുമെങ്കിലും, വെറുപ്പെടുത്ത് കുറഞ്ഞത് നാലുതവണയെങ്കിലും തൊട്ടടുത്തിരുന്ന് കൂർക്കം വലിക്കുന്നവനെ ശല്യം ചെയ്ത് ബാത്ത് റൂമിൽ പോവുന്നതൊക്കെ യാത്രയിലെ നിത്യ സംഭവങ്ങൾ. 

ഒൻപതുവർഷത്തെ പ്രവാസം ഒരുപാട് വിമാനയാത്രകൾ സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ വിമാനയാത്രയേക്കാൾ വിമാനം പറത്താനായിരുന്നു ആഗ്രഹം. ആരെങ്കിലുമൊക്കെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നതുവരെ ആരാവണമെന്നുള്ള ചോദ്യം ചോദിച്ചു തീർക്കുമ്പോളേക്കും പൈലറ്റെന്ന ഉത്തരം ട്ടപ്പേ ന്നു വീണിട്ടുണ്ടാവും. ഭാവിയിൽ പൈലറ്റായി ജോലി നോക്കാൻ കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള വീട്ടിന്റെ ഉമ്മറത്തിരുന്നു താഴ്ന്നുപറക്കുന്ന വിമാനങ്ങളെ നോക്കി കമ്പനിയുടെ പേരുകളൊക്കെ എഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഥവാ ഉയർന്നു പറക്കുമ്പോൾ പേര് വായിക്കാനാവാതെ ചിറകിലെ മുദ്ര നോക്കി വീടിനടുത്തുള്ള സമപ്രായക്കാരോട് സൗദി എയർലൈൻസ് ആണെന്നും എയർ ഇന്ത്യയാണെന്നുമൊക്കെ വീമ്പു വിട്ടിട്ടുമുണ്ട്. വിവരം വച്ചപ്പോൾ ആ പണിയൊന്നും ചെയ്യാൻ ഈയുള്ളവന്റെ തലച്ചോറ് വളർന്നിട്ടില്ലന്നു സ്വയം വിലയിരുത്തി പിന്മാറിയെങ്കിലും വിമാനപ്പറത്തലുമായി ബന്ധപ്പെട്ട സംശയങ്ങൾ മനസ്സിൽ കുന്നുകൂടിയിട്ടുണ്ട്.

ഏതെങ്കിലും ഒരു പൈലറ്റിനെ കാണുമ്പോൾ പലപ്പോളായി ചോദിച്ചു മനസ്സിലാക്കലായിരുന്നു ലക്ഷ്യം.  ഓരോ യാത്രയിലും ചോദ്യാവലിയുടെ കട്ടി കൂടുകയാണ്. ഓരോ തവണ ക്വലാലംബൂരിൽ വരുമ്പോളും സംശയനിവാരണത്തിനായി പൈലറ്റുമാരുടെ അടുത്ത് വരെ ചെല്ലും. അവരുടെ വേഗം കൂടിയ നടത്തവും ജാഗ്രതയേറിയ മുഖവും കാണുമ്പോൾ ഞാൻ തിരിച്ചു നടക്കാറാണ് പതിവ്. ഫേസ്ബുക്കിൽ കാലങ്ങളായി ചങ്ങാത്തം ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു വൈമാനികനെ തേടി അയക്കുന്ന റിക്വസ്റ്റുകളൊന്നും നാളിതുവരെ വരെ വെളിച്ചം കണ്ടിട്ടുമില്ല. 

യാത്ര നാല് മണിക്കൂറിനോടടുത്തു.   തുടർച്ചയായ ശ്രദ്ധാകേന്ദ്രീകരണം കൊണ്ട് തന്നെയാവും പാതിയടഞ്ഞ  ശബ്ദത്തിൽ ഞങ്ങളെ താഴെയിറക്കാൻ വൈമാനികന്റെ "വി വിൽ ലാൻഡിംഗ് ഷോർട്ട്ലി" അറിയിപ്പും കിട്ടി. ചെറിയ കുലുക്കവും മേഘങ്ങളോടുള്ള മൽപ്പിടുത്തവുമൊക്കെ കഴിഞ്ഞ് കൊച്ചിയിലിറങ്ങിയപ്പോളേക്കും ബാഗുകൾക്കു വേണ്ടി യുദ്ധം ചെയ്യുന്ന സ്വന്തം മലയാളികൾക്കിടയിലൂടെ ബുക്ക് ചെയ്ത കെ എസ് ആർ ടി സി നഷ്ടപ്പെടാതിരിക്കാൻ  നുഴഞ്ഞു നീങ്ങി കവാടത്തിലെത്തി.  ഇത്രയെണ്ണത്തിനെയും ചുമന്നു ലക്ഷ്യസ്ഥാനത്തെത്തിയ ക്ഷീണത്തിലെന്നവണ്ണം കോക്ക് പിറ്റിലിരിക്കുന്ന പൈലറ്റിനെ കിളിവാതിലിലൂടെ ഒരു നോക്ക് കണ്ടു.

കസ്റ്റംസ് ക്ലിയറൻസൊക്കെ കഴിഞ്ഞ് ധൃതിയായി പുറത്തേക്ക് നീങ്ങുമ്പോളാണ് യാതൊരു മുൻപരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ചോദ്യം. കോഴിക്കോടേക്കാണെങ്കിൽ ഒരുമിച്ചു പോവാം, കാർ വിളിക്കട്ടെ? ബസ്  ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഞാൻ തടിയൂരി. ബസ് ബേയിലെത്തിയപ്പോൾ തൊട്ടടുത്ത് അതാ നിൽക്കുന്നു അയാൾ. ഒരു ജീൻസും സാധാരണ ഒരു വെള്ള ടീഷർട്ടുമാണ് വേഷം. കയ്യിൽ ഒരു ട്രോളി ബേഗുമുണ്ട്. ശാന്തനായി അയാൾ വീണ്ടും ചോദിച്ചു, ഇപ്പോൾ കോഴിക്കോടേക്ക് ബസ് ഉണ്ടോ? 

ഉണ്ട്. 

ബുക്ക് ചെയ്തിട്ടില്ല. 

സീറ്റ് ഇല്ലെങ്കിലും ഞാനതിൽ കയറാമെന്ന മലപ്പുറം ഭാഷ കേട്ടപ്പോൾ നാട്ടുകാരനാണെന്നു ബോധ്യമായി. 

പെട്ടെന്ന് സൗഹൃദം പങ്കിടുന്ന ഞാനും മൂപ്പരും കുറഞ്ഞ സമയം കൊണ്ട് സുഹൃത്തുക്കളായി. ഒന്നിന് പിറകെ ഒന്നായി ഓടിക്കൊണ്ടിരിക്കുന്ന എൽ ഇ ഡി ബോർഡുമായി നിലം തലോടി  വരുന്ന ലോ ഫ്ലോർ ബസ്  കണ്ടപ്പോൾ എന്റെ പെട്ടികൾകൂടി കയറ്റാൻ ആ ചെറുപ്പക്കാരൻ മുൻകൈയെടുത്തു.എന്റെ ബുക്ക് ചെയ്ത സീറ്റിനടുത്തു തന്നെ ഇരിപ്പിടം പാസ്സാക്കി, നല്ല മലപ്പുറം കത്തിയടിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെയും കൊണ്ട് ബസ് ചാലക്കുടി എത്താറായി. രാത്രിയാത്രയാണെങ്കിലും ഏപ്രിലിലെ ചുട്ടുപൊള്ളുന്ന വെയിലിൽ കരിഞ്ഞുപോയ അന്തരീക്ഷം പതുക്കെ തണുത്തു വരുന്നേയുള്ളൂ. അതുകൊണ്ടു തന്നെ കൂടുതലായി തുറന്നു വിട്ട ഏസി യൊന്നും ആർക്കും ഏശുന്നില്ല. അർദ്ധരാത്രിയിൽ ഉറങ്ങാതെ വളയം പിടിക്കുന്ന ഡ്രൈവർക്കും തൃശൂരിലെ കട്ടൻചായയും പഴംപൊരിയുമാണ് ലക്ഷ്യമെന്ന് തോന്നുന്നു. ഒന്ന് രണ്ടു സ്റ്റോപ്പിൽനിന്നും റോഡിലേക്ക് നീണ്ട കൈകളൊന്നും വകവെക്കാതെ കാൽ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടിയിട്ടുണ്ട്.

ഞങ്ങളുടെ വിശേഷം പറച്ചിൽ തുടരുന്നു. 

വിമാനയാത്ര എങ്ങനെയുണ്ടായിരുന്നു? 

വലിയ വിമാനമാണോ? 

കുലുക്കമുണ്ടായിരുന്നോ? 

എത്രയാണ് ടിക്കറ്റ് വിലയെന്നുള്ള വ്യത്യസ്തമായ ചോദ്യങ്ങൾ എനിക്ക് നേരെ നീണ്ടപ്പോൾ ഇദ്ദേഹം വിമാനത്തിൽ കയറാൻ പേടിയുള്ള ആളാണെന്നു ഞാൻ സ്വയം വിലയിരുത്തി. കൂട്ടത്തിൽ മലേഷ്യൻ പ്രകൃതിഭംഗിയൊക്കെ ചോദിച്ചറിഞ്ഞ മൂപ്പരെ അവിടെത്തെ വിശേഷങ്ങൾ ആനയോളമാക്കി ഒരു ട്രിപ്പടിപ്പിക്കാനുള്ള ഊർജ്ജമൊക്കെ കൊടുത്തപ്പോളെക്കും ഞങ്ങളങ്ങു തൃശൂരുമെത്തി. ക്ഷീണം മാറ്റി യാത്ര തുടർന്നു. 

ഇടവേളയ്ക്കു ശേഷം മൂപ്പരോടായി ചോദ്യങ്ങൾ. നിങ്ങൾ എവിടുന്നാ വരുന്നേ? 

ഹോങ്കോങ് വരെ പോയതായിരുന്നു..

അവിടെയാണോ ജോലി?

അല്ല ..

(എവിടെയാണ് ജോലിയെന്ന് പറയാനാഗ്രഹിക്കാത്ത മറുപടി കേട്ടപ്പോൾ ഞാനും ഒന്നും മിണ്ടിയില്ല) 

ഒരു ഇന്റർവ്യൂക്ക് പോയി വരികയാണ്. 

(തൊഴിലില്ലായ്‌മയെ തോൽപ്പിക്കാൻ പോയതാവുമെന്നു കരുതി ഞാൻ തലയാട്ടി).

മൂപ്പരുടെ രൂപവും ഭാവവുമൊക്കെ കണ്ടിട്ട് ഒരു സെയിൽസ്മാൻ ഇന്റർവ്യൂയാവുമെന്നു ഞാൻ ഉറപ്പിച്ചു.

റിസൾട്ട് വന്നോ ബ്രോ ?

ഇല്ല .. പ്രതീക്ഷയുണ്ട്.

(ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി മൂപ്പരുടെ ജോലി ചോദിക്കുന്നതിൽ തെറ്റില്ല). നിങ്ങൾക്കെന്താ ജോലി?

ചോദ്യം കേട്ട് ഇളം പുഞ്ചിരിയോടെ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു ഞാൻ ഒരു "പൈലറ്റ്" ആണ് ബ്രോ.

അത് കേട്ട എനിക്ക് കുറച്ചു നേരത്തേക്ക് ഒരു നെടുവീർപ്പിടേണ്ടി വന്നു. 

ചെറുപ്പം മുതൽ അട്ടിയിട്ട ചോദ്യാവലി സടകുടഞ്ഞെഴുന്നേറ്റു. ആർത്തിയോടെ ഞാൻ പറഞ്ഞു. കുറെ കാലങ്ങളായി മലപോലെയുള്ള എന്റെ സംശയങ്ങൾ ദൂരീകരിച്ചു തരണം. അത് കേട്ടപ്പോൾ ആ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. നീ ചോദിക്ക് ബ്രോ...

അവിടന്നങ്ങോട്ട് വിമാനം സ്റ്റാർട്ടാക്കുന്നതുമുതൽ എമർജൻസി ലാൻഡിംഗ് വരെയുള്ള ഓരോ ചോദ്യത്തിനും നല്ല ഒന്നാന്തരം മലപ്പുറം ഭാഷയിൽ മറുപടി തന്ന പൈലറ്റ് ബ്രോയെ ഞാൻ അടിമുടി നോക്കികൊണ്ടിരിക്കുകയാണ്.  ആഗ്രഹങ്ങളെ പേടികൊണ്ട് കാറ്റിൽ പറത്തിയ എന്നിൽ നിന്നും വ്യത്യസ്തമായി ചെറുപ്പം മുതൽ വൈമാനികനാവാനുള്ള ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് വായുവിൽ പറപ്പിച്ചവനായിരുന്നു ആ മലയാളി. ഇന്ത്യൻ വായുസേന ഉയരക്കുറവുമൂലം പിൻതള്ളപ്പെട്ടപ്പോളും നിരാശനാവാതെ ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്‌കോളർഷിപ്പോടെ ലണ്ടനിൽ പോയി പഠിച്ച് ലൈസൻസ് നേടിയ മിടുക്കനോടൊപ്പം അപ്രതീക്ഷിതമായി കിട്ടിയ യാത്രയവസാനിക്കരുതേയെന്നു പ്രാർത്ഥിച്ചു പോയി. ജാഡയെന്ന രണ്ടക്ഷരം തൊട്ടുതീണ്ടാത്ത പച്ചയായ മനുഷ്യൻ. ഒൻപത് വർഷത്തോളമായി ദക്ഷിണാഫ്രിക്കയിലെ ഒരു വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഏതെങ്കിലും ഏഷ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ് ആ ചെറുപ്പക്കാരൻ. മാസത്തിൽ vvvഏvഴുv ദീർഘദൂര സർവീസുകൾ മാത്രം നിയന്ത്രിച്ച് ബാക്കി ദിവസങ്ങളിൽ പുസ്തക വായന ശീലമാക്കികൊണ്ടിരിക്കുന്ന പൈലറ്റിനോട് ഇഷ്ടപെട്ട പുസ്തകത്തിന്റെ പേര് ചോദിച്ചപ്പോൾ "കിസേബി" യെന്ന ഉത്തരം കേട്ട് ഞാൻ വീണ്ടും ഞെട്ടി. "കിസേബി" പിറന്നത് എന്റെ കൂടപ്പിറപ്പിന്റെ കൈകളിൽ നിന്നാണെന്നു പറഞ്ഞപ്പോൾ മൂപ്പരും ഞെട്ടി. സത്യത്തിൽ ഒരു ഞെട്ടൽ യാത്ര. അപ്പോളേക്കും അദ്ദേഹത്തെ പുറകിൽ വന്നു   

കണ്ടക്ടർ തട്ടിയപ്പോളാണ് കക്കാട് എത്തിയതറിഞ്ഞത്. ബസിറങ്ങി ഒരു സാധാരണക്കാരനായി കക്കാട് അങ്ങാടിയിലുള്ള ഓട്ടോയെ ലക്ഷ്യമാക്കി നീങ്ങുന്ന പൈലറ്റ് ബ്രോയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

വർഷങ്ങളായുള്ള എന്റെ വിമാനത്തിനോടുള്ള പ്രണയത്തിൽ നിന്നും രൂപപ്പെട്ട  സംശയങ്ങളുടെ കൂമ്പാരങ്ങൾ അവിചാരിതമായി  ഒരൊറ്റയിരിപ്പിന് തീർന്നിരിക്കുന്നു. സംശയങ്ങൾ ദൂരീകരിക്കാൻ എന്റെ പൈലറ്റ് ബ്രോ വിരൽ തുമ്പിലുണ്ടെന്ന ആത്മവിശ്വാസത്തിൽ ശക്തിയായ വിമാന പ്രണയം തുടരുന്നു. 

ഗുണപാഠം: ആഗ്രഹങ്ങൾ അധ്വാനിച്ച് നേടിയെടുക്കാനുള്ളതാണ്.

അത് തിരിച്ചറിയാൻ വർഷങ്ങൾക്കുശേഷമുള്ള ഒരു ബസ് യാത്ര വേണ്ടി വന്നു. നായകൻ സ്വന്തം നാട്ടുകാരൻ കൂടിയായപ്പോൾ വർഷങ്ങളായി ചുമന്ന ചോദ്യാവലിയും മന്ദഹസിക്കാൻ തുടങ്ങി.

vvvvvvvv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com